MA Baby: 'അദ്ദേഹം പണ്ട് മുതലേ അങ്ങനെയാണ്'; കളിയാക്കുന്നവര്‍ക്കു മറുപടിയുമായി സോഷ്യല്‍ മീഡിയ
താന്‍ ഭക്ഷണം കഴിക്കുന്ന പാത്രം കഴുകിവയ്ക്കുന്ന ശീലം എം.എ.ബേബിക്കു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും പറയുന്നത്
Updated: Thu, 22 Jan 2026 (07:00 IST)
MA Baby: ഗൃഹസന്ദര്‍ശനത്തിനിടെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഭക്ഷണം കഴിച്ച പാത്രം കഴുകിവയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കോണ്‍ഗ്രസ്, ലീഗ് അനുകൂല സൈബര്‍ ഹാന്‍ഡിലുകള്‍ എം.എ.ബേബിയെ പരിഹസിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുന്നു.
താന്‍ ഭക്ഷണം കഴിക്കുന്ന പാത്രം കഴുകിവയ്ക്കുന്ന ശീലം എം.എ.ബേബിക്കു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഉണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും പറയുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ചിത്രങ്ങള്‍ സഹിതമാണ് എം.എ.ബേബിയുടെ ഈ ശീലത്തെ കുറിച്ച് പലരും പറഞ്ഞുവെച്ചിരിക്കുന്നത്.
' ഇന്ന് സഖാവ് എം.എ.ബേബി ഗൃഹസന്ദര്‍ശനത്തിനിടയില്‍ ഒരു വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച പാത്രം കഴുകുന്നതിനെ പലരും കളിയാക്കുന്നത് കണ്ടു. ഇത് 2016 ല്‍ എന്റെ വീട്ടില്‍ സഖാവ് വന്നപ്പോഴുള്ള ഫോട്ടോയാണ്. ഇത് അദ്ദേഹത്തിന്റെ സ്ഥിരം ശീലമാണ്' എന്നാണ് പ്രജോഷ് എന്നയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഇതുപോലെ നിരവധി പോസ്റ്റുകള്‍ കാണാം.