“അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ആകെ കുഴപ്പമായേനേ” - ഹലാല്‍ ലവ് സ്റ്റോറിയിലെ നായിക ഗ്രേസ് ആന്‍റണി മനസുതുറക്കുന്നു

ബോബി സ്റ്റീഫന്‍| Last Modified ശനി, 17 ഒക്‌ടോബര്‍ 2020 (20:19 IST)
ആമസോൺ പ്രൈം വീഡിയോയുടെ മലയാള കോമഡി-ഡ്രാമ സിനിമാ കാറ്റഗറിയിലെ ഏറ്റവും പുതിയ റിലീസാണ് ഹലാൽ ലവ് സ്റ്റോറി. സിനിമയ്‌ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ഈ ചിത്രം സമീപകാലത്ത് കണ്ട ഏറ്റവും മികച്ച് സ്‌പൂഫ് സിനിമയാണ്. മാത്രമല്ല, കുടുംബപ്രേക്ഷകര്‍ക്കും ഇഷ്‌ടപ്പെടുന്ന ഔട്ട് ആന്‍റ് ഔട്ട് എന്‍റര്‍‌ടെയ്‌നറാണ് ഇത്. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഈ സിനിമയില്‍ ഏറ്റവും തിളങ്ങിയത് നായിക ഗ്രേസ് ആന്‍റണിയാണ്. തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ഗ്രേസ് ആന്റണി പറയുന്നു.

"ഈ സിനിമയിൽ എനിക്ക് അഭിനയം വഴങ്ങാത്ത ഒരു വ്യക്തിയായി ആണ് അഭിനയിക്കേണ്ടിയിരുന്നത്. അഭിനയിക്കുമ്പോള്‍ ചില സമയങ്ങളിൽ അത് വര്‍ക്കൌട്ടായി. ചിലപ്പോഴൊന്നും ശരിയാകാതെയും വന്നു. ഇങ്ങനെ ഒരു അനുഭവം എനിക്ക് മുമ്പ് ഉണ്ടായിട്ടില്ല. സാധാരണയായി ഞാൻ സിനിമകൾ ചെയ്യുമ്പോൾ ഞാൻ ചെയ്യേണ്ടത് വളരെ നന്നായി അഭിനയിക്കുക എന്നതായിരുന്നു. എന്നാല്‍ ഇവിടെ എനിക്ക് ‘വളരെ മോശമായി അഭിനയിക്കുന്നതായി’ നന്നായി അഭിനയിക്കണമായിരുന്നു. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.” - ഗ്രേസ് ആന്‍റണി വ്യക്‍തമാക്കുന്നു.

“തുടക്കത്തിൽ എനിക്ക് ഒരുപാട് ആശയക്കുഴപ്പമുണ്ടായിരുന്നു. ഞാൻ സാധാരണയായി ചെയ്യുന്ന ഒരു കഥാപാത്രമായിരുന്നില്ല അത്. അതിൽ എനിക്ക് എത്രമാത്രം വ്യത്യസ്തമായി ചെയ്യാനാകുമെന്ന് കണ്ടെത്തേണ്ടത് പ്രധാനമായിരുന്നു. ഒരു സീനില്‍ ഞാന്‍ തുടക്കത്തില്‍ സാധാരണ സുഹറയെപ്പോലെ ബിഹേവ് ചെയ്യുകയും ആ സീനില്‍ തന്നെ അടുത്ത ഭാഗങ്ങളില്‍ അഭിനേതാവായ സുഹറയായി മാറുകയും ചെയ്യണമായിരുന്നു. ആ കൂടുവിട്ടുകൂടുമാറ്റം സ്വാഭാവികമായി സംഭവിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയല്ല സംഭവിക്കുന്നതെങ്കില്‍ ആ സിനിമയിലെ സുഹറ എന്ന കഥാപാത്രവും സുഹറയുടെ അഭിനയജീവിതവും തമ്മില്‍ ഒരു വ്യത്യാസവും കാണിക്കാന്‍ കഴിയില്ലായിരുന്നു. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി” - ഗ്രേസ് പറയുന്നു.

സക്കറിയ സംവിധാനം ചെയ്‌ത ഹലാല്‍ ലവ് സ്റ്റോറിയില്‍ ഗ്രേസ് ആന്‍റണിയെ കൂടാതെ ഇന്ദ്രജിത്ത്, പാര്‍വ്വതി തിരുവോത്ത്, സൌബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍. ആഷിക് അബു, ഹര്‍ഷദ് അലി, ജെസ്‌ന അഷിം എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :