ആനിമേഷനു പ്രചാരമേറുന്നു
|
കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ഫലം എന്നതാണ് വന്‍കിട ഹോളീവുഡ് നിര്‍മ്മാണ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. വന്‍ കിട കമ്പനികളുടെ വരവിനെ തുടര്‍ന്ന് രാജ്യത്ത് 70 ശതമാനം കലയും മുപ്പതു ശതമാനം സാങ്കേതിക വിദ്യയും ചേരുന്ന ആനിമേഷന്‍ സ്ഥാപനങ്ങള്‍ അടിക്കടി ഉയര്‍ന്നു വരികയും ചെയ്യുന്നു.
ഇന്ത്യന്‍ ആനിമേഷന്‍ വ്യവസായത്തിലേക്ക് പണം നിക്ഷേപിക്കാനായി ധാരാളം വന്‍കിടക്കാരാണ് മുന്നോട്ട് വരുന്നത്. സ്പൈഡര്‍മാന്‍, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്കു വരെ ഇന്ത്യയില്‍ നിന്നും ആനിമേഷന്‍ ഒരുക്കിയിരുന്നു. നാസ്കോമിന്‍റെ കണക്കുകളും ഇന്ത്യന്‍ ആനിമേഷന്‍റെ വളര്‍ച്ച ശരി വയ്‌ക്കുകയാണ്.
ആനിമേഷന്‍ വ്യവസായം 2006 ല്‍ 354 മില്യണ്‍ ഡോളര്‍ ആയിരുന്നത് 2010 ല്‍ എത്തുമ്പോള്‍ 869 മില്യണ്‍ ഡോളറായി ഉയരുമെന്ന് നാസ്കോം പ്രവചിക്കുന്നു. 2008 ല്‍ മൂന്ന് ലക്ഷം ആനിമേറ്റര്‍മാരെ ഇന്ത്യയ്‌ക്ക് ആവശ്യമായി വരുമെന്ന് 2005ല്‍ നാസ് കോം പ്രവചിച്ചിരുന്നു.
എന്നാല്‍ 2006 വരെ ആനിമേഷന്‍ രംഗത്ത് 16,500 പേരെ ഉണ്ടായിട്ടുള്ളെന്നും 2010 ലേക്ക് 26,000 പേരെ കൂടി ആവശ്യമായി വരുമെന്നും ആണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പ്യൂട്ടര്‍ ഗെയിമുകള്‍ പരസ്യങ്ങള്‍ എന്നീ മേഖലകളില്‍ എല്ലാം തന്നെ ആനിമേറ്റര്‍മാരെ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.