പുതുവത്സരം | റിപ്പബ്ലിക് ദിനം | വാലന്‍റൈന്‍ ദിനം 09 | ഓസ്കര്‍ ‍09 | ആറ്റുകാല്‍ പൊങ്കാല 09 | ഹോളി09 | തെരഞ്ഞെടുപ്പ് 09
പ്രധാന താള്‍ മറ്റുള്ളവ  സ്പെഷ്യല്‍ 09  തെരഞ്ഞെടുപ്പ് 09 > സി പി ഐ പൊന്നാനി വിടുന്നു
തെരഞ്ഞെടുപ്പ് 09
എന്തൊക്കെ കോലാഹലങ്ങളാണ് പൊന്നാനി ലോക്സഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്‍ ഉണ്ടായത്? സി പി ഐ ഈ പ്രശ്നം ഉന്നയിച്ച് മുന്നണി വിടുമെന്ന അവസ്ഥയില്‍ വരെ കാര്യമെത്തി. പിണറായി വിജയനെ പരസ്യമായി ശാസിച്ച് വെളിയം ഭാര്‍ഗവന്‍ പത്രസമ്മേളനം നടത്തി. ഒടുവിലിതാ, സി പി എമ്മിന്‍റെ കാര്‍ക്കശ്യത്തിന് മുന്നില്‍ സി പി ഐ കീഴടങ്ങുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി സീറ്റ് ഉപേക്ഷിച്ച് സി പി ഐ വയനാട്ടിലേക്ക് ചേക്കേറുമെന്ന് സൂചന. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയെ പിന്‍വലിക്കില്ലെന്ന് സി പി എം നിലപാട് വ്യക്തമാക്കിയതോടെയാണ് മലബാറില്‍ ഏതെങ്കിലും ഒരു മണ്ഡലം എന്ന ആശയത്തിലേക്ക് സി പി ഐ എത്തിയത്.

ചൊവ്വാഴ്ച രാവിലെ എ കെ ജി സെന്‍ററില്‍ നടന്ന സി പി ഐ - സി പി എം ഉഭയകക്ഷി ചര്‍ച്ചയില്‍ പൊന്നാനി കേന്ദ്രീകരിച്ച് ഇനി ചര്‍ച്ച നടത്തേണ്ടതില്ലെന്ന അഭിപ്രായം ഉരുത്തിരിയുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വയനാടിനെ കേന്ദ്രമാക്കി ചര്‍ച്ചകള്‍ ആരംഭിച്ചത്. വയനാട് ലഭിക്കുകയാണെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ ബേബിയോ അസിസ്റ്റന്‍റ് സെക്രട്ടറി സി എന്‍ ചന്ദ്രനോ ആയിരിക്കും മത്സരിയ്ക്കുകയെന്നാണ്‌ സൂചന. സത്യന്‍ മൊകേരി, എം റഹ്‌മത്തുള്ള എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്.

തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം സി പി ഐക്ക് നല്‍കുന്നത് സംബന്ധിച്ച് നാളെ ചേരുന്ന സി പി എം സെക്രട്ടേറിയേറ്റും, വയനാട് സീറ്റിലേക്ക് മാറുന്നത് സംബന്ധിച്ച് സി പി ഐ എക്‌സിക്യുട്ടീവും ചര്‍ച്ച ചെയ്യും. അതിനു ശേഷം വ്യാഴാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ മുന്നോട്ട്‌ പോയതിനാല്‍ ഹുസ്സൈന്‍ രണ്‌ ടത്താണിയെ മാറ്റാനാവില്ലെന്ന്‌ സി പി എം ഇന്ന് വ്യക്തമാക്കിയിരുന്നു. പൊന്നാനിയല്ലെങ്കില്‍ മലബാറില്‍ മറ്റൊരു മണ്ഡലം വേണമെന്ന നിലപാടില്‍ സി പി ഐയും ഉറച്ചു നിന്നു. ഇതോടെയാണ് ജനതാദള്‍ ഉപേക്ഷിച്ച വയനാട് സി പി ഐക്ക് നല്‍കാന്‍ തീരുമാനിച്ചത്.

സിറ്റിങ് സീറ്റായ കോഴിക്കോടില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ വേറൊരു മണ്ഡലത്തിലും മത്സരിക്കില്ലെന്ന് ജനതാദള്‍ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് സി പി എം എടുത്ത് പകരം വയനാട് നല്‍കാമെന്ന് പറഞ്ഞെങ്കിലും വയനാട് സീറ്റില്‍ മത്സരിക്കാന്‍ ജനതാദള്‍ തയ്യാറായില്ല. വയനാട് സീറ്റ് ജനതാദള്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് സി പി ഐ മത്സരിക്കാന്‍ തയ്യാറാകുന്നത്. ഇതോടെ ഇടതുമുന്നണിയെയാകെ പ്രതിസന്ധിയിലാക്കിയ ‘പൊന്നാനിഭൂത’ത്തെ കുടത്തിലാക്കിയിരിക്കുകയാണ് സി പി എം.