1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. സമകാലികം

മദനി സര്‍ക്കാരിന്‍റെ അതിഥിയോ?

മദനി സര്‍ക്കാരിന്‍റെ അതിഥിയോ?
മദനിയുടെ യാത്രയും താമസവും സര്‍ക്കാര്‍ ചെലവിലാണ്. ചികിത്സാ ചെലവ് വഹിക്കുമെന്ന് ആരോഗ്യ മന്ത്രി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. യാത്രയും താമസവുമെല്ലാം സൌജന്യമായി നല്‍കുമെന്ന കാര്യം അന്നു പക്ഷെ പറഞ്ഞിരുന്നില്ല.

പക്ഷെ, തിരുവനന്തപുരത്ത് എത്തിയ മദനി താമസവും യാത്രയും സര്‍ക്കാരിന്‍റെ ചെലവിലാണ് നടത്തിയത്. ഇതിനായി ടൂറിസം മന്ത്രികൂടിയായ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വാക്കാല്‍ ഉത്തരവ് നല്‍കിയെന്നാണ് പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.

ഒന്നും കാണാതെ ഇടതു മുന്നണിയോ കോടിയേരിയോ മദനിയെ ഇങ്ങനെ സുഖിപ്പിക്കില്ല. ചികിത്സയെന്നല്ലാതെ സുഖ ചികിത്സ എന്ന് ആരും പറഞ്ഞിട്ടില്ലായിരുന്നു. മറ്റൊരു പ്രത്യേകത കോയമ്പത്തൂര്‍ ജയിലില്‍ നിന്നിറങ്ങി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മദനിക്ക് മുഖ്യമന്ത്രിക്കെന്നപോലെ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത് (ഇസഡ് പ്ലസ് കാറ്റഗറി).

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രതിഭാ പാട്ടീല്‍ തിരുവനന്തപുരത്ത് വോട്ട് ചോദിച്ച് എത്തിയപ്പോള്‍ നല്‍കിയ പ്രത്യേക മുറിയാണ് മദനിക്ക് നല്‍കിയത്. മസ്കറ്റ് ഹോട്ടലിലെ ഈ മുറിക്ക് ദിവസം ആറായിരം രൂപയാണ് വാടക. കൂടുതല്‍ പേരുണ്ടെങ്കില്‍ ആളൊന്നിന് ആയിരം രൂപ വച്ച് പിന്നെയും നല്‍കണം.

മസ്കറ്റ് ഹോട്ടലില്‍ മദനിയെ സ്വീകരിച്ചത് മന്ത്രി പ്രേമചന്ദ്രനും കെ.റ്റി.ഡി.സി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പും ചേര്‍ന്നായിരുന്നു. വൈകിട്ടത്തെ ശംഖുമുഖം സ്വീകരണ യോഗത്തില്‍ മൂന്നു മന്ത്രിമാര്‍ പങ്കെടുത്തു - കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എന്‍.കെ.പ്രേമചന്ദ്രന്‍. ഉദ്ഘാടകന്‍ കോടിയേരിയായിരുന്നു. ഒട്ടേറെ എം.എല്‍.എ മാരും മദനിക്ക് ജയ് വിളിക്കാനായി എത്തിയിരുന്നു.

മദനി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ സര്‍ക്കാരിന്‍റെ വക മൂന്നു കാറുകള്‍ മദനിക്ക് അകമ്പടി സേവിക്കാനുണ്ടായിരുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന ബെന്‍സ് കാറായിരുന്നു അതിലൊന്ന്. പക്ഷെ, കേരള സ്റ്റേറ്റ് എന്ന ബോര്‍ഡ് സൌകര്യപൂര്‍വ്വം മാറ്റിവച്ചിരുന്നു.

പൂന്തുറ കലാപത്തിനു മുഖ്യകാരണങ്ങളിലൊന്ന് മദനിയുടെ പ്രകോപനപരമായ പ്രസംഗമാണെന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് അരവിന്ദാക്ഷ മേനോന്‍ കമ്മീഷന്‍ നിരീക്ഷിച്ചിട്ടുണ്ട്. അമ്പത്തെട്ടുപേര്‍ മരിക്കുകയും 250 ഓളം പേര്‍ക്ക് മാരകമായ പരിക്കേല്‍ക്കുകയും ചെയ്ത കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലാണ് മദനി ജയിലില്‍ കഴിഞ്ഞത്.

കേരളത്തില്‍ തന്നെ വര്‍ഗ്ഗീയ വിദ്വേഷം ജനിപ്പിക്കുകയും സമുദായ സംഘര്‍ഷം ജനിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിന്‍റെ പേരില്‍ ഇരുപത്തിമൂന്നിലേറെ കേസില്‍ പ്രതിയാണ് മദനി. മദനിക്ക് വീര പരിവേഷം നല്‍കി അതിഥിയായി എഴുന്നള്ളിച്ച് നടത്തുന്നത് ഗുണത്തിലേറെ ദോഷമല്ലേ ഉണ്ടാക്കുക?

പക്ഷെ, മദനിക്ക് തീര്‍ച്ചയായും മാനുഷികമായ പരിഗണന നല്‍കേണ്ടത് സര്‍ക്കാരിന്‍റെ കടമ തന്നെയാണ്.