ഈ പണം ആരുടേതാണ്? നോട്ടു നിരോധന സമയത്ത് അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്ക് വൻ‌തുക മാറിയെടുത്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് തോമസ് ഐസക്

Sumeesh| Last Modified വെള്ളി, 22 ജൂണ്‍ 2018 (18:18 IST)
നോട്ടു നിരോധന സമയത്ത് ഏറ്റവുമധികം നോട്ടുകൾ മാറിയെടുത്തത് ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ സഹകരണ ബാങ്ക് എന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്.

മഞ്ഞപ്പിത്തം പിടിച്ചവര്‍ക്ക് കാണുന്നതൊക്കെ മഞ്ഞയായിത്തോന്നുമെന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് തെളിയിക്കുകയാണ് അമിത് ഷായും ബിജെപിയും. നോട്ടുനിരോധനത്തിനുശേഷം കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് ബിജെപിക്കാര്‍ എന്ന് പറഞ്ഞാണ് തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

നോട്ടു മാറാന്‍ ഈ ബാങ്കുകള്‍ക്ക് സൌകര്യം ചെയ്തുകൊടുത്ത ശേഷമാണ് റിസര്‍വ് ബാങ്ക് മറ്റു സഹകരണ ബാങ്കുകള്‍ക്ക് ഇതു സംബന്ധിച്ച നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിച്ച നോട്ടുകള്‍ മാറാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത് നവംബര്‍ 14നാണ്. അപ്പോഴേയ്ക്കും ബിജെപി നിയന്ത്രണത്തിലുള്ള രണ്ടു സഹകരണ ബാങ്കുകള്‍ മാത്രം 1438 കോടി രൂപ മാറിക്കഴിഞ്ഞിരുന്നു. എന്ന് തോമസ് ഐസക് പറയുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഞ്ഞപ്പിത്തം പിടിച്ചവര്‍ക്ക് കാണുന്നതൊക്കെ മഞ്ഞയായിത്തോന്നുമെന്ന പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് തെളിയിക്കുകയാണ് അമിത് ഷായും ബിജെപിയും. നോട്ടുനിരോധനത്തിനുശേഷം കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയവരാണ് ബിജെപിക്കാര്‍. അതിനു പ്രചരിപ്പിച്ച കാരണമോ? സഹകരണബാങ്കുകള്‍ കള്ളപ്പണത്തിന്റെ കൂടാരങ്ങളാണെന്ന ആക്ഷേപം. ഇപ്പോഴിതാ വാര്‍ത്ത പുറത്തു വരുന്നു, നോട്ടുനിരോധനത്തിനുശേഷം നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഏറ്റവുമധികം മാറിക്കൊടുത്തത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേതൃത്വം കൊടുക്കുന്ന അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്. നവംബര്‍ 8 മുതല്‍ 14 വരെ കൈമാറിയത് 745.59 കോടി രൂപ. രണ്ടാം സ്ഥാനം രാജ്‌കോട്ടിലെ ജില്ലാ സഹകരണ ബാങ്കിന്. ഗുജറാത്തിലെ ബിജെപി മന്ത്രി ജയേഷ് ഭായി രാദാദിയ ചെയര്‍മാനായ ബാങ്ക് ഇക്കാലയളവില്‍ മാറിയത് 693 കോടി രൂപ.

നോട്ടു മാറാന്‍ ഈ ബാങ്കുകള്‍ക്ക് സൌകര്യം ചെയ്തുകൊടുത്ത ശേഷമാണ് റിസര്‍വ് ബാങ്ക് മറ്റു സഹകരണ ബാങ്കുകള്‍ക്ക് ഇതു സംബന്ധിച്ച നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധിച്ച നോട്ടുകള്‍ മാറാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത് നവംബര്‍ 14നാണ്. അപ്പോഴേയ്ക്കും ബിജെപി നിയന്ത്രണത്തിലുള്ള രണ്ടു സഹകരണ ബാങ്കുകള്‍ മാത്രം 1438 കോടി രൂപ മാറിക്കഴിഞ്ഞിരുന്നു.

ഈ പണം ആരുടേതാണ്? അതന്വേഷിക്കണം. നോട്ടുനിരോധനത്തിന്റെ മറവില്‍ നടന്ന ദുരൂഹമായ അനേകം ഇടപാടുകളുടെ ഒരു ചെറിയ തുമ്പു മാത്രമാണ് പുറത്തു വന്നിരിക്കുന്നത്. അമിത് ഷായും ജയേഷ് ഭായ് റദാദിയയും നേതൃത്വം നല്‍കിയിരുന്ന ബാങ്കുകളില്‍ നോട്ടുനിരോധനത്തിനുശേഷം നടന്ന ഇടപാടുകളെക്കുറിച്ച് സമഗ്രമായ പരിശോധന നടത്തണം. കെവൈസി നിബന്ധനകള്‍ പാലിച്ചുകൊണ്ടാണോ ഈ അക്കൌണ്ടുകള്‍ പരിപാലിക്കപ്പെടുന്നത് എന്ന് ആര്‍ബിഐ പരിശോധിക്കണം.

ബിജെപി നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ എന്താണ് നടക്കുന്നത് എന്ന് അടുത്തറിയാവുന്നത് ബിജെപിക്കാര്‍ക്കാണ്. അതുപോലെ തന്നെയാണ് കേരളത്തിലെ ബാങ്കുകളും എന്നവര്‍ ഉറപ്പിച്ചു. തുടര്‍ന്നാണ് അവര്‍ കേരളത്തിന്റെ നട്ടെല്ലായ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ അവര്‍ നീചമായ നുണപ്രചരണം അഴിച്ചുവിട്ടത്. അതുമാത്രമല്ല, കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ഈ ബാങ്കുകളെ തകര്‍ക്കാനും ശ്രമിച്ചു. കേരളം ഒറ്റക്കെട്ടായി നടത്തിയ പ്രതിഷേധത്തിന്റെ മുന്നിലാണ് ആ നീക്കം പരാജയപ്പെട്ടത്.

കേരളത്തിലെ ബാങ്കുകളെക്കുറിച്ചുള്ള ബിജെപിയുടെ കുപ്രചരണം അക്ഷരംപ്രതി തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. തിരിച്ചും മറിച്ചും അന്വേഷിച്ചിട്ടും കേരളത്തിലെ സഹകരണ ബാങ്കുകളെ കുരുക്കാനുള്ള ഒരു പഴുതും ആര്‍ക്കും ലഭിച്ചില്ല. എന്നാല്‍ നോട്ടുനിരോധനത്തിന്റെ ആരവമൊടുങ്ങിയപ്പോള്‍ പ്രതിക്കൂട്ടില്‍ ബിജെപി നേതാക്കള്‍ നേതൃത്വം നല്‍കുന്ന ബാങ്കുകളായി. ആ ബാങ്കുകളില്‍ നടന്ന ഇടപാടുകളെക്കുറിച്ചുള്ള സമഗ്രാന്വേഷണമാണ് ഇനി വേണ്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :