ഓംകാര രൂപന്‍
ഒരു കാലുയര്‍ത്തിയും ഒരു കാല് തറയില്‍ ഉറപ്പിച്ചുമുള്ള നില്‍പ്പ് ലൗകിക ജീവിതത്തിലും അദ്ധ്യാത്മിക ജീവിതത്തിലുമുള്ള നിലനില്‍പ്പിനെ സൂചിപ്പിയ്ക്കുന്നു. നാല് കൈകള്‍ സൂക്ഷ്മ ശരീരത്തിന്‍റെ നാല് ഘടകങ്ങളാണ്. മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം എന്നിവയാണവ. കൈയ്യിലുള്ള മഴു ലൗകിക ജീവിതത്തില്‍ നിന്നും ആശകളില്‍ നിന്നുമുള്ള വിടുതലിനായുള്ള ആയുധമാണ്.
മനസ്സിന്‍റെ തലത്തിലാണ് ആശകള്‍ ഉടലെടുക്കുക. ചാട്ട ബുദ്ധിയുടെ ആയുധമാണ്. ശക്തിയായ വീശലില്‍ അത് വിഘ്നങ്ങളെ ഇല്ലാതെയാക്കി ബുദ്ധിയുടെ നേരായ ഒഴുക്കിനെ സഹായിയ്ക്കുന്നു. സാധകന് അഭയം നല്‍കുന്നതാണ് മൂന്നാമത്തെ കൈ. അത് സാധകനു നേരെ അനുഗ്രഹം ചൊരിയുന്നു.
പത്മം ധ്യാനത്തിലെ ഒരു ഉയര്‍ന്ന അവസ്ഥയാണ്. മനുഷ്യന്‍റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയായി സനാതന ദര്‍ശനം കണക്കാക്കുന്ന അങ്ങേയറ്റത്തെ സമാധി അവസ്ഥയെ സൂചിപ്പിയ്ക്കുന്നതാണത്. ഓംകാരത്തിന്‍റെ രൂപമായും ദേവതയായും ഗണപതിയെ കണക്കാക്കുന്നു.
കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്.
|