1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. സമകാലികം

ഭാരതീയ കാര്‍ഷികരംഗം മരണപാതയില്‍

കാര്‍ഷിക രംഗം പി.സായ്‌നാഥ്
ഭാരതീയ കാര്‍ഷിക രംഗം മരണപാതയിലെന്ന് മാഗ്സെസ് പുരസ്കാര ജേതാവും പ്രമുഖ പത്രപ്രവര്‍ത്തകനുമായ പി.സായ്‌നാഥ് അഭിപ്രായപ്പെട്ടു. നിലവിലെ അവസ്ഥ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എട്ടും ഒമ്പതും ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാനായി വിയര്‍പ്പൊഴുക്കുന്ന കര്‍ഷകര്‍ നഗരങ്ങളുടെ ഭൃത്യന്മാരായി മാറുന്ന കാഴ്ചയാണ് ഇന്നു കാണുന്നതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയിലെ കര്‍ഷകര്‍ നഗരങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണെന്നും അവിടത്തെ ഫാക്‍ടറികളില്‍ അവരുടെ ആയുസ്സ് ഒടുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ ഫാക്‍ടറികളിലെ തൊഴിലാളികളായവരാണ് ഇന്ന് നഗരങ്ങളിലെ സമ്പദ് വ്യവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ അടുത്തകാലത്തായി ഈ വ്യവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുകയാണ്. ഇന്നവര്‍ നഗരങ്ങളില്‍ ഭൃത്യന്മാരുടെ പണി ചെയ്യുകയാണ്. ഈ വ്യവസ്ഥയ്ക്ക് മാറ്റം വരണമെന്ന് സായ്‌‌നാഥ് ആവശ്യപ്പെട്ടു.

ഇന്നത്തെ വ്യവസ്ഥയ്ക്ക് മുന്നേറ്റം വരാന്‍ വ്യവസായ വല്‍ക്കരണത്തോടൊപ്പം പരമ്പരാഗതമായ ഗ്രാമീണ കാര്‍ഷിക ജീവിതരീതി തിരിച്ചുകൊണ്ടുവരാനും ശ്രമം ആരംഭിക്കേണ്ടിയിരിക്കുന്നു. ഗ്രാമീണ ജനത നഗരങ്ങളില്‍ ചെന്ന് ഭൃത്യരായി ജോലി ചെയ്യുനതിന് ഉദാഹരണമായി അദ്ദേഹം ഝാര്‍ഖണ്ഡിലെ രണ്ട് ലക്ഷം പെണ്‍കുട്ടികള്‍ ഡല്‍‌ഹിയില്‍ മാത്രം ഭൃത്യജോലി ചെയ്യുന്നതായി ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയമാണ് ഇത്തരം വൈരുദ്ധ്യങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറയുന്നു. ഈ നയ വൈകല്യങ്ങള്‍ ആയിരക്കണക്കിനു കര്‍ഷകരുടെ ആത്മഹത്യയിലേക്ക് നയിക്കുന്നതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.