മൊബൈല്‍: നോക്കിയ മുന്നില്‍
|
സാമ്പത്തിക വിപണിയുടെ രണ്ടാം പാദത്തിലെ വില്‍പ്പന കൂടി കൂട്ടിയപ്പോള്‍ ലോകത്തുടനീളമായി 100 മില്യണ്‍ ഹാന്‍ഡ് സെറ്റുകള്‍ നോക്കിയ വിറ്റഴിച്ചു. 2007 ലെ രണ്ടാം പാദത്തില്‍ 37 ശതമാനമാണ് നോക്കിയയുടെ വളര്‍ച്ച. തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്ത് മോട്ടറോളയാണ്.
മറ്റു മൊബൈലുകളെ അപേക്ഷിച്ച് ഹാന്‍ഡ്സെറ്റിന്‍റെ വിലക്കുറവും വിപണികള്‍ തമ്മിലുള്ള മികച്ച നെറ്റ്‌വര്‍ക്കും മികച്ച വിപണന തന്ത്രവുമാണ് നോക്കിയയുടെ വിജയത്തിനു പിന്നില്‍ വിദഗ്‌ദര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം സ്ഥാനക്കാര്‍ മോട്ടറോളയാണ്. ഹാന്‍ഡ് സെറ്റുകള്‍ക്ക് വലിയ വിലയുണ്ടെങ്കിലും 14.6 ശതമാനം വളര്‍ച്ച രണ്ടാം പാദത്തില്‍ കണ്ടെത്താന്‍ മോട്ടറോളയ്‌ക്കായി.
രണ്ടാം പാദത്തില്‍ 13.4 ശതമാനം വളര്‍ച്ചയുമായി കൊറിയന്‍ കമ്പനി സാംസംഗാണ് മൂന്നാമത്. വിപണിയില്‍ പെട്ടെന്നു പിടിച്ചു കയറുന്ന സാംസംഗ് മോട്ടറോളയെ പിന്നിലാക്കുമെന്നാണ് കരുതുന്നത്. വീഡിയോ എഡിറ്റിംഗ് പോലുള്ള സംവിധാനവും മ്യൂസിക്കുമെല്ലാം ഉള്‍പ്പെടുത്തി വിപണിയില്‍ എത്തിയ അവരുടെ പുതിയ ഹാന്‍ഡ് സെറ്റുകള്‍ക്ക് മികച്ച വിപണി ലഭിക്കുന്നുണ്ട്.
വിപണിയില്‍ ഒമ്പതു ശതമാനം വളര്‍ച്ചയുമായി സോണി ഐറിക്സന്‍ നാലാം സ്ഥാനത്താണ്. 24.3 മില്യണ്‍ യൂണിറ്റുകളാണ് സോണി ഐറിക്സണ്‍ ഇതുവരെ വിറ്റഴിച്ചത്. പുതിയ ചോക്കലേറ്റ് മോഡലുമായി വിപണിയിലേക്ക് ഇറങ്ങുന്ന എല്‍ ജിയാകട്ടെ അഞ്ചാം സ്ഥാനത്താണ്. 6.8 ശതമാനമാണ് വളര്‍ച്ച.