'ഫ്‌ലൈറ്റ് മിസ്സായതോടു കൂടി ഈ വര്‍ഷത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയാണ് മോനെ...'; ഇന്നസെന്റിന്റെ കൂടെയുള്ള യാത്രയെക്കുറിച്ച് സംവിധായകന്‍ ജിസ് ജോയ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2023 (17:38 IST)
രണ്ടുവര്‍ഷം മുമ്പ് ഇന്നസെന്റിനൊപ്പം ഫ്‌ലൈറ്റ് മിസ്സായതോടെ ലഭിച്ച യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ജിസ് ജോയ്. കൂടെ നടന്‍ ദേവനും ഉണ്ടായിരുന്നു. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയെക്കുറിച്ചും ഇന്നസെന്റ് സിദ്ദിഖിനെക്കുറിച്ച് പറഞ്ഞതെല്ലാം കുറിപ്പില്‍ സംവിധായകന്‍ എഴുതിയിട്ടുണ്ട്.
 
ജിസ് ജോയിയുടെ കുറിപ്പ്
 
പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടന് പ്രണാമം
 
രണ്ടു വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ 31 ന് ഞങ്ങള്‍ക്ക് തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കുള്ള രാവിലത്തെ ഫ്‌ലൈറ്റ് മിസ്സ് ആയി, കൂടെ ദേവന്‍ ചേട്ടനുമുണ്ട്. ഞാന്‍ പറഞ്ഞു ചേട്ടാ നമുക്ക് ഒരു ഇന്നോവ എടുക്കാം, ഇപ്പൊ പുറപ്പെട്ടാല്‍ പത്തുമണിക്ക് ഇരിങ്ങാലക്കുടയെത്താം അല്ലെങ്കി പിന്നെ ന്യൂഇയറിന്റെ തിരക്കാവും. എന്നാ വിളിച്ചോടാ വണ്ടി എന്ന് പറഞ്ഞു. അവിടം മുതല്‍ എന്നെ എറണാകുളത്തു ഇറക്കുന്നത് വരെ ഒരു സെക്കന്റ് മിണ്ടാതിരുന്നിട്ടില്ല, കഥകള്‍, കുടുംബം, സിനിമ അങ്ങനെ അങ്ങനെ ചിരിയുടെ മധുരം പൊതിഞ്ഞ ഏതാനും മണിക്കൂറുകള്‍. . 
ഫ്‌ലൈറ്റ് മിസ്സായതോടു കൂടി ഈ വര്‍ഷത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയാണ് മോനെ എന്നുപറഞ്ഞു, അപ്പോള്‍ ദേവേട്ടന്‍ പറഞ്ഞു പുതിയ പ്രശ്‌നങ്ങള്‍ തുടങ്ങും മുന്‍പ് നിനക്ക് വേണമെങ്കില്‍ ഒരു പടം എടുക്കാം. ''അതെയതെ അതൊരു ഓര്‍മ്മയ്യായിക്കോട്ടെ ഈ യാത്രയുടെ ' ഇന്നസെന്റ് ചേട്ടന്‍ ഏറ്റുപറഞ്ഞു.
മറക്കില്ല ചേട്ടാ എനിക്കതൊരു യാത്രയുടെ മാത്രം ഓര്‍മ്മയല്ല...
വിലകൊടുത്തു വാങ്ങാനാവാത്ത അപൂര്‍വം ചില ഭാഗ്യങ്ങളോടൊപ്പം ഒരു പ്രാര്‍ത്ഥനയായി എന്നും മനസ്സില്‍ കാത്തുവെക്കും ആ കഥകള്‍, പാഠങ്ങള്‍ 
അല്‍പ്പം നാള്‍ കഴിഞ്ഞ് എന്റെ മോഹന്‍ കുമാര്‍ ഫാന്‍സ് എന്ന സിനിമ OTT യില്‍ റിലീസ് ആയിക്കഴിഞ്ഞു ഒരു രാത്രി ഒന്‍പതു മണിയായപ്പോള്‍ മകന്‍ സോണറ്റു വിളിച്ചു ഫോണ്‍ ചേട്ടന്റെ കയ്യില്‍ കൊടുത്തു. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോ പറഞ്ഞു ഇനി പിന്നെ വിളിക്കാമെടാ ദേ ആലിസ് വിളിക്കണു, ഡിന്നര്‍ കഴിച്ചിട്ടില്ല. സംസാരിച്ചത് മുഴുവന്‍ ജീവിതത്തില്‍ പലപ്പോഴായി കണ്ടു മുട്ടിയ മോഹന്‍കുമാര്‍മാരെ കുറിച്ചാണ്, തോറ്റുപോയ മോഹന്‍കുമാര്‍മാരെ കുറിച്ച്. ഫോണ്‍ വെക്കും മുന്‍പ് പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഇപ്പോഴും മനസ്സില്‍ നിറയുന്നു. . ഒന്ന്, നിന്റെ നമ്പര്‍ എന്റെ കയ്യീന്ന് പോയിരുന്നു ഇപ്പൊ സത്യന്‍ അന്തിക്കാട് ആണ് നമ്പര്‍ തന്നത് എന്നതും, രണ്ടാമത്തേത് സിദ്ധിക്ക്, കാര്യം സുഹൃത്ത് ഒക്കെ ആണെങ്കിലും ഒരു സിനിമ കഴിഞ്ഞേ അവനെ വിളിച്ചു നീ നന്നായി എന്ന് പറയാന്‍ തോന്നിയിട്ടൊള്ളു അത് രാവണപ്രഭു ആയിരുന്നു , പിന്നെ വിളിച്ചത് ഇപ്പോഴാ.. അവന്‍ അത്രയ്ക്ക് നന്നായിട്ടുണ്ടെടോ എന്നും പറഞ്ഞു. 
പ്രിയ ഇന്നസെന്റ് ചേട്ടാ, താങ്കള്‍ അഭിനയം എന്ന കലയ്ക്ക് ഒരു അലങ്കാരമായിരുന്നു. . എപ്പോഴും, ഇന്നും അണിഞ്ഞ സുവര്‍ണ്ണ നിറമാര്‍ന്ന ആ ജുബ്ബ പോലെ ഓരോ പ്രേക്ഷകന്റെ മനസ്സിലും ചിരിയുടെ പൊന്‍ത്തിളക്കമായി ചേട്ടന്‍ എന്നും ഉണ്ടാകും. . കാന്‍സര്‍ വാര്‍ഡിലെ ചിരി , അനേകം പേരെ പ്രതീക്ഷയിലേക്ക് കൈപിടിച്ചു കൊണ്ടുവരുകയും ചെയ്യും. . 
പുണ്ണ്യമാര്‍ന്ന ഒരു ജീവിതവും ഒരിക്കലും അവസാനിക്കുന്നില്ല എന്ന വിശ്വാസത്തില്‍ ചേട്ടനോട് മാത്രം 'വിട എന്ന് പറയില്ല ഞങ്ങള്‍ 
 
 



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :