പ്രധാന താള്‍ » മറ്റുള്ളവ » സ്ത്രീ » ലേഖനങ്ങള്‍ » സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കലാവതിയുടെ ദാരിദ്ര്യം മാറുമോ? (Will Kalavathi's poverty come to an end with candidature)
സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കലാവതിയുടെ ദാരിദ്ര്യം മാറുമോ?
ജോയ്സ്
ശനി, 19 സെപ്റ്റംബര്‍ 2009( 20:31 IST )
PRO
ആരും അറിയാതെ മഹാരാഷ്‌ട്രയിലെ വിദര്‍ഭയില്‍ ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീ!. ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ പ്രതീകമായി പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധി ഈ നാമം ഉച്ചരിച്ചതോടെയാണ് ഇവര്‍ക്ക് പ്രശസ്‌തി കൈവന്നത്. കലാവതിബായി ബന്ദുര്‍ക്കര്‍ എന്ന സ്‌ത്രീയുടെ ദൈന്യത നിറഞ്ഞ ജീവിതം രാജ്യം കേട്ടു.
ആദ്യം സഹായഹസ്‌തങ്ങളുടെ പെരുമഴ ആയിരുന്നു. ദിവസം 12 മണിക്കൂര്‍ വൈദ്യുതി കട്ട് ആകുന്ന ഗ്രാമത്തില്‍ കലാവതിയുടെ വീട്ടില്‍ ആദ്യമായി വൈദ്യുതി എത്തി. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ സഹായിക്കാനുള്ള മത്സരബുദ്ധി കൊണ്ട് അത്യാവശ്യം ആഹാരസാധനങ്ങളും വീട്ടു സാധനങ്ങളും മറ്റും ഇക്കാലത്ത് കിട്ടിക്കൊണ്ടിരുന്നു.
കലാവതിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ പുതിയ വീട് നിയമപരമായ സ്ഥലത്ത് നിര്‍മ്മിച്ചു നല്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. വാഗ്‌ദാനങ്ങള്‍ രാഹുലിനെ ഓര്‍മ്മിപ്പിക്കാന്‍ കലാവതി ഡല്‍ഹിക്ക് പോയി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കലാവതിയെ പരാമര്‍ശിച്ച് കോണ്‍ഗ്രസിനെതിരെ പ്രതിപക്ഷം ആക്ഷേപങ്ങള്‍ ഉയര്‍ത്തി. കലാവതി വീണ്ടും മാധ്യമങ്ങളില്‍ നിറയുകയായിരുന്നു. അവരുടെ ദരിദ്രജീവിതത്തിന് കൂടുതല്‍ പ്രാധാന്യം കൈവന്നതോടെ രാഷ്‌ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും ‘കലാവതി’ ഇഷ്‌ടവിഷയമായി.
ഏതായാലും ദാരിദ്ര്യം വഴി കലാവതിക്ക് കിട്ടിയ ഈ ‘പബ്ലിസിറ്റി’ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ തയ്യാറെടുക്കുകയാണ് വിദര്‍ഭ ജന ആന്ദോളന്‍ സമിതി. തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ലെങ്കിലും ശക്തമായ സാന്നിധ്യമാകാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് സമിതിക്കറിയാം. രാഹുലിന്‍റെ കലാവതി തങ്ങളുടെ പാനലില്‍ ഉള്ളപ്പോള്‍ കുറേ രാഹുല്‍ ആരാധകരുടെ വോട്ട് എങ്കിലും കിട്ടുമെന്നാണ് സമിതി പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കലാവതിയുടെ ജീവിതത്തിന് തിളക്കം കൈവരുമോയെന്നാണ് ഇനി അറിയേണ്ടത്. കടക്കെണിയെത്തുടര്‍ന്ന് വിദര്‍ഭയില്‍ ജീവനൊടുക്കിയ കര്‍ഷകരിലൊരാളാണ് കലാവതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്‍റെ മരണ ശേഷം ഒന്‍പതു കുട്ടികളെ പട്ടിണി കിടന്നാണ് കലാവതി പോറ്റുന്നത്.
ഇപ്പോഴിതാ കലാവതി വീണ്ടും പ്രശസ്‌തിയിലേക്ക് ഉയരുകയാണ്. നിയമസഭാ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ദാരിദ്ര്യത്തിന് കുറച്ചെങ്കിലും ശമനം വന്നേക്കും. വിജയിക്കുകയാണെങ്കില്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്ന അവര്‍ കുറേയേറെ ദരിദ്രരുടെ പട്ടിണി ശമിപ്പിക്കേണ്ടി വരും. പരാജയപ്പെടുകയാണെങ്കില്‍ വീണ്ടും ഒരു ദരിദ്ര വാര്‍ത്തയായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കും.