‘എനിക്കെന്റെ മൂല്യങ്ങളും വിശ്വാസങ്ങളുമുണ്ട്; മോഡിയെക്കുറിച്ച് പറഞ്ഞത് നല്ല വാക്കുകള്‍’

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (15:07 IST)
മോഡിയെ പ്രശംസിച്ച സംഭവത്തില്‍ നിലപാടുകള്‍ വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ വക്താവും എം‌പിയുമായ ശശി തരൂര്‍. തനിക്ക് തന്റെ മൂല്യങ്ങളും വിശ്വാസങ്ങളുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

“ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതുകൊണ്ടു ഞാനെന്റെ ഇന്റഗ്രിറ്റി വിറ്റു എന്നല്ല അര്‍ഥം. എനിക്കെന്റെ മൂല്യങ്ങളും വിശ്വാസങ്ങളുമുണ്ട്.
ഞാനെപ്പോഴും സത്യം പറയുന്ന ഒരു വ്യക്തിയാണ്. പലപ്പോഴും മോഡിയെ
ആക്ഷേപിച്ചുട്ടുള്ള ഒരാളാണ് ഞാന്‍. പക്ഷേ, അദ്ദേഹം ജയിച്ച് അധികാരത്തില്‍ വന്നതിനു ശേഷം നല്ല വാക്കുകളേ പറഞ്ഞിട്ടുള്ളൂ, മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്നതു സത്യമാണ്.”

മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും എന്നാല്‍ ഒബാമയുമായുള്ള കൂടിക്കാഴ്ച പരാജയമായിരുന്നുവെന്നും ശശി തരൂര്‍ പറയുന്നു. ഇതില്‍ ചില കാര്യങ്ങള്‍ ഇന്ത്യക്ക് അഭിമാനം തരുന്നവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

“കുറച്ചു നാളുകള്‍ക്കു മുമ്പു വരെ ഒരു പോലും കിട്ടാത്ത സാഹചര്യമായിരുന്നു അദ്ദേഹത്തിന്. അതുമാറി അദ്ദേഹം പ്രധാനമന്ത്രിയായി വാഷിങ്ടണില്‍ പോകുക, ഒബാമയുമായി വിരുന്നുണ്ണുക, കൂട്ടിക്കൊണ്ടു പോയി മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ പ്രതിമ കാണിച്ചു കൊടുക്കുക ഇതൊക്കെ ഇന്ത്യക്ക് അഭിമാനം തരുന്ന കാര്യങ്ങളാണ്. അതുപോലെ മോഡിക്കും വലിയ നേട്ടം തന്നെയാണ്.

പക്ഷേ, അതുമാത്രമല്ലല്ലോ ഒരു ബന്ധത്തില്‍ വേണ്ടത്. മന്‍ മോഹന്‍ സിംഗ് പോയപ്പോള്‍ ഇന്തോ- അമേരിക്കന്‍ ന്യൂക്ലിയര്‍ ഉടമ്പടി ഉണ്ടാക്കാന്‍ കഴിഞ്ഞില്ലേ. അതൊരു വലിയ നേട്ടം തന്നെയായിരുന്നല്ലോ. പക്ഷേ, മോഡി സന്ദര്‍ശനത്തില്‍ അതുപോലൊരു കോണ്‍ക്രീറ്റ് നേട്ടം കൊയ്യാന്‍ കഴിഞ്ഞില്ല.“

മോഡിയെ പ്രശംസിച്ചത് വിവാദമായ സാഹചര്യത്തിലാണ് തരൂരിന്റെ വിശദീകരണം. കൂടാതെ മോഡിയെ ഉപദേശിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :