ആണവകരാര്‍ പഠനത്തിന് സമിതി
പ്രശ്നത്തിന് താത്കാലിക അയവ്, ഇടതു യോഗം ഇന്ന്
|
സമിതിയുടെ ചെയര്‍മാനായി മുന്‍ വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ശ്യാം ശരണിനെയായിരിക്കും നിയമിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആണവ കരാര്‍ സംബന്ധിച്ച് ഇടതു പക്ഷത്തിനുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി നിയമിച്ചിട്ടുള്ള ഏഴംഗ സമിതിയില്‍ ഇടതു നേതാക്കളും ഉള്‍പ്പെടുമെന്നറിയുന്നു.
അതേ സമയം ഇടതുകക്ഷികള്‍ ആണവ കരാര്‍ സംബന്ധിച്ച് യു.പി.എ സര്‍ക്കാരിനു ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ യു.പി.എ യിലെ മറ്റ് ഘടകകക്ഷികളും അനുനയ ശ്രമങ്ങള്‍ തുടങ്ങിയത് ഭിന്നതയുടെ രൂക്ഷതയ്ക്ക് അയവു വരുത്താന്‍ സഹായമായിട്ടുണ്ട്.
ആണവ കരാറിന് യുഎസ് കോണ്‍ഗ്രസ് അന്തിമ അംഗീകാരം നല്‍കുന്നതു വരെ തുടര്‍ നടപടി മരവിപ്പിക്കാനും ധാരണയായിട്ടുണ്ട്. ആണവ കരാര്‍ സംബന്ധിച്ച ആശങ്കകള്‍ അകറ്റുന്നതിനായുള്ള സമിതിയുടെ പഠനത്തിന് നാലു മാസ കാലാവധിയാണ് നല്‍കിയിരിക്കുന്നത്.
ആണവ കരാറിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസ് നിയമസാധുത നല്‍കിയ അനുബന്ധ കരാറിനെ കുറിച്ചും സമിതി പഠനം നടത്തും.
ഞായറാഴ്ച രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യുപിഎ നേതൃയോഗത്തിലാണു സമിതിയെ കുറിച്ചുള്ള തീരുമാനമായത്. പ്രധാനമന്തിയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തു.
സര്‍ക്കാരിന്‍റെ നിലനില്‍പ്പ് സംബന്ധിച്ചായിരുന്നു യോഗത്തില്‍ പ്രധാനമായും ചര്‍ച്ച നടന്നത്. ഇതോടൊപ്പം ആണവ കരാറിനെക്കുറിച്ചു പാര്‍ലമെന്‍റിലെ ചര്‍ച്ച 27ലേക്കു മാറ്റാനും തീരുമാനിച്ചു.
സര്‍ക്കാര്‍ മധ്യസ്ഥരായ പ്രണബ് മുഖര്‍ജി, പ്രതിരോധമന്ത്രി എ.കെ. ആന്‍റണി, കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ എന്നിവര്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു പ്രതിസന്ധിയുടെ രൂക്ഷത കുറഞ്ഞത്.
ആണവ കരാര്‍ സംബന്ധിച്ച്. യുപിഎ തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ തുടര്‍ പരിപാടി തീരുമാനിക്കാന്‍ ഇടതു നേതാക്കള്‍ തിങ്കളാഴ്ച യോഗം ചേരും.