'Malik' Movie Review | പതിവ് തെറ്റിക്കാതെ ഫഹദ് ഫാസില്‍, പച്ചയായ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച, മാലിക് റിവ്യൂ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂലൈ 2021 (08:55 IST)

'ടേക്ക് ഓഫ്','സി യു സൂണ്‍' തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിനു ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക് പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ ഉള്ള പ്രതീക്ഷ തെറ്റിച്ചില്ല. വീണ്ടുമൊരു ഫഹദ് ഫാസില്‍ മാജിക്. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ സംവിധായകന്റെ ഭാവനയും കൂടി ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രം വെറുതെ കണ്ടു തീര്‍ക്കേണ്ട സിനിമയല്ല.പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതങ്ങളിലേക്ക് നമ്മളെ മാലിക് കൂട്ടിക്കൊണ്ടുപോകും. കടലോരത്ത് ജീവിക്കുന്ന ജനങ്ങളുടെയും ന്യൂനപക്ഷ സമുദായത്തിനെതിരെ നടക്കുന്ന അനീതികള്‍ക്കെതിരെ പോരാടുന്ന ആളാണ് മാലിക്.

മാലിക് എന്ന സിനിമ പറയുന്നത്

ഒരു ഘട്ടത്തില്‍ ജീവിതം തന്നെ ഇല്ലാതാകും എന്ന് സമയം വരുമ്പോള്‍ സുലൈമാന്‍ മാലിക്കിന്റെ കുടുംബത്തിന് അഭയം നല്‍കിയ സ്ഥലമാണ് റമദാപള്ളി. അതിനുശേഷം പള്ളിക്ക് വേണ്ടി ജീവിക്കുന്ന മാലിക്കിനെ കാണാനാകും. പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരം കണ്ടെത്തുന്ന മാലിക് റമദാപള്ളിക്കാര്‍ക്കും വേണ്ടപ്പെട്ട ആളാണ്. ഒരു സാധാരണക്കാരന്‍ മാത്രമായ മാലിക്കിനെ റമദ പള്ളിയുടെ ദൈവതുല്ല്യനായ നേതാവിലേക്കുള്ള യാത്ര കൂടിയാണ് സിനിമ.

ആരാണ് സുലൈമാന്‍ മാലിക് ?

ഒരു സാധാരണക്കാരനായ മനുഷ്യന്‍. ജനങ്ങളുടെ അല്ലി ഇക്ക. റമദപ്പള്ളി പ്രദേശത്തെ നേതാവാണ് വേണമെങ്കില്‍ പറയാം. ഹജ്ജിലേക്ക് പോകാന്‍ തീരുമാനിക്കുന്ന മാലിക്കിനെ വിമാനത്താവളത്തില്‍ തടയും. മുമ്പ് ചെയ്ത ഒരു കുറ്റമാണ് കാരണം. പോലീസുകാര്‍ അയാളെ കൊല്ലാന്‍ പദ്ധതി ഇടുമ്പോള്‍ അത് ഏതുവിധേനയും തടയാനുള്ള ഉള്ള ശ്രമത്തിലാണ് ഭാര്യ റോസ്ലിന്‍( നിമിഷ സജയന്‍). മാലിക്കിന്റെ ബാല്യം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള കാലം സിനിമയില്‍ കാണിക്കുന്നു. മികച്ച പ്രകടനം തന്നെയാണ് ഫഹദ് പുറത്തെടുത്തത്.
നിമിഷയും മറ്റു കഥാപാത്രങ്ങളും

റോസ്ലീന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്. ഓരോ സിനിമകളും നടി തന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാറുണ്ട് . തന്റെ പ്രായത്തെക്കാള്‍ ഇരട്ടി പ്രായമുള്ള കഥാപാത്രത്തെ പക്വതയോടെയാണ് നിമിഷ അവതരിപ്പിച്ചത്.വിനയ് ഫോര്‍ട്ടും ദിലീഷ് പോത്തനും ചെറിയ വേഷത്തില്‍ എത്തുന്ന ജോജുവും അടക്കം ഓരോരുത്തരുടെയും മത്സരിച്ചുള്ള അഭിനയമാണ് കാണാനാകുന്നത്. കുറച്ചു കാലത്തിനു ശേഷം ശക്തമായ ഒരു കഥാപാത്രത്തെ നടി ജലജയും അവതരിപ്പിക്കുന്നുണ്ട്. സലിം കുമാര്‍, ദിനേഷ് പ്രഭാകര്‍, മാലാപാര്‍വ്വതി, ദിവ്യപ്രഭ, അപ്പാനി ശശി, ഇന്ദ്രന്‍സ്, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണന്‍

സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, പശ്ചാത്തലസംഗീതം എന്നിവയെല്ലാം മികവ് പുലര്‍ത്തി.സാനു ജോണ്‍ വര്‍ഗീസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും സുഷിന്‍ ശ്യാമാണ് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കി.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

റേറ്റിംഗ് 4/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :