ഇങ്ങനെയൊക്കെ കഴിക്കാമോ? ഇനിയും നമ്മള്‍ കാണേണ്ടതല്ലേ...?

vishnu| Last Modified വ്യാഴം, 19 മാര്‍ച്ച് 2015 (20:25 IST)
ഭക്ഷണം തന്നെയാണ് അമൃതും വിഷവുമാകുന്നതെന്ന് നമ്മുടെ തലമുതിര്‍ന്ന തലമുറകള്‍ പണ്ടേക്കു പണ്ടെ പറഞ്ഞ് വച്ചിട്ടുണ്ട്. എന്നാല്‍ പാശ്ചാത്യ നാട്ടുകാര്‍ക്ക് ഇക്കാര്യം മനസിലായത് അടുത്തിടെയാണെന്നു മാത്രം. അതായത് അമേരിക്കക്കാര്‍ ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങള്‍ കഴികുന്ന ആഹാരത്തിലെ കൊഴുപ്പൂം കലൊറിയും ഒന്നും മനസിലാക്കാതെ വെട്ടീവിഴുങ്ങി അവസാനം കരളും ഹൃദയവും തകര്‍ന്ന് രോഗക്കിടക്കയിലാകുന്നവരാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് സായിപ്പന്മാരുടെ അനാരോഗ്യകരമായ ഭക്ഷണശീലത്തെപ്പറ്റിയുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

പലരും കലോറി കൂടിയ ആഹാരങ്ങളാണ് തട്ടിക്കേറ്റുന്നത് എന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. ഇതിനായി സായിപ്പന്മാര്‍ കൂടുതലായി ഭക്ഷണം കഴിക്കാന്‍ കയറുന്ന അമേരിക്കയിലെ പ്രമുഖ ഭക്ഷ്യവിതരണ ശൃംഖലയായ മക്ഡൊണാള്‍ഡ്സിന്റെ 29 ഔട്ലെറ്റുകളേയാണ് പഠനത്തിന്റെ ഭാഗമാക്കിയത്. കൂട്ടത്തില്‍ ഓരോ ടേബിളിലും മെനു കാര്‍ഡില്‍ ഭക്ഷണത്തിന് എത്ര കലോറിയുണ്ട് എന്ന് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദൌര്‍ഭാഗ്യമെന്ന് പറയട്ടെ ഈ ഔട്ട്‌ലെറ്റില്‍ കയറിയ 60% ആളുകളും മെനുകാര്‍ഡ് കണ്ടെങ്കിലും അതിനു തക്ക രീതിയിലുള്ള പ്രതികരണമല്ല അവരില്‍ നിന്ന് ഉണ്ടായത്.

16% പേര്‍ മാത്രമാണ് കലോറി കൂടുതലുള്ള ഭക്ഷണം അനാവശ്യമായി കഴിക്കുന്നതിന്റെ അപകടം മനസിലാക്കി പ്രവര്‍ത്തിച്ചത്. വിദ്യാസമ്പന്നരും ഉയര്‍ന്ന വരുമാനക്കാരുമാണ് ഇതില്‍ അധികവും.
പാവപ്പെട്ടവരുടെ കണ്ണില്‍പ്പിടിച്ചത് കാര്‍ഡിലെ വിലനിലവാരം മാത്രം. ഏതായാലും പഠനം പുറത്ത് വന്നതിനു പിന്നാലെ
20 ഔട്ലെറ്റുകളോ അതില്‍ കൂടുതലോ ഉള്ള എല്ലാ ചെയിന്‍ റസ്റ്ററന്റുകളിലെയും മെനു കാര്‍ഡില്‍ ഓരോ വിഭവത്തിന്റെയും കലോറി രേഖപ്പെടുത്തണമെന്ന നിയമം ഈ വര്‍ഷം അവസാനത്തോടെ പ്രാബല്യത്തില്‍ വരുത്താനാണ് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം. സമാനമായ നിയമം പല യൂറോപ്യന്‍ രാജ്യങ്ങളിലും പണിപ്പുരയിലാണ്.

എന്നാല്‍, കലോറി മാത്രം രേഖപ്പെടുത്തുന്നതിലൂടെ ഭക്ഷണം ആരോഗ്യകരമാണോ എന്നു തിരിച്ചറിയാന്‍ സാധിക്കില്ല എന്നും ആക്ഷേപമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാന്‍ എല്ലാ ചേരുവകളും പരിശോധി‘ച്ച് ആഹാര സാധനങ്ങള്‍ക്ക് പൊതുവായ ഒരു ന്യൂട്രീഷന്‍ പ്രൊഫൈല്‍ ഉണ്ടാക്കുകയാണ് ഓസ്ട്രേലിയക്കാര്‍ ചെയ്തത്. ഇതനുസരിച്ച് ആഹാര സാധനങ്ങള്‍ക്ക് അര മുതല്‍ അഞ്ചുവരെ സ്റ്റാര്‍ റേറ്റിങ് നല്‍കുന്നു. വാങ്ങുന്നത് ഫൈവ് സ്റ്റാര്‍ ഭക്ഷണമെങ്കില്‍ കണ്ണുംപൂട്ടി കഴിക്കാമെന്നര്‍ഥം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :