വ്യാപം തട്ടിപ്പ് , പ്രതിയായ നേതാവിനെ ബിജെപി പുറത്താക്കി

ഭോപ്പാല്‍| VISHNU N L| Last Modified വെള്ളി, 17 ജൂലൈ 2015 (13:10 IST)
മധ്യപ്രദേശിലെ വ്യാപം തട്ടിപ്പ് കേസില്‍ സിബിഐ പ്രതിചേര്‍ത്ത നേതാവിനെ ബിജെപി പുറത്താക്കി.മധ്യപ്രദേശ് പിന്നാക്ക വിഭാഗ, ന്യൂനപക്ഷ ക്ഷേമ കമ്മിഷന്‍ അംഗമായ ഗുലാം സിംഗ് കിരാരിനെയാണ് പാര്‍ട്ടി ഇന്നലെ പുറത്താക്കിയത്. ഇയാള്‍ക്കെതിരെ സിബിഐ ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇയാളെ പ്രതിചേര്‍ത്തിരുന്നു എങ്കിലും സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ബിജെപി നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.

സുപ്രീം കോടതി നിര്‍ദേശപ്രകാരം തിങ്കളാഴ്ചയാണ് സിബിഐ വ്യാപം കേസ് അന്വേഷണം ഏറ്റെടുത്തത്. കിരാറിനു പുറമെ ഇയാളുടെ മകന്‍ ഡോ. ശക്തി പ്രതാപ് സിംഗും ആരോപണ വിധേയനാണ്. 2011ല്‍ മെഡിക്കല്‍ പരീക്ഷയില്‍ ഡോ. ശക്തി പ്രതാപ് റാങ്ക് നേടിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന പൊതുപ്രവര്‍ത്തകനായ ആഷിഷ് ചതുര്‍വേദിയാണ് ഇതും പുറത്തുകൊണ്ടുവന്നത്. ശക്തി പ്രതാപിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

40 അംഗം സിബിഐ സംഘമാണ് കേസ് അന്വേഷണത്തിലുള്ളത്. ലക്ഷക്കണക്കിന് ആളുകള്‍ ഉള്‍പ്പെട്ട തട്ടിപ്പായതിനാല്‍ അതിവിപുലമായ അന്വേഷണമായിരിക്കും സബിഐ നടത്തുക. അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമോയെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഈ മാസം 24ന് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :