1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. വാണിജ്യ വാര്‍ത്ത

സപ്ലൈകോ പച്ചക്കറി വില്‍പ്പന 23മുതല്‍

പച്ചക്കറി വില്‍പ്പന സപ്ലൈകോ ഓണം വില്‍പ്പന
FILEFILE
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോ ഓണത്തോട്‌ അനുബന്ധിച്ചുള്ള പച്ചക്കറി വില്‍പ്പന ഈ മാസം 23 ന്‌ ആരംഭിക്കും. നേന്ത്രക്കാ ഉള്‍പ്പെടെ 29 ഇനം പച്ചക്കറികളാണ്‌ സപ്ലൈകോ വില്‍പ്പന നടത്തുന്നത്‌.

അതേ സമയം ഓണത്തോടനുബന്ധിച്ച്‌ സപ്ലൈകോ പ്രത്യേകമായി 145 പീപ്പിള്‍സ്‌ ബസാറുകളും തുറക്കുന്നുണ്ട്‌. പീപ്പിള്‍സ്‌ ബസാറുകളിലും ഫെയറുകളിലും ആഗസ്ത്‌ 22 മുതല്‍ 26 വരെയാണ്‌ ഓണം പച്ചക്കറി വില്‍പന നടക്കുക. പൊതുവിപണിയിലെ വിലയെക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്കായിരിക്കും സപ്ലൈകോ പച്ചക്കറി വില്‍പന നടത്തുക എന്ന്‌ സപ്ലൈകോ അധികൃതര്‍ പറയുന്നു. .

ഓണം പ്രമാണിച്ചുള്ള സപ്ലൈകോ താത്കാലിക ഷോറൂമുകള്‍ ആരംഭിച്ചു കഴിഞ്ഞു. തൃശ്ശൂരില്‍ തേക്കിന്‍കാട്‌ മൈതാനിയിലും കോഴിക്കോട്ട്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍ റോഡിലും ഓണം പീപ്പിള്‍സ്‌ മെട്രോ ബസാറുകള്‍ തുറന്നിട്ടുണ്ട്‌.

അതുപോലെ തന്നെ എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ 13ന്‌ മെട്രോ ഓണം പീപ്പിള്‍സ്‌ ബസാറുകള്‍ തുറക്കും. എറണാകുളത്ത്‌ ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിനടുത്തുള്ള കൈലാസം ഗ്രൗണ്ടിലും കോട്ടയത്ത്‌ സപ്ലൈകോ ഗ്രൗണ്ടിലുമാണ്‌ ബസാറുകള്‍ തുറക്കുക.

ഇതു കൂടാതെ കൊല്ലം, പത്തനംതിട്ട, തൊടുപുഴ, ആലപ്പുഴ, പാലക്കാട്‌, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്‌, കല്‍പറ്റ, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ബസാറുകള്‍ 17ന്‌ ആരംഭിക്കുമെന്നറിയുന്നു.

സ്ഥിരം ബസാറുകള്‍ക്കും പീപ്പിള്‍സ്‌ ബസാറുകള്‍ക്കും പുറമേ ഓണം മാത്രം ലക്ഷ്യമാക്കി ആഗസ്ത്‌ 22ന്‌ നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ 130 ഓണച്ചന്തകളും ആരംഭിക്കും.