ചക്ക വെറും ചക്കയല്ല; ഇനി പൊന്നുവില!

ഒരു ചക്കയ്ക്ക് തൂക്കമനുസരിച്ച് എണ്‍പത് രൂപയോളമാണ് ഇപ്പോള്‍ വിപണി വില.

ചെറുപുഴ, ചക്ക, തമിഴ്‌നാട് cherupuzha jack fruit, tamilnadu
ചെറുപുഴ| സജിത്ത്| Last Modified ശനി, 28 മെയ് 2016 (14:02 IST)
പ്ലാവിന്റെ ചുവട്ടില്‍വീണ് ചീഞ്ഞഴുകി നശിക്കാനായിരുന്നു ഒരുകാലത്ത് ചക്കയ്ക്കുള്ള യോഗം. ഈച്ചയും കൊതുകും പെരുകുന്നതിനാല്‍ ശകാരം വേറെയും. എന്നാല്‍ ഒരു സന്തോഷവാര്‍ത്ത. ചക്കയുടേയും പ്ലാവിന്റേയും കഷ്ടകാലം തീരാന്‍ പോകുന്നു. അതോടൊപ്പം തന്നെ കര്‍ഷകര്‍ക്ക് നല്ല വരുമാനവും ലഭിക്കുന്നു. ഒരു ചക്കയ്ക്ക് തൂക്കമനുസരിച്ച് എണ്‍പത് രൂപയോളമാണ് ഇപ്പോള്‍ വിപണി വില.

കിലോയ്ക്ക് നാലുരൂപ വില നല്‍കിയാണ് ഇപ്പോള്‍ ചക്ക സംഭരിക്കുന്നത്. താരതമ്യേന വലിയ ഒരു ചക്കയ്ക്ക് 20 കിലോയോളം തൂക്കം വരും. മൂപ്പെത്തിയ ചക്ക പ്ലാവില്‍നിന്ന് കേടുകൂടാതെ പറിച്ചു നല്‍കിയാലാണ് ഈവില ലഭിക്കുന്നത്. ചക്ക വെട്ടിയാടാതെ കെട്ടിയിറക്കണം. വാഹനങ്ങള്‍ എത്തുന്നിടത്തുനിന്ന് കിലോയ്ക്ക് നാലു രൂപ വില നല്‍കിയാണ് ചക്കയെടുക്കുന്നത്. കേരളത്തില്‍ നിന്നും തമിഴ്നാടടക്കം നിരവധി സംസ്ഥാനങ്ങളിലേക്കാണ് ഇത്തരത്തില്‍ ചക്ക കയറ്റി അയക്കുന്നത്. തമിഴ്‌നാട്ടില്‍ പത്ത് ചക്കചുളകള്‍ക്ക് നാല്പതുമുതല്‍ അന്‍പതു രൂപവരെയാണ് വിലയായി ഈടാക്കുന്നത്.

ചക്കഅട, ചക്കപ്പുഴുക്ക്‌, കട്ലറ്റ്‌, ചക്കപ്പായസം, ചക്ക ആലുവ, ചക്കവറ, ചക്ക കേക്ക്‌ എന്നിവയാണ്‌ വിപണിയെ കീഴടക്കിയിരിക്കുന്നത്‌. തട്ടുകടകളിലും കള്ളുഷാപ്പുകളിലും കപ്പയ്ക്ക്‌ പകരം ചക്കയ്ക്കും പോട്ടിയ്ക്കുമാണ്‌ ഇപ്പോൾ ഡിമാൻഡ്‌. ചക്കകൊണ്ട്‌ വിവിധ തരത്തിലുണ്ടാക്കുന്ന പായസം ടൂറിസ്റ്റുകൾക്കും നല്ല രീതിയിൽ പിടിച്ചിരിക്കുകയാണ്‌. ബംഗാൾ, ഒറീസ എന്നിവിടങ്ങളിൽ നിന്നെത്തി പണിയെടുക്കുന്ന തൊഴിലാളികളുടേയും ഇഷ്ട വിഭവമായി ചക്ക മാറിക്കഴിഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾക്ക്‌ ചക്ക വലിയ വിലക്കൂടുതൽ ഇല്ലാതെ ലഭിക്കുമ്പോൾ പാകം ചെയ്ത്‌ അവരും ഇതിന്റെ ഇഷ്ടക്കാരായി മാറിയിരിക്കുകയാണ്‌.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :