ചായ കുടിച്ച് തൂക്കം കുറയ്ക്കാം, പക്ഷേ ഉറക്കം പോകും

vishnu| Last Updated: വ്യാഴം, 29 ജനുവരി 2015 (15:06 IST)
തേയിലയുപയോഗിച്ച് തയാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കില്‍ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തും തയാറാക്കാം. ചൈനയിലാണ്‌ ചായയുടെ ഉത്ഭവമെന്ന്‌ പൊതുവേ വിശ്വസിക്കപ്പെടുന്നു. മിക്കവാറും ഏഷ്യന്‍ ഭാഷകളില്‍ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്. ചാ എന്ന ചൈനീസ് വാക്കില്‍ നിന്നാണ്‌ ഈ പേരിന്റെ ഉല്‍ഭവം. ലോകത്ത് ഏറ്റവും കൂടുതല്‍ കഴിക്കുന്ന പാനീയമാണ് ചായ. ആദ്യമേ പറയട്ടെ ചായ കുടിച്ചില്ലെങ്കിലും നമുക്ക് കുഴപ്പമൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ കുടിക്കുന്നതുകൊണ്ട്, ഗുണവും ദോഷവുമുണ്ട്.

ചായയ്ക്ക് രുചിഭേദങ്ങളും ഏറെയുണ്ട്, കട്ടന്‍ ചായ മുതല്‍ ഗ്രീന്‍ ടീ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഏലയ്ക്ക ചായ, ഇഞ്ചി ചേര്‍ത്ത ജിഞ്ചര്‍ ടീ എന്നിവ ഇതില്‍ ചിലതു മാത്രം. ഇലകള്‍ ഉണക്കി ആവി കയറ്റിയാണ് ഗ്രീന്‍ ടീ തയാറാക്കുന്നത്. സാധാരണ ചായ പോലെ അധിക സംസ്കരണ പ്രക്രിയകള്‍ ഇല്ലാതെയാണ് ഇത് തയാറാക്കുന്നത്. അതിനാല്‍ ചായയില്‍ നിന്നും ആന്റിഓക്സിഡന്റായ കാറ്റെച്ചിനും അതിലെ തന്നെ പ്രധാന ഘടകമായ എപിഗാലോ കാറ്റെച്ചിന്‍ -3 ഗാലെറ്റ് (ഇജിസിജി) കൂടുതലായി കാണപ്പെടും. ഇഞ്ചി ചേര്‍ത്ത ചായയുടെ ഗുണവശങ്ങള്‍ പറയാന്‍ ഏറെയുണ്ട്. ചായയില്‍ ഇഞ്ചി ചേര്‍ത്തുണ്ടാക്കുമ്പോള്‍ ഇത് ഹെര്‍ബല്‍ ചായയായി മാറുകയാണ് ചെയ്യുന്നത്. ആയുര്‍വേദ പ്രകാരം ഇഞ്ചിച്ചായ കുടിച്ചാല്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയും. ഈ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ മാറാനും ഇത് സഹായിക്കും

കേരളത്തിലേതില്‍ നിന്നും വ്യത്യസ്തമായി ഉത്തരേന്ത്യയില്‍ ചായയില്‍, ഇഞ്ചി പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ക്കുന്നത് പതിവാണ്‌. കേരളത്തിലെ ചായ പാല്‍, വെള്ളം എന്നിവ സമ അനുപാതത്തിലാണെങ്കില്‍ തമിഴ്‌നാട്ടില്‍ പാല്‍ കൂടുതലായാണ് ഉപയോഗിക്കാറ്. കര്‍ണ്ണാടകയില്‍ പാലില്‍ പൊടിയിട്ട് കഴിക്കുന്ന രീതിയാണെങ്കിലും ചായ ഒരു ഗ്ലാസ്സിന്റെ പകുതിയാണ് ഉണ്ടാവുക. പാല്‍ ചേര്‍ക്കാത്ത ചായയാണ് കട്ടന്‍ ചായ എന്ന പേരില്‍ അറിയപെടുന്നത്. കേരളത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കട്ടന്‍ ചായ സുലൈമാനി എന്ന പേരിലും അറിയപ്പെടുന്നു. ഈ ജില്ലകളില്‍ കല്യാണത്തിന് ഭക്ഷണത്തിന് ശേഷം ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നു ആണ് ചെറുനാരങ്ങനീര്‍ ചേര്‍ത്ത കട്ടന്‍ ചായ. ഇംഗ്ലീഷില്‍ ബ്ലാക്ക്‌ ടീ എന്ന് ആണ് അറിയപ്പെടുന്നത്. മറ്റു ചായകളെ അപേഷിച്ചു ശരീരത്തിന് ഗുണകരമായ ആന്റി ഓക്സിഡന്റ്സ് കട്ടന്‍ ചായയില്‍ കൂടുതല്‍ ആണ്.

ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായകുടിക്കുന്നത്‌ സഹായിക്കുമെന്നാണ്‌ ഗവേഷണങ്ങള്‍ പറയുന്നത്‌. ഇതില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡൈസ്‌ഡ്‌ ആകുന്നതില്‍ നിന്നും എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ തടയാന്‍ സഹായിക്കും. രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യും. എന്‍ഡോതീലിയല്‍ വാസ്‌കോമോട്ടോര്‍ തകരാര്‍ മൂലമുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ കുറയ്‌ക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത്‌ സഹായിക്കും. രക്തം കട്ടപിടിക്കുക, രക്തധമനി വികസിക്കുക പോലുളള പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ഫ്‌ളേവനോയിഡ്‌സ്‌ വളരെ ഫലപ്രദമാണ്‌. ഹൃദയപേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്‌ക്കാന്‍ മാംഗനീസും പോളിഫിനോള്‍സും സഹായിക്കും.

കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത്‌ തടയാന്‍ സഹായിക്കും. ഇത്‌ പ്രോസ്‌റ്റേറ്റ്‌, കുടല്‍, ഗര്‍ഭാശയം, മൂത്ര നാളി എന്നിവിടങ്ങളിലെ അര്‍ബുദ സാധ്യത തടയും. കട്ടന്‍ ചായ സ്‌തനാര്‍ബുദം, പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവ തടയാന്‍ സഹായിക്കും. ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്‌2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ്‌ പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്‌ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും.

അര്‍ബുദം, ആതെറോസ്‌ക്ലീറോസിസ്‌, രക്തം കട്ടപിടിക്കല്‍ തുടങ്ങി നിരവധി ഹാനികള്‍ ശരീരത്തിലുണ്ടാവാന്‍ സ്വതന്ത്രറാഡിക്കലുകള്‍ കാരണമാകും. അനാരോഗ്യകരമായ ആഹാരങ്ങള്‍ കഴിക്കുന്നത്‌ ശരീരത്തില്‍ സ്വതന്ത്രറാഡിക്കലുകളുടെ എണ്ണം ഉയരാന്‍ കാരണമാകും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഇത്തരം സ്വതന്ത്ര റാഡിക്കലുകളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും വിവിധ തരം രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. ഇത്തരം പ്രതിരോധത്തിന്‌ കട്ടന്‍ ചായ വളരെ മികച്ചതാണ്‌.

രോഗം ഉണ്ടാക്കുന്ന വിവിധ തരം ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്നതിന്‌ രോഗ പ്രതിരോധ സംവിധാനം ശക്തമായിരിക്കേണ്ടതുണ്ട്‌. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന്‌ പകര്‍ച്ചപ്പനി,ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്‌. അര്‍ബുദത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന കാര്യത്തില്‍ കാറ്റെചിന്‍ എന്ന തരം ടാന്നിന്‍ പ്രശസ്‌തമാണ്‌. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ്‌ രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം 3-4 കപ്പ്‌ കട്ടന്‍ ചായ കുടിക്കുന്നത്‌ നീരുവരുന്നത്‌ തടയാനും അപകടകാരികളായ രോഗാണുക്കളെ ചെറുക്കാനും സഹായിക്കും.

കട്ടന്‍ ചായയില്‍ കാണപ്പെടുന്ന കാറ്റെച്ചിന്‍ വായിലെ അര്‍ബുദം കുറയ്‌ക്കാന്‍ സഹായിക്കും. ടാന്നിന്‍, പോളിഫിനോള്‍സ്‌ എന്നിവയില്‍ അടങ്ങിയിട്ടുള്ള ആന്റിബയോട്ടിക്‌സ്‌ പല്ലുകള്‍ക്ക്‌ തകരാറുണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളൂറോയിഡ്‌ വായ്‌ നാറ്റം അകറ്റുകയും വായ്‌ക്കുള്ളിലുണ്ടാകുന്ന അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. രണ്ട്‌ കപ്പ്‌ കട്ടന്‍ ചായ വായുടെ ആരോഗ്യത്തിനാവശ്യമായ ഫ്‌ളൂറോയിഡ്‌ ലഭ്യമാക്കും.










ചായ കുടിച്ചാല്‍ ദോഷങ്ങള്‍ ഏറെയുണ്ട്...
വായിക്കുക




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :