1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ലേഖനങ്ങള്‍
  6. ദുബായ് മാന്ദ്യത്തില്‍ ഉലയുമോ രാജ്യം?

Will Dubai crisis shake our country? | ദുബായ് മാന്ദ്യത്തില്‍ ഉലയുമോ രാജ്യം?

ഷിജു രാമചന്ദ്രന്‍

ദുബായ്
PRO
ദുബായ് സര്‍ക്കാരിന്‍റെ വ്യാപാര സംരംഭങ്ങളിലൊന്നായ ദുബായ് വേള്‍ഡ് പ്രതിസന്ധിയിലാണെന്ന റിപ്പോര്‍ട്ട് ഗള്‍ഫ് മേഖലയെ മാത്രമല്ല, എല്ലാ ലോകരാജ്യങ്ങളേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. 5900 കോടി ഡോളറിന്‍റെ കടബാധ്യത ദുബായ് വേള്‍ഡിനുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയതോടെ മാന്ദ്യം ദുബായിയെ ബാധിച്ചു എന്നത് മറനീക്കി പുറത്തുവന്നു. ഞെട്ടിയോ എന്ന് ചോദിച്ചാല്‍ ‘ഇല്ല’ എന്ന് ഒറ്റവാക്കില്‍ മറുപടി പറയാമെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ദുബായ് പ്രതിസന്ധി തങ്ങളെ ബാധിക്കില്ലെന്ന് പറയുന്നത് കേവലം കണ്ണടച്ച് ഇരുട്ടാക്കല്‍ മാത്രമാണ്.

ദുബായ് വേള്‍ഡ് സംഭവം ദുബായിയുടെ ചരിത്രത്തിലെ ഒരു സൂക്ഷ്മാണു മാത്രമാണ്. അയല്‍രാജ്യങ്ങളെപ്പോലെ ഈ കൊച്ചു രാജ്യത്തിന് എണ്ണ സമ്പത്തില്ല. അതുകൊണ്ടുതന്നെ വിചിത്രമായ ശൈലിയാണ് ഭരണാധികാരിയായ ഷെയ്ക്ക് മുഹമ്മദ് ദുബായിയുടെ വികസനത്തിന് സ്വീകരിച്ചത്. അതിശയിപ്പിക്കുന്ന കെട്ടിട നിര്‍മ്മാ‍ണ പദ്ധതികള്‍ക്കാണ് ദുബായിയെ അദ്ദേഹം നയിച്ചത്. ആയിരക്കണക്കിന് മില്യന്‍ ഡോളര്‍ ചെലവഴിച്ച് ദുബായ് പട്ടണത്തെ പടിഞ്ഞാറന്‍ ഏഷ്യയിലെ ധനകാര്യ കേന്ദ്രമാക്കി അദ്ദേഹം മാറ്റി. അതിന് മാതൃകയായി പ്രവര്‍ത്തിച്ച സംരംഭങ്ങളിലൊന്നാണ് ദുബായ് വേള്‍ഡ്.

ദുബായിയുടെ തുറമുഖങ്ങളുടെ വികസനത്തിന് ദുബായ് വേള്‍ഡിന്‍റെ പങ്ക് നിസ്തുലമാണ്. ദുബായ് വേള്‍ഡിന്‍റെ റീട്ടെയില്‍ ശൃംഖലയായ നഖീല്‍ അറബിക്കടലില്‍ ഈന്തപ്പനയുടെ ആകൃതിയില്‍ മണ്ണിട്ട് നികത്തി നിര്‍മിക്കുന്ന ദ്വീപിലെ ആഡംബര ഫ്ലാറ്റ് (പാം ട്രീ ഫാറ്റ്) ഇതില്‍ ഒന്നുമാത്രം. എന്നാല്‍, എടുത്ത കടം തിരിച്ചടയ്ക്കാന്‍ പോലും കൈയ്യില്‍ കാശില്ലാതിരിക്കുന്ന് നഖീല്‍ പദ്ധതി ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. ബോളിവുഡ്, ഹോളിവുഡ് താരങ്ങളും വ്യവസായികളും അടക്കം നിരവധി പേരാണ് ഇവിടെ ഫ്ലാറ്റിനായി അഡ്വാന്‍സ് നല്‍കിയിരിക്കുന്നത്. എല്ലാം വെള്ളത്തിലായോ എന്ന ആശങ്ക ഇവര്‍ക്കെല്ലാമുണ്ടായെങ്കില്‍ അത്ഭുതപ്പെടാനില്ല.

പണം സുലഭമാകുകയും ആഗോള സാമ്പത്തിക രംഗം കുതിക്കുകയും ചെയ്തപ്പോഴാണ് ഷെയ്ക്ക് മുഹമ്മദ് ബുദ്ധിപരമായ നീക്കം നടത്തിയത്. ദുബായില്‍ ഭവനവില കുറയുകയും നിക്ഷേപതോത് ക്രമാതീതമായി ഉയരുകയും ചെയ്തു. രണ്ട് തരത്തിലുള്ള ആപത്ത് ദുബായിയെ കാത്തിരിക്കുന്നതായി അന്നേ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എവിടെയെങ്കിലും തിരിച്ചടിയുണ്ടായാല്‍ ദുബായിയുടെ ബാധ്യത കുതിച്ചുയരും എന്നതായിരുന്നു പ്രഥമ മുന്നറിയിപ്പ്. മറ്റൊന്ന് ബിസിനസ് മേഖലയില്‍ യാതൊരു തരത്തിലുമുള്ള മുന്‍ പരിചയവുമില്ലാത്ത ഷെയ്ക്ക് മുഹമ്മദാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതായിരുന്നു. ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ വിപത്ത് ഒരേസമയം ദൃശ്യമാകുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
PRO
ദുബായിയുടെ വ്യവസായ, സാമ്പത്തിക വളര്‍ച്ച നിര്‍മ്മാണ മേഖലയിലൂടെയാണെന്ന് വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്. നാല് ലക്ഷത്തോളം മലയാളികളടക്കം നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ ദുബായില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും നിര്‍മ്മാണ മേഖലയിലുമാണ്. ദുബായിയിലുള്ള എണ്‍പത് ശതമാനം മലയാളികളും നിര്‍മ്മാണ മേഖലയിലാണ് എന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. പ്രതിസന്ധി സ്ഥിരീകരിക്കപ്പെട്ടതോടെ പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലുമടക്കമുള്ള നടപടികള്‍ ദുബായ് വേള്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ ഉണ്ടാകും എന്നത് ഭയപ്പെടുത്തുന്ന സത്യം മാത്രം.

ഇതിനിടെയാണ് ദുബായിലെ ഒരു ടൈല്‍ കമ്പനി പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ അറുപതോളം പേരെ പിരിച്ചുവിട്ടു എന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഇനി ദുബായിലേക്ക് വരേണ്ടതില്ലെന്നും കുടിശ്ശിക ശമ്പളം നാട്ടിലേക്ക് അയക്കാമെന്നുമുള്ള സന്ദേശം എസ് എം എസ് വഴിയാണ് ഇവര്‍ക്ക് ലഭിച്ചത്. മാന്ദ്യം ഇന്ത്യയെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ആണയിട്ട് പറയുമ്പോഴാണ് ഈ കഥകള്‍ പുറത്തുവന്നത്. കൂടുതല്‍ പിരിച്ചുവിടലുകള്‍ വരു ദിവസങ്ങളില്‍ ഉണ്ടാകും എന്ന സൂചനയാണ് ഇപ്പോള്‍ ദുബായിയില്‍ നിന്ന് ഗോചരമായിക്കൊണ്ടിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കാന്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാത്ത സാഹചര്യമാണ് സംജാതമാകുക.

2008 ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം യു‌എ‌ഇയില്‍ നിന്നുള്ള ഇന്ത്യന്‍ ജോലിക്കാര്‍ 43.5 ബില്യന്‍ ഡോളറാണ് രാജ്യത്തേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം 3.4 ലക്ഷം ആളുകള്‍ക്ക് യുഎ‌ഇയില്‍ പുതുതായി തൊഴില്‍ ലഭിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടപ്പെടലും ശമ്പളം വെട്ടിക്കുറയ്ക്കലും ഉണ്ടാകുമ്പോള്‍ ക്രമാനുഗതമായി പ്രവാസി നിക്ഷേപത്തിലും ഗണ്യമായ കുറവാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇങ്ങനെ പ്രത്യക്ഷ പ്രത്യാഘാതങ്ങള്‍ക്ക് സാക്‍ഷ്യം വഹിക്കാന്‍ രാജ്യം തയ്യാറാകേണ്ടി വരുമെന്ന് ഉറപ്പായിട്ടും ദുബായ് മാന്ദ്യം ഇന്ത്യയെ ബാധിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്‍റെ പ്രസ്താവന കഷായം പാലാക്കി കാണിക്കുന്ന മായാജാലക്കാരന്‍റെ ചെപ്പടിവിദ്യയാണ്.

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല സുശക്തമാണെന്നും അതിനാല്‍ ദുബായിലെ പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നുമാണ് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ പ്രസ്താവിച്ചത്. നല്ല കാര്യം തന്നെ, റിയല്‍ എറ്റേറ്റ് ഭീമന്‍‌മാരെ മാന്ദ്യം ബാധിച്ചാല്‍ മാത്രമാണ് രാജ്യത്തെ ദുബായ് പ്രതിസന്ധി പ്രതികൂലമാകുക എന്ന് പറയാന്‍ പഠിച്ച ആനന്ദ് ശര്‍മ ഏത് കോര്‍പറേറ്റിന്‍റെ വക്താവാണെന്നത് വ്യക്തം. ഇന്ത്യയുടെ പ്രവാസി നിക്ഷേപത്തില്‍ അത് ഉണ്ടാക്കുന്ന കുറവും ഗള്‍ഫിലേക്കുള്ള ഭക്‍ഷ്യ, ടെക്സ്റ്റൈല്‍‌സ് ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഉണ്ടാകുന്ന കുറവും വാണിജ്യ മന്ത്രിക്ക് മനസിലാക്കാനാവാത്തതാണോ അതോ കണ്ടിട്ടും കാണാത്തതാണോ, ഏതാണ് വസ്തുത? ദുബായില്‍ ഇന്ത്യയ്ക്ക് നേരിട്ട് നിക്ഷേപമില്ലെന്നും അതിനാല്‍ മാന്ദ്യം ബാധിക്കില്ലെന്നും ധനമന്ത്രിയും പ്രസ്താവിച്ചിരിക്കുന്നത്. ഇവരുടെയെല്ലാം ചിന്താസരണിയില്‍ വന്‍ കോര്‍പറേറ്റുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നത് മാത്രമാണ് വരുന്നത്. ദുബായില്‍ തൊഴില്‍ ചെയ്യുന്ന പാവപ്പെട്ട പ്രവാസിയുടെ കഷ്ടതകള്‍ ഇവരുടെ ചിന്താമണ്ഡലത്തില്‍ ഉദിക്കുന്നേയില്ല.

PRO
ഇന്ത്യയ്ക്ക് ദുബായില്‍ നിക്ഷേപമില്ല എന്ന ധനമന്ത്രിയുടെ പ്രസ്താവന ഒരു താല്‍ക്കാലിക രക്ഷാബന്ധന്‍ മാത്രമാണെന്ന് മനസിലാക്കാന്‍ ഏറെയൊന്നും പോകേണ്ടതില്ല. ഇന്ത്യയ്ക്ക് കാര്യമായ നിക്ഷേപങ്ങള്‍ ഇല്ലായിരിക്കാം. എന്നാല്‍, ദുബായിക്ക് ഇന്ത്യയില്‍ നിക്ഷേപ പദ്ധതികളുണ്ട്. കേരളത്തിന്‍റെ അഭിമാന പദ്ധതികളായ സ്മാര്‍ട്ട്‌സിറ്റി, വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്‍റ് ടെര്‍മിനല്‍ എന്നിവ അവയില്‍ സുപ്രധാ‍നമായ രണ്ടെണ്ണമാണ് എന്നറിയുമ്പോഴാണ് ആശങ്കയുടെ വ്യാപ്തി അറ്റ്ലാന്‍റിക്കിനേക്കാള്‍ വിസ്തൃതമാകുന്നത്. ഇപ്പോള്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ദുബായ് വേള്‍ഡിന്‍റെ ശൃംഖലകളിലൊന്നായ ദുബായ് പോര്‍ട്ടാണ് വല്ലാര്‍പാ‍ടം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഏകദേശം പൂര്‍ത്തിയായി വരുന്ന ഈ പദ്ധതിയുടെ ഭാവി എന്താകുമെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒരു അന്വേഷണം പോലും നടത്തിയിട്ടില്ല.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളാണ് ദുബായിയുടെ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുന്നത്. അവയിലൊന്നാണ് ദുബായ് വേള്‍ഡ്. ദുബായ് വേള്‍ഡിനുണ്ടായ പ്രതിസന്ധി അതിന്‍റെ എല്ലാ ശൃംഖലകളേയും ഒരുപോലെ ബാധിക്കുമെന്ന കാര്യം നിസ്തര്‍ക്കമാണ്. അങ്ങനെയെങ്കില്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്‍റ് ടെര്‍മിനല്‍ നിര്‍മ്മാണം ഇനി ഒച്ചിന്‍റെ വേഗതയിലാകും. 2005ല്‍ തുടങ്ങിയ ടെര്‍മിലനിന്‍റെ നിര്‍മ്മാണം ഇഴയുന്നത് സംസ്ഥാനത്തിന്‍റേയും രാജ്യത്തിന്‍റേയും വികസന സാധ്യതകള്‍ക്ക് വിഘാതമാകുന്നതിന് കാരണമാകുമെന്ന വസ്തുത മടച്ചുവയ്ക്കാനാകില്ല.

ദുബായ് വേള്‍ഡ് പോലെ തന്നെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റൊരു സ്ഥാപനമാണ് ദുബായ് ഹോള്‍ഡിംഗ്. ഈ കമ്പനിയുടെ ഭാഗമായ ടീകോം ആണ് കേരളത്തിലെ ഏറ്റവും സുപ്രധാനമായ ഐ ടി പദ്ധതിയായ സ്മാര്‍ട്ട്‌സിറ്റി നടപ്പിലാക്കാന്‍ തയ്യാറായിരിക്കുന്നത്. സ്മാര്‍ട്ട്‌സിറ്റിയെ മാന്ദ്യം ബാധിച്ചതാണ് പദ്ധതി വൈകാന്‍ കാരണമെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണോ എന്ന് ചിന്തിച്ചുപോകുകയാണ്. ദുബായിയെ മൊത്തത്തില്‍ ബാധിച്ച മാന്ദ്യം ടീകോമിനേയും ബാധിച്ചതിനാലാണോ അവര്‍ ഓരോ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പദ്ധതി നീട്ടിക്കൊണ്ട് പോകുന്നതിന് പിന്നില്‍ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ദീര്‍ഘകാലമായി സാമ്പത്തിക പ്രതിസന്ധി ദുബായിയെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ദുബായ് വേള്‍ഡിന് പിന്നാലെ ദുബായ് ഹോള്‍ഡിംഗും നഷ്ടത്തിലാണെന്ന കണക്ക് പുറത്ത് വിടില്ലെന്നൊന്നും പറയാന്‍ സാധ്യമല്ല. ദുബായ് സര്‍ക്കാരും സെന്‍‌ട്രല്‍ ബാങ്കും പ്രഖ്യാപിച്ച സഹായങ്ങള്‍ ദുബായ് വേള്‍ഡിനെ രക്ഷിക്കുമെങ്കില്‍ രാജ്യത്തിനും കേരളത്തിനും ആശ്വസിക്കാമെന്ന് മാത്രം.
About Writer
WEBDUNIA