1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. ദേശീയം

ഹനീഫിന് വിസ നല്‍കാന്‍ ഉത്തരവ്

ഗ്ലാസ്ഗൌ ഭീകരാക്രമണ ശ്രമവുമായി ബന്ധപ്പെടുത്തി ഓസ്ട്രേലിയയില്‍ തടവില്‍ കഴിഞ്ഞ ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിന് വിസ തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു
PTIPTI
ഗ്ലാസ്ഗൌ ഭീകരാക്രമണ ശ്രമവുമായി ബന്ധപ്പെടുത്തി ഓസ്ട്രേലിയയില്‍ തടവില്‍ കഴിഞ്ഞ ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിന് വിസ തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ചയാണ് ഓസ്ട്രേലിയന്‍ ഫെഡറല്‍ കോടതി ഹനീഫിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

പരാജപ്പെട്ട ഗ്ലാസ്ഗൌ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി ജൂലൈ രണ്ടിനായിരുന്നു ഹനീഫിനെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, ഭീകര സംഘത്തിന് സഹായം നല്‍കി എന്ന കുറ്റം ചാര്‍ത്തുകയും ചെയ്തിരുന്നു.

ഹനീഫിന് സ്ഫോടന ശ്രമവുമായി ബന്ധമുണ്ടെന്ന് തെളിവില്ലാത്തതിനാല്‍ കോടതി ജാമ്യം നല്‍കുകയും പിന്നീട് കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇമിഗ്രേഷന്‍ മന്ത്രി കെവിന്‍ ആന്‍ഡ്ര്യൂസ് ഹനീഫിന്‍റെ വിസ റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഓസ്ട്രേലിയയില്‍ നടപ്പിലാക്കുന്ന കടുത്ത ഭീകര വിരുദ്ധ നിയമപ്രകാരം ഹനീഫിന് വിസ മടക്കി നല്‍കാനാവില്ല എന്ന നിലപാടിലായിരുന്നു ആന്‍ഡ്ര്യൂസ്. കോടതി വിധിക്കെതിരെ മന്ത്രി അപ്പീല്‍ നല്‍കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ മടങ്ങിയെത്തിയ ഹനീഫ് വിസ മടക്കി കിട്ടാനായി നിയമ യുദ്ധം തുടരുമെന്ന് പറഞ്ഞിരുന്നു. ഗോള്‍ഡ് കോസ്റ്റിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഹനീഫ് സേവനം നല്‍കിയിരുന്നത്.