ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ടത് എങ്ങനെ? സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നിര്‍ദേശം നോക്കൂ

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 2 ജൂണ്‍ 2021 (10:25 IST)

രാജ്യത്ത് സമ്പൂര്‍ണമായി അടച്ചുപൂട്ടല്‍ ഇല്ലെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരുകയാണ്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ കുറവുണ്ട്. രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാമെന്ന് കേന്ദ്രം പറഞ്ഞു.

ചില ഉപാധികള്‍ കേന്ദ്രം മുന്നോട്ടുവയ്ക്കുന്നു. ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയുള്ള ജില്ലകള്‍, അപകട സാധ്യത കൂടിയ വിഭാഗത്തില്‍പ്പെട്ടവരുടെ 70 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാകല്‍, കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കല്‍ എന്നിവ പരിഗണിച്ചായിരിക്കണം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കേണ്ടതെന്ന് കേന്ദ്രം വ്യക്തമാക്കി. ഘട്ടംഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാല്‍ മതിയെന്നാണ് കേന്ദ്ര നിലപാട്. ഘട്ടംഘട്ടമായി ഇളവ് അനുവദിക്കുന്നത് രോഗികളുടെ എണ്ണത്തില്‍ വലിയൊരു കുതിച്ചുകയറ്റം ഒഴിവാക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :