വിടപറയുന്ന കാര്‍ഷികാചാരങ്ങള്‍

പീസിയന്‍

WEBDUNIA|
കറ്റപ്പാട്ട് കഴിക്കല്‍

വടക്കന്‍ മലബാറിലെ ഒരു പ്രധാന കാര്‍ഷിക ആചാരമാണ് കറ്റപ്പാട്ട് കഴിക്കല്‍. വിളഞ്ഞുകിടക്കുന്ന വയലുകളിലൂടെ പുള്ളുവര്‍ ഐശ്വര്യത്തിനു വേണ്ടി വീണമീട്ടി പാടുന്ന ചടങ്ങാണിത്.

ഭൂമിയില്‍ കൃഷി എങ്ങനെ തുടങ്ങി എന്ന് അവര്‍ പാട്ടിലൂടെ വിവരിക്കും. കേരളത്തില്‍ കണ്ടുവരുന്ന നൂറിലേറെ വിത്തുകളുടെ കാര്യവും പരാമര്‍ശിക്കും. പാടുന്ന പുള്ളുവര്‍ക്ക് കൃഷിക്കാരന്‍ നെല്‍ക്കറ്റകള്‍ പ്രതിഫലമായി നല്‍കുകയും ചെയ്യും.

കൈക്കോട്ട്‌ചാല്

പാടത്ത് വിത്തിറക്കാന്‍ പറ്റിയ ദിവസമാണ് കൈക്കോട്ട് ചാല്‍ ആചാരം നടക്കുക. മിക്കവാറും പത്താമുദയ ദിവസമായിരിക്കും ഈ ചടങ്ങ്. ചിലയിടങ്ങളില്‍ വിഷു കഴിഞ്ഞുള്ള നല്ല ദിവസങ്ങളിലും കൈക്കോട്ട് ചാല്‍ നടക്കാറുണ്ട്.

കൊന്നപ്പൂവ് ചേര്‍ത്തു കുഴച്ചുവച്ച വിത്തുകളാണ് കണ്ടത്തില്‍ വിതയ്ക്കുക. അവിടെ കൈതത്തണ്ടില്‍ ഓലച്ചൂട്ട് കത്തിച്ചുവച്ചിരിക്കും. ഒരുക്കളെ നന്നായി കുളിപ്പിച്ച് മാലയും കുറിയുമിടീച്ചാണ് വയലിലിറക്കുക.


കളം‌പെരുക്കല്‍

മകരത്തിലെ മറ്റൊരു ചടങ്ങാണ് കളം‌പെരുക്കല്‍. മകരക്കൊയ്ത്ത് കഴിഞ്ഞ് കൊണ്ടുവരുന്ന കറ്റ മെതിക്കാന്‍ മണ്ണ് അടിച്ചുറപ്പിച്ച് ചാണകം മെഴുകി കളമുണ്ടാക്കുന്ന ചടങ്ങാണിത്. ഒരു കീറ് മെടഞ്ഞ ഓല കൊണ്ട് കളത്തിന്‍റെ ഒരു മൂലയ്ക്ക് മുളങ്കമ്പ് കുഴിച്ചുവച്ചിരിക്കും. അതില്‍ ആലില, മാവില, കാഞ്ഞിരയില എന്നിവ കെട്ടിവയ്ക്കും.

കൊയ്ത കറ്റ കളത്തിലേക്ക് കൊണ്ടുവരുന്നതിനു മുമ്പ് ഒരു കൊയ്ത്തുകാരന്‍ ഒരു പിടി കതിരെടുത്ത് കളത്തിലെത്തി നിലവിളക്ക് കത്തിച്ച് തേങ്ങയുടച്ച് കതിര് മുളം‌കമ്പിലെ ഇലകള്‍ക്ക് നടുവില്‍ വയ്ക്കും. ഈ ചടങ്ങ് കഴിഞ്ഞേ കൊയ്ത കതിരുകള്‍ കളത്തിലേക്ക് കൊണ്ടുവരാവു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :