ന്യൂഡല്‍ഹി|
VISHNU N L|
Last Modified ബുധന്‍, 15 ജൂലൈ 2015 (18:47 IST)
ഭൂമി ഏറ്റെടുക്കല്‍ ബില്‍, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി തുടങ്ങിയവയ്ക്കെതിരെ സമരം നടത്താന്‍ അണ്ണാഹസാരെ ഒരുങ്ങുന്നു. ഡല്‍ഹി രാം ലീലാ മൈതാനിയില്‍ ഗാന്ധി ജയന്തി ദിനമായ ഒക്‌ടോബര്‍ രണ്ടിനാണ് സമരം ആരംഭിക്കുക. അനിശ്ചിതകാല നിരാഹാര സമരമാണ് ഹസാരെ നടത്താന്‍ പോകുന്നത്. ഹസാരെ നിരാഹാരം ആരംഭിക്കുമെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരാണ് മാധ്യമങ്ങളെ അറിയിച്ചത്.
ഭൂമി ഏറ്റെടുക്കല്‍ ബില്ലിന് എതിരെ ഹസാരെ മുമ്പ് പരസ്യമായി രംഗത്തെത്തിയിരുന്നു.വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രതിരോധ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്‌ഥരുമായി ഹസാരെ കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
രണ്ട് വിഷയങ്ങളില്‍ ജനഹിതമായ രീതിയില്‍ പരിഹാരം കാണുന്നതിന് ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഹസാരെ ആരോപിച്ചു. സൈന്യത്തില്‍നിന്നും പിരിയുന്ന ഉദ്യോഗസ്‌ഥര്‍ക്ക് ദുര്‍ഘടമായ ജീവിതം നയിക്കാന്‍ മാത്രമേ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി സഹായിക്കുകയുള്ളുവെന്നും അദ്ദേഹം ആരോപിച്ചു.