2022ൽ മുംബൈയിലെ മരണങ്ങളിൽ 25 ശതമാനവും സംഭവിച്ചത് ഹൃദ്രോഗം മൂലമെന്ന് ബിഎംസി

അഭിറാം മനോഹർ| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2023 (16:54 IST)
2022ൽ മുംബൈ നഗരത്തില്‍ ഉണ്ടായ മരണങ്ങളില്‍ നാലിലൊന്നും സംഭവിച്ചത് ഹൃദ്രോഗം മൂലമെന്ന് ബിഎംസി. വെള്ളിയാഴ്ച ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ച് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. മുംബൈ നഗരത്തില്‍ 2022ല്‍ സംഭവിച്ച 94,500 മരണങ്ങളില്‍ 25 ശതമാനവും ഹൃദ്രോഗം മൂലമോ ഹൈപ്പര്‍ ടെന്‍ഷന്‍ മൂലമോ ആണെന്നാണ് ബിഎംസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഓരോ മണിക്കൂറിലും 3 മുംബൈക്കാര്‍ ഹൃദയത്തിന്റെ ആരോഗ്യം മൂലമുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍. ഹൃദ്രോഗം മൂലം 23,000 പേരോളം 2022ല്‍ മരണപ്പെട്ടതായാണ് കണക്ക്. 23,000 മരണങ്ങളില്‍ 17,000ത്തോളം ഇസ്‌കെമിക് ഹ്രോദ്രോഗമോ ഹൃദയാഘാതമോ മൂലം മരിച്ചവരാണ്. 2021ല്‍ മുംബൈ നിവാസികളില്‍ നടത്തിയ സര്‍വേയില്‍ 18നും 69നും ഇടയില്‍ പ്രായമായവരില്‍ 34 ശതമാനത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും 19 ശതമാനത്തിന് പ്രമേഹവും ഉള്ളതായി കണ്ടെത്തിയിരുന്നു. 10ല്‍ 9 മുംബൈക്കാരും ആവശ്യമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കുന്നില്ലെന്നും സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഉയര്‍ന്ന അളവില്‍ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് മുംബൈ നിവാസികളിലെ ഹൃദ്രോഗത്തിലെ ഉയര്‍ന്ന നിരക്കിന് ഒരു കാരണമെന്നാണ് നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :