അവയവംമാറ്റിവയ്ക്കല്‍ വൈകിയെന്ന ആരോപണം: രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (10:03 IST)
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ ന്യൂറോളജി നെഫ്രോളജി വിഭാഗം മേധാവികളെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏകോപനത്തില്‍ വരുത്തിയ വീഴ്ചയെത്തുടര്‍ന്നാണ് നടപടി. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ച് ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. സംഭവത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം രാജഗിരി ആശുപത്രിയില്‍ വൃക്ക ലഭ്യമാണെന്ന വിവരം അറിഞ്ഞയുടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളില്‍ നിന്നുള്ള ഓരോ ഡോക്ടര്‍മാര്‍ അതിരാവിലെ അവിടേക്ക് പുറപ്പെട്ടു. ഇക്കാര്യം അറിഞ്ഞയുടന്‍ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് യാത്രയ്ക്കുള്ള സൗകര്യം ഒരുക്കി. പൊലീസ് ഗ്രീന്‍ ചാനല്‍ ഒരുക്കുകയും പകല്‍ 2.30 ഓടെ എറണാകുളത്തുനിന്ന് പുറപ്പെട്ട ആംബുലന്‍സ് വൈകിട്ട് 5.30ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇറങ്ങുന്നതിനിടെ വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലര്‍ എടുത്ത് അകത്തേക്ക് പോയത് ആശയക്കുഴപ്പമുണ്ടായതായി ആശുപത്രി പരാതി ഉന്നയിച്ചിട്ടുണ്ട്. അതില്‍ അന്വേഷണം നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :