തൊഴിൽ ഇല്ലെങ്കിൽ ചെറുപ്പക്കാർ വഴിതെറ്റും, എന്തുകൊണ്ടാണ് ജന്മനാട് യുവാക്കളെ ഇൻസ്പയർ ചെയ്യാത്തത്?

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 29 ഓഗസ്റ്റ് 2022 (18:27 IST)
കേരളത്തിൽ നിന്നും പഠനത്തിനും തൊഴിലിനുമായി അന്യനാടുകളിലേക്ക് യുവാക്കൾ പോകുന്നത് ഗൗരവകരമായി ചർച്ചചെയ്യപ്പെടേണ്ട വിഷയമാണെന്ന് മാത്യു കുഴൽനാടൻ എം എൽ എ. വിഷയത്തെ കുറിച്ച് മാത്യു കുഴൽനാടൻ നിയമസഭയിൽ ഉയർത്തിയ ചോദ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കേരളത്തിൽ പഠനം കഴിഞ്ഞിറങ്ങുന്ന ചെറുപ്പക്കാർക്ക് ഇവിടെ പണിയെടുക്കുന്ന ബംഗാളികളേക്കാൾ തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വരും തലമുറയെ നാട്ടിൽ നിലനിർത്താനും അവരുടെ കഴിവുകളും, അഭിരുചികളും നാടിനുവേണ്ടി ഉപയോഗപ്പെടുത്താനും സാധിക്കണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

വിദ്യാസമ്പന്നരായ കുട്ടികൾക്ക് ശരാശരി 10,000 രൂപ മുതൽ 14,000 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഇന്ന് ലഹരിവസ്തുക്കൾ എളുപ്പത്തിൽ വിറ്റഴിക്കാവുന്ന വിപണിയായി കേരളം മാറി. ഒരുപാട് പേരെ കാരിയേഴ്സായി ലഹരിമാഫിയയ്ക്ക് കിട്ടുന്ന എന്നതാണ് ഇതിന് കാരണം. നല്ല തൊഴിലവസരങ്ങൾ നമുക്ക് നാട്ടിൽ ഉണ്ടാക്കാനായില്ലെങ്കിൽ തീർച്ചയായും ഇവിടത്തെ ചെറുപ്പക്കാർ ലഹരിയടക്കമുള്ള വഴികളിലേക്ക് വഴിതെറ്റിപോകുകയും വലിയ ഒരു വിഭാഗം മറ്റ് ദേശങ്ങളിലേക്ക് കുടിയേറുമെന്നും മാത്യു കുഴൽനാടൻ പറയുന്നു.

എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്ന് പുറത്ത് പോകണമെന്നാണ് പന്ത്രണ്ടാം ക്ലാസ് കഴിയുന്ന കേരളത്തിലെ ശരാശരി ഒരു കുട്ടിയുടെ മാനസികാവസ്ഥ. നമുക്ക് പ്രചോദനമാകാൻ കഴിയുന്ന ഒരു അന്തരീക്ഷം ഇവിടെ ഇല്ലാത്തത് കൊണ്ടാണ് ഇത്.ഇന്ത്യയിലെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം, വിപുലമായ സാമൂഹിക സൂചകങ്ങള്‍ ഉള്ള കേരളം, ഇതെല്ലാം എന്താണ് അവര്‍ക്ക് പ്രചോദനമാകാത്തതെന്നും വീഡിയോയിൽ മാത്യു കുഴൽനാടൻ ചോദിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :