മഴയും ലൈംഗികതയും

WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (14:52 IST)
PRO
മഴയും ലൈംഗികതയും തമ്മിലുള്ള കാല്പനിക ബന്ധം നമ്മുടെ സാഹിത്യ - സിനിമാ പ്രതിഭകള്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്ന സംഗതിയാണ്. മഴയുടെ പശ്ചാത്തലത്തിലുള്ള രതി എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ക്ക് ആവേശമായി മാറി. ഭരതന്‍ - പത്മരാജന്‍ ചിത്രങ്ങളില്‍ മഴയും രതിയും കൂടിക്കുഴഞ്ഞു വരുന്നു.

എന്തുകൊണ്ടാണ് ആണ്‍ - പെണ്‍ സംയോഗത്തിന്‍റെ ഏറ്റവും ശക്തമായ അടയാളമായി മാറുന്നത്? രതിയുടെ മായിക സൌന്ദര്യത്തിന് മാറ്റുകൂട്ടാന്‍ മഴയുടെ പശ്ചാത്തലത്തിന് കഴിയുന്നതെന്തുകൊണ്ടാണ്? മഴ ഒരു ശക്തിയും ആവേശവുമായി മാറുന്നതെന്തുകൊണ്ടാണ്?

ഈ ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരം ലഭ്യമല്ലെങ്കിലും, മനുഷ്യ മനസിനെ ഏറ്റവും ഉത്തേജിപ്പിക്കുന്ന പ്രതിഭാസമാണ് മഴയെന്നത് സത്യം. മഴയ്ക്ക് ഓരോ സമയത്തും ഓരോ വികാരമാണ്. പ്രണയത്തിന് ഏറ്റവും നല്ല കൂട്ട് മഴയാണ്. ദുഃഖത്തിന് ഏറ്റവും ആഴം നല്‍കുന്ന താളമാണ് മഴയുടേത്. സന്തോഷിക്കുമ്പോള്‍ മഴ പെയ്താല്‍ അത് ആനന്ദമഴയായി മാറും. എന്നാല്‍, രതിയുടെ കാര്യത്തില്‍ മഴയുടെ വശ്യസൌന്ദര്യം അതിലുമെത്രയോ ഇരട്ടിയാണ്.

മുറിക്ക് പുറത്ത് മഴ പെയ്യുമ്പോള്‍, ഇണചേരുന്ന പുരുഷന്‍ കൂടുതല്‍ കരുത്തനും സ്ത്രീ കൂടുതല്‍ തരളിതയും ആകുന്നു. സ്ത്രീയുടെ ശരീരം ചൂടേറിയ ഭൂമി പോലെയാണെന്ന് പറയാറുണ്ട്. മഴയില്‍ അത് തണുക്കുന്നു. പുറത്ത് മഴ പെയ്ത് തകര്‍ക്കുമ്പോള്‍ നനയാതെ തന്നെ നനഞ്ഞ അനുഭവമാണ് സ്ത്രീയ്ക്ക് ഉണ്ടാകുന്നത്. തണുത്ത കാറ്റിന്‍റെ സ്പര്‍ശവും മഴ ഭൂമിയില്‍ പതിക്കുന്ന ശബ്ദവും സ്ത്രീയെ വികാരവതിയാക്കുന്നു.

പുരുഷ ശരീരം മഴയത്ത് ഉണരുകയാണ്. അപ്പോള്‍ അതിന് പതിന്‍‌മടങ്ങ് ശക്തിയാണ്. മഴത്താളവും തണുപ്പും അവന്‍റെ വികാരകോശങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നു. അവന്‍റെ കരങ്ങളിലേക്ക് വലിയ ഊര്‍ജ്ജപ്രവാഹമുണ്ടാകുന്നു. സ്ത്രീശരീരത്തെ പുണരുമ്പോള്‍ അവന്‍റെ കാതുകളില്‍ മഴയുടെ ഭ്രാന്തമായ സംഗീതമാണ്. പിന്നണിയിലെ മഴപ്പാട്ടിന്‍റെ ആവേശം സ്ത്രീയുടെ ചുണ്ടുകളിലും കണ്ണുകളിലുമാണ് പുരുഷന്‍ ആദ്യം തിരിച്ചറിയുന്നത്.

കാര്‍മേഘം ഇരുണ്ടുമൂടിയ ആകാശവും പുരുഷനെയും സ്ത്രീയെയും പ്രകോപിപ്പിക്കുന്നതാണ്. മഴയ്ക്കൊപ്പം ഉണ്ടാകുന്ന ഇരുട്ടില്‍ പരസ്പരം പുണര്‍ന്നമരുമ്പോഴാണ് രതി ഒരു സ്വര്‍ഗീയാനുഭവമായി മാറുന്നതെന്ന് അനുഭവസ്ഥര്‍ സാക്‍ഷ്യപ്പെടുത്തുന്നു. വിവാഹം മണ്‍സൂണ്‍ കാലത്താണെങ്കില്‍ ‘ഭാഗ്യമുള്ളവര്‍‍’ എന്ന് സുഹൃത്തുക്കള്‍ കളിയാക്കിച്ചിരിക്കുന്നത് വെറുതെയല്ല. രാത്രി എങ്ങനെ രതിയെ പ്രോത്സാഹിപ്പിക്കുന്നുവോ അതേ തോതിലാണ് മഴയും രതി ആനന്ദാനുഭൂതിയാക്കി മാറ്റുന്നത്.

മഴ നിഗൂഢമായ ഒരു അവസ്ഥയാണ്. അതില്‍ മറഞ്ഞിരിക്കുന്നത് എന്തൊക്കെ വിചിത്രമായ ഭാവങ്ങള്‍. പ്രണയത്തിന്‍റെയും സംഭോഗത്തിന്‍റെയും മൂര്‍ത്തമായ, ഇനിയും തിരിച്ചറിയേണ്ട സ്വരൂപങ്ങളെ ഗവേഷണം ചെയ്യുക തന്നെ സുഖം പകരുന്ന ഒരു പ്രക്രിയയാകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :