1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

കണ്‍സ്യൂമര്‍ഫെഡിന് 30 കോടി ലക്‍ഷ്യം

കണ്‍സ്യൂമര്‍ ഫെഡ് ഓണം വില്‍പ്പന
സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണ വിപണി ലക്‍ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ സഹകരണ സ്ഥാപനമായ കണ്‍സ്യൂമര്‍ ഫെഡ് വിപണിയില്‍ തങ്ങളുടെ സാന്നിദ്ധ്യം ശക്തമായി അറിയിച്ചുകൊണ്ട് രംഗത്തെത്തി. 30 കോടി രൂപയുടെ വില്‍പ്പന ലക്‍ഷ്യമാക്കിയാണ് കണ്‍സ്യൂമര്‍ ഫെഡ് എത്തിയിട്ടുള്ളത്.

ഇത്തവണ ഓണം വിപണി ലക്‍ഷ്യമാക്കി നേരത്തേ തന്നെ കണ്‍സ്യൂമര്‍ ഫെഡ് വ്യാപാരം തുടങ്ങിയിരുന്നു. ജൂലൈ അഞ്ചാം തീയതി മുതല്‍ പതിനേഴാം തീയതി വരെയുള്ള കച്ചവടത്തിലൂടെ തന്നെ കണ്‍സ്യൂമര്‍ ഫെഡ് 13 കോടി രൂപയുടെ വ്യാപാരം നടത്തിയതായാണ് അധികൃതര്‍ പറയുന്നത്.

സാധാരണ ഓണ വിപണിയിലെ വില്‍പ്പനയേക്കാള്‍ ഇക്കൊല്ലത്തെ ഇതുവരെയുള്ള വില്‍പ്പന മികച്ച വര്‍ദ്ധനവാണ് കൈവരിച്ചിട്ടുള്ളതെന്നും അധികാരികള്‍ പറയുന്നു.

സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കണ്‍സ്യൂമര്‍ഫെഡ് ഓണം വിപണിയില്‍ സജീവമായിരിക്കുന്നത്. ഇതിനായി 2000 ശാഖകള്‍ ഓണത്തിനു തുറക്കാന്‍ ലക്‍ഷ്യമിട്ടിരിക്കുന്നതില്‍ 1400 എണ്ണം ഇപ്പോള്‍ തന്നെ തുറന്നിട്ടുണ്ട്.

ഇതു കൂടാതെ സംസ്ഥാനത്തൊട്ടാകെ 65 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം നീതി സ്റ്റോറുകളും തകര്‍പ്പന്‍ വില്‍പ്പന ലക്‍ഷ്യമിടുന്നു.

കണ്‍സ്യൂമര്‍ഫെഡ് പൊതുവിപണിയേക്കാള്‍ 13 മുതല്‍ 45 ശതമാനം വരെ വിലക്കിഴിവിലൂടെ പലവ്യഞ്ജന സാധനങ്ങള്‍, അരി എന്നിവ വില്‍പ്പന നടത്തുന്നുണ്ട്. ഓണത്തിനായുള്ള പായസ കിറ്റ് 50 രൂപയ്ക്ക് തന്നെ വില്‍ക്കാനും തീരുമാനമായിട്ടുണ്ട്.
About Writer
WEBDUNIA