2003 ജനുവരിയില്‍ കേന്ദ്ര മന്ത്രിസഭ അഴിച്ചുപണിതു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായി സുഷമ സ്വരാജ് ചുമതലയേറ്റു. കൂടാതെ, പാര്‍ലമെന്‍ററി കാര്യങ്ങളുടെ ചുമതല കൂടി ഇവരുടെ കരങ്ങളിലായി. 2004 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സര്‍ക്കാരിന് ഭരണം നഷ്ടമായി.
2004 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചതിനെതിരെ സുഷമ ശക്തമായി രംഗത്തുവന്നു. ഇറ്റലിയില്‍ ജനിച്ച സോണിയ ഇന്ത്യന്‍ പ്രധാനമന്ത്രിയായാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്നും വെള്ളസാരിയുടുത്ത് നിലക്കടലയും ഭക്ഷിച്ച് കാലം കഴിക്കുമെന്നും അവര്‍ ഭീഷണി മുഴക്കി. ഏതായാലും, പ്രധാനമന്ത്രിയാകുന്നതിന് നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതിനാല്‍ സോണിയ ഗാന്ധിക്ക് ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു.
2006 ഏപ്രിലില്‍ സുഷമ സ്വരാജ് മദ്ധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയില്‍ ബി ജെ പി ഉപനേതാവായിരുന്നു അവര്‍. 2005 ല്‍ ബി ജെ പി പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് അദ്വാനി പിന്‍മാറിയപ്പോള്‍ ആ സ്ഥാനത്തേക്ക് ഏറെ പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു സുഷ്മ. എന്നാല്‍, രാജ്നാഥ് സിംഗ് ഈ സ്ഥാനത്തേക്ക് നിയമിതനായെങ്കിലും പാര്‍ട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് സമിതിയില്‍ അംഗമായി അവര്‍ തുടര്‍ന്നു.
രാഷ്ട്രീയത്തിനതീതമായി സാമൂഹ്യ സാംസ്കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വ്യക്തിത്വം കൂടിയാണ് സുഷമ സ്വരാജിന്‍റെത്. നാല് വര്‍ഷത്തോളം ഹരിയാന ഹിന്ദി സാഹിത്യ സമ്മേളന്‍ പ്രസിഡന്‍റായിരുന്നു അവര്‍. രാഷ്ട്രീയത്തിനതീതമായി സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ എന്നും സുഷ്മ താല്‍പര്യം കാണിച്ചിട്ടുണ്ട്. പാര്‍ലമെന്‍റില്‍ 33 ശതമാനം സ്ത്രീസംവരണം കൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയ നേതാവായിരുന്നു സുഷമ. |