1. മറ്റുള്ളവ
  2. »
  3. സ്ത്രീ
  4. »
  5. ലേഖനങ്ങള്‍
  6. വനിതകളെ പിന്തുണച്ച് മധ്യപ്രദേശ്

Women shines in MP | വനിതകളെ പിന്തുണച്ച് മധ്യപ്രദേശ്

ബി ജെ പി സുഷമ സ്വരാജ് യശോധര രാജ് സിന്ധ്യ സുമിത്ര മഹാജന്
PTIPTI
പതിനഞ്ചാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശിന് അഭിമാനിക്കാന്‍ കാരണമുണ്ട്. സംസ്ഥാനത്ത് ബി ജെ പിയുടെയും കോണ്‍ഗ്രസിന്‍റേതുമായി മല്‍സരിച്ച എല്ലാ വനിതാ സ്ഥാനാര്‍ത്ഥികളും ജയിച്ചു എന്നതാണിത്. ബി ജെ പി നാലും കോണ്‍ഗ്രസ് രണ്ടും സ്ഥാനാര്‍ത്ഥികളെയാണ് മല്‍സരിപ്പിച്ചിരുന്നത്.

സുഷമ സ്വരാജ്, യശോധര രാജ് സിന്ധ്യ, ജ്യോതി ധര്‍വെ, സുമിത്ര മഹാജന്‍ എന്നിവരാണ് സംസ്ഥാനത്ത് ജയിച്ച ബി ജെ പി സ്ഥാനാര്‍ത്ഥികള്‍. സുഷമ സ്വരാജ് വിദിഷയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുന്നവാര്‍ സാലിവിനെയാണ് മൂന്ന് ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

സംസ്ഥാനത്ത് ഒരു സ്ഥാനാര്‍ത്ഥി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. യശോധര രാജ് സിന്ധ്യ ഗ്വാളിയോറില്‍ കോണ്‍ഗ്രസിലെ അശോക് സിംഗിനെയും, ജ്യോതി ധര്‍വെ ബെറ്റല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ഓജറാമിനെയും, സുമിത്ര മഹാജന്‍ ഇന്‍ഡോറില്‍ കോണ്‍ഗ്രസിലെ സത്യ നാരായണ പാട്ടീലിനെയുമാണ് പരാജയപ്പെടുത്തിയത്.

അതേസമയം ഏറ്റവും കൂടൂതല്‍ വനിതാ പ്രതിനിധികളെ ലോക്സഭയിലേക്കയച്ചത് ഉത്തര്‍ പ്രദേശാണ്. 13 വനിത സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാനത്ത് ജയിച്ചത്. 86 വനിതകളായിരുന്നു ഇവിടെ മല്‍സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ 33 പേര്‍ സ്വതന്ത്രരായിരുന്നു. ബി ജെ പി എട്ട് വനിതകളെ മല്‍സര രംഗത്തിറക്കിയതില്‍ മേനക ഗാന്ധി മാത്രമാണ് ജയിച്ചത്. ബി എസ് പിയുടെ ആറ് വനിത സ്ഥാനാര്‍ത്ഥികളില്‍ നാല് പേര്‍ ജയിച്ചു. സമാജ്‌വാദി പാര്‍ട്ടി മല്‍സരത്തിനിറക്കിയ അഞ്ച് വനിതകളില്‍ നാല് പേരും വിജയിച്ചു.

അതേസമയം കേരളത്തില്‍ നിന്ന് ഒരു വനിതയ്ക്കു പോലും ഇക്കുറി പാര്‍ലമെന്‍റ് കാണാനുള്ള അവസരം ലഭിച്ചില്ല. സി പി എം രണ്ട് വനിതകളെ മല്‍സരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ്, ബി ജെ പി, ബി എസ് പി എന്നിവര്‍ ഓരോ സീറ്റില്‍ വനിതകളെ നിര്‍ത്തി. വടകരയില്‍ സിറ്റിംഗ് എം പി ആയ പി സതിദേവി കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു.

എറണാകുളത്ത് ഇടത് സ്ഥാനാര്‍ത്ഥി സിന്ധു ജോയി കോണ്‍ഗ്രസിലെ കെ വി തോമസിനോടും കാസര്‍കോട് കോണ്‍ഗ്രസിലെ ഷാഹിദ കമാല്‍ സിറ്റിംഗ് എം പിയായ സി പി എമ്മിലെ പി കരുണാകരനോടും പരാജയപ്പെട്ടു. കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് രണ്ട് വനിതാ എം പി മാരുണ്ടായിരുന്നു. പി സതീദേവിയും, സി എസ് സുജാതയും.

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആരവം ഇനിയും അടങ്ങിയിട്ടില്ല. എന്നാല്‍, ഈ ആരവത്തിനൊപ്പം ലോക്സഭയില്‍ ഇടം കണ്ടെത്തിയ വനിതാ എം പിമാര്‍ ചുരുക്കമാണ്. ഡല്‍ഹിയില്‍ കിങ്മേക്കറാകാന്‍ തെക്ക് നിന്ന് ജയലളിതയും, യുപിയില്‍ നിന്ന് മായാവതിയും ശ്രമിച്ചെങ്കിലും വിചാരിച്ചത്ര സീറ്റ് കിട്ടാത്തതിനാല്‍ ഒന്നും നടന്നില്ല.