ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി അശ്വിനി കുമാര്‍ അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ദുബയില്‍ പ്രമുഖ വ്യവസായികളും പ്രൊഫഷണലുകളും ഉള്‍പ്പെട്ട ഒരു യോഗത്തിലാണ് മന്ത്രി ഇത് പറഞ്ഞത്. കിഴക്കും പടിഞ്ഞാറുമുള്ള അയല്‍ രാജ്യങ്ങളുമായി വ്യാപാര വാണിജ്യ ബന്ധങ്ങല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാര വാണിജ്യ വികസനത്തിനായുള്ള അടിസ്ഥാന സൌകര്യ വികസനത്തിന് ഇന്ത്യ ഒരുങ്ങുകയാണ്. സാമ്പത്തിക രംഗത്ത് യൂറോപ്പ്, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായ രീതിയിലെത്തുക എന്നതാണ് ഇന്ത്യയുടെ ലക്‍ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള പരമ്പരാഗതമായ വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ യു.പി.എ സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ പ്രദേശങ്ങളിലായി പെട്രോളിയം, രാസവസ്തുക്കള്‍, പെട്രോക്കെമിക്കല്‍ എന്നീ വ്യവസായ മേഖലകള്‍ സ്ഥാപിക്കാന്‍ രാജ്യം തയാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം മേഖലകളുടെ ആവിര്‍ഭാവത്തോടെ നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
|