കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാര്‍ക്ക് ആഹാരക്രമം, വ്യായാമം, ബന്ധപ്പെടലിന്റെ ഇടവേള തുടങ്ങി എത്രത്തോളം ഉപദേശങ്ങളായിരിക്കും ലഭിച്ചിട്ടുണ്ടാവുക. എന്നാല്‍, കുഞ്ഞിക്കാലൊച്ച കേള്‍ക്കാന്‍ വേണ്ടി അനുവര്‍ത്തിക്കേണ്ട ലൈംഗിക ജീവിതക്രമത്തെ കുറിച്ച് പുറത്തു വന്ന ഏറ്റവും പുതിയ പഠനം നിങ്ങളെ അല്‍പ്പമൊന്ന് അമ്പരിപ്പിച്ചേക്കും.എല്ലാ ദിവസവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് സിഡ്നി ഐവിഎഫ് ക്ലിനിക്കിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ബീജത്തിന്റെ ഗുണം മാത്രമല്ല ചലനശേഷിയും വര്‍ദ്ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അണ്ഡവിക്ഷേപണം നടക്കുന്നത് വരെ സ്ഥിരമായി ഒരാഴ്ച ദമ്പതികള്‍ ലൈംഗികബന്ധം പുലര്‍ത്തണമെന്നാണ് ഗവേഷണം നയിച്ച ഡോ.ഡേവിഡ് ഗ്രീനിംഗ് അഭിപ്രായപ്പെട്ടത്. എല്ലാ ദിവസവും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ വൃഷണത്തില്‍ നിന്നും ബീജങ്ങള്‍ പുറന്തള്ളപ്പെടുന്നു. ഇത് ഉത്പാദിപ്പിക്കപ്പെട്ട ബീജം ശരീരത്തില്‍ തന്നെ ശേഖരിക്കപ്പെടുന്നതിലൂടെ അതിന് ഉണ്ടാകാവുന്ന ഡിഎന്‍എ കുഴപ്പങ്ങള്‍ മറികടക്കാന്‍ സഹായിക്കും എന്നും ഗ്രീനിംഗ് പറയുന്നു. ആംസ്റ്റര്‍ഡാമില്‍ നടന്ന ‘യൂറോപ്യന്‍ സൊസൈറ്റി ഓഫ് ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ആന്‍ഡ് എംബ്രയോളജി കോണ്‍ഫറന്‍സില്‍” വച്ചാണ് ഗ്രീനിംഗ് പുതിയ കണ്ടെത്തലിനെ കുറിച്ച് വിശദീകരിച്ചത്.ദിവസേനയുള്ള ലൈംഗിക ബന്ധം ബീജങ്ങളുടെ എണ്ണം കുറച്ചേക്കാമെന്ന് നേരത്തെയുള്ള പഠനങ്ങള്‍ പറഞ്ഞിരുന്നു. സന്തുലിതമായ ഭക്ഷണ ക്രമം പിന്തുടര്‍ന്നാല്‍ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടായേക്കാം. കുട്ടികള്‍ക്കായി ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ കൊഴുപ്പും റെഡ് മീറ്റും ഒഴിവാക്കണം എന്നാണ് ഒരു സ്പാനിഷ് പഠനത്തില്‍ പറയുന്നത്. ഇവര്‍ പച്ചക്കറികളും പഴങ്ങളുമാണ് കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.ഓറഞ്ച്, കാരറ്റ് തുടങ്ങിയവ സ്ത്രീകളില്‍ അണ്ഡവിക്ഷേപണം നടത്താന്‍ ആവശ്യമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. ചിക്കന്‍ കഴിക്കുന്നത് അണ്ഡോത്പാദനം നടത്താന്‍ സഹായിക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. |