കേരളത്തിലെ റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്| Last Modified വെള്ളി, 29 ജനുവരി 2021 (13:04 IST)
കേരളത്തിലെ റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടു പോകും. റോഡ് അപകടങ്ങളില്‍ പൊലിയുന്ന ജീവനുകളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിക്കൊപ്പം ആലപ്പുഴ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി നാലു വന്‍കിട പാലങ്ങളാണ് ഗതാഗത യോഗ്യമാക്കിയത്. 12,691 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കാണ് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ തുടക്കമിട്ടത്. പാലാരിവട്ടം പാലം മേയില്‍ നാടിനു സമര്‍പ്പിക്കും. നൂറ് വര്‍ഷം ഗ്യാരന്റിയുള്ള പാലമാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി നിര്‍ദ്ദേശിച്ചതു പോലെ ഡല്‍ഹിയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിവിധ പദ്ധതികള്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് യാത്രകള്‍ക്ക് നിയന്ത്രണമുണ്ടായതിനാലാണ് ഇത് വൈകിയത്. കയര്‍, പ്ളാസ്റ്റിക്, റബര്‍ എന്നിവ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം പൊതുമരാമത്ത് വകുപ്പ് നടത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :