ഓസ്ട്രേലിയന്‍ നീന്തലിലെ ഗ്ലാമര്‍ ജോഡികളായ സ്റ്റെഫാനി റൈസിനും എമോണ്‍ സുള്ളിവനും പിന്നാലെ ക്യാമറയും തൂക്കി നടന്നവര്‍ക്ക് ഗംഭീര തിരിച്ചടി. കാരണം രണ്ടുപേരും പിരിയുകയാണ്. പ്രണയിക്കാനും മത്സരിക്കാനും ഇനിയും സമയം കിടക്കുന്ന റെക്കോഡ് പ്രണയജോഡികള്‍ തല്‍ക്കാലം പ്രണയത്തിനു അവധി കൊടുക്കുക ആണത്രേ.
ഗ്ലാമറിന്‍റെ കാര്യത്തിലും ജയങ്ങളുടെ കാര്യത്തിലും ഒളിമ്പിക്‍സിലെ ഇണക്കുരുവികള്‍ ആകുമെന്ന പ്രതീക്ഷയില്‍ ഇരുവരും ഒന്നിച്ചു നില്‍ക്കുന്നതും ഇരിക്കുന്നതുമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ കാത്തിരിക്കുകയായിരുന്നു പപ്പരാസികള്‍. 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ലോക റെക്കോഡ്കാരനാണ് സുള്ളിവന്‍. 200, 400 മീറ്റര്‍ മെഡ്‌ലേയിലാണ് സ്റ്റെഫാനിയുടെ റെക്കോഡ്.
ഇരുവരും തമ്മില്‍ പിരിയാനുള്ള കാരണം ഒളിമ്പിക്‍സിന്‍റെ ചൂടാണ്. അല്ലാതെ മൂന്നാമന്‍റെ സാന്നിദ്ധ്യമല്ലെന്ന് നായകന്‍ സുള്ളിവന്‍ ആണയിടുന്നു. ഒളിമ്പിക്‍സ് മത്സരങ്ങള്‍ക്കായി മികച്ച തയ്യാറെടുപ്പ് വേണ്ടി വരുന്നതിനാല്‍ പ്രണയത്തിന് ഒരു ബ്രേക്ക് ഓസ്ട്രേലിയന്‍ ടീം പരിശീലനം നടത്തുന്ന ക്വാലലമ്പൂരിലെ ക്യാമ്പില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് എടുത്തത്.
എന്നിരുന്നാലും ഒളിമ്പിക്‍സ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം മുന്നില്‍ നില്‍ക്കെ ആയിരുന്നു വേര്‍പിരിയല്‍ വേണ്ടിയിരുന്നില്ല എന്ന് നീന്തല്‍ ഇതിഹാസം ഇയാന്‍ തോര്‍പ്പ് പോലും പറയുന്നു. നീന്തലിലെ ലോക റെക്കോഡ് താരങ്ങളായ സുള്ളിവനും സ്റ്റെഫാനിയും തമ്മിലുള്ള പ്രണയം ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ എത്ര ആഘോഷിച്ചെന്ന് ഉദാഹരണത്തിന് ഇതുമതി.
ഇരുവരുടെയും സെന്‍സേഷനായ ചില ചിത്രങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഓസ്ട്രേലിയന്‍ നീന്തലിലെ ഗ്ലാമര്‍ ജോഡികളായ സ്റ്റെഫാനി റൈസും എമോണ്‍ സുള്ളിവനും പ്രണയത്തിന്‍റെ പൂളില്‍ ഒന്നിച്ചപ്പോള്‍ പുകഴ്ത്തിയവരും അസൂയപ്പെട്ടവരും ഏറെയായിരുന്നു. ഇരുവരും നന്നേ ചെറുപ്പവും സുള്ളിവന് 22 ഉം, സ്റ്റെഫാനിക്ക് 20 ഉം.
|