മലയാളികള്‍ക്ക് ഇത് ഓണസമ്മാനം: ജയിലര്‍ താരങ്ങളെ അനുകരിച്ച് കൊണ്ട് മഹേഷ് കുഞ്ഞുമോന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

അഭിറാം മനോഹർ| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (12:37 IST)
കൊല്ലം സുധിയുടെ ജീവനെടുത്ത വാഹനാപകടത്തില്‍ സാരമായ പരിക്ക് പറ്റിയ മഹേഷ് കുഞ്ഞുമോന്‍ കഴിഞ്ഞ കുറച്ചുനാളുകളായി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷനിലൂടെയും ശ്രദ്ധ നേടിയ മഹേഷ് കുഞ്ഞുമോന്റെ മിമിക്രി രംഗത്തെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ഏതെല്ലാം താരങ്ങളെ അവതരിപ്പിച്ചാലും അവയെല്ലാം തന്നെ കൃത്യതയോടെ അവതരിപ്പിക്കാന്‍ സാധിക്കുന്നതായിരുന്നു മഹേഷ് കുഞ്ഞുമോന്റെ കരുത്ത്. വാഹനാപകടത്തില്‍ മുഖത്തിന് സാരമായ പരിക്കേറ്റിട്ടും തന്റെ കഴിവിന് യാതൊരു കോട്ടവും ആ അപകടം വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ തിരിച്ചുവരവ്.

ജയിലര്‍ സിനിമയുമായി ബന്ധപ്പെടുത്തിയാണ് മഹേഷ് ഇക്കുറി താരങ്ങളെ അനുകരിച്ചിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് സ്വന്തം യൂട്യൂബ് ചാനലില്‍ മഹേഷ് കുഞ്ഞുമോന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബാല,ആറാട്ടണ്ണന്‍, വിനായകന്‍ എന്നിവരെ തന്റെ പഴയ അതേ പ്രസരിപ്പോടെയാണ് മഹേഷ് അവതരിപ്പിച്ചിരിക്കുന്നത്. ഓണസമയത്ത് പുറത്തുവന്ന വീഡിയോ മഹേഷ് കുഞ്ഞുമോനെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാവര്‍ക്കുമുള്ള ഓണസമ്മാനം കൂടിയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇനിയും ഒരു ശസ്ത്രക്രിയ കൂടി ബാക്കിയുണ്ടെന്നും വീഡിയോയുടെ തുടക്കത്തില്‍ മഹേഷ് പറയുന്നുണ്ട്. അതേസമയം വലിയ സ്വീകരണമാണ് മഹേഷിന്റെ വീഡിയോക്ക് ലഭിക്കുന്നത്. മഹേഷിനെ പഴയത് പോലെ കണ്ടതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :