ഓഗസ്റ്റ് പകുതിയില്‍ ഒളിമ്പിക്‍സ് ആരംഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക പ്രാര്‍ത്ഥിക്കുക പ്രിയപ്പെട്ട നീന്തല്‍ താരമായ നതാലി ഡൂ ടോയ്‌റ്റിനു വേണ്ടിയാകും. കാരണം വികലാംഗര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒളിമ്പിക്‍സ് ഇനങ്ങളില്‍ ഒരു കാലില്ലാത്ത നതാലി മത്സരിക്കുന്നത് ശാരീരിക ക്ഷമത മുഴുവനായുള്ള രാജ്യാന്തര താരങ്ങള്‍ക്കൊപ്പമാണ്.
പ്രിയപ്പെട്ട ഇനമായ 100 മീറ്റര്‍ ഫ്രീ സ്റ്റൈലിലും 50 മീറ്റര്‍ ഫ്രീസ്റ്റൈലിലും മത്സരിക്കാന്‍ ഇടയായാല്‍ കാല്‍ മുറിച്ചു മാറ്റിയ ശേഷം ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യ താരമെന്ന ബഹുമതി കൂടിയാണ് നതാലിയെ തേടിയെത്തുക. സഹതാപത്തിന്‍റെ പേരിലല്ല മറിച്ച് മികച്ച പ്രകടനത്തിന്‍റെ പിന്തുണയിലാണ് നതാലി ബീജിംഗില്‍ എത്തുന്നത്. സ്പെയിനിലെ സെവില്ലയില്‍ നടന്ന 10 കിലോ മീറ്റര്‍ ഓപ്പണ്‍ റേസില്‍ നാലാം സ്ഥാനക്കാരിയായിരുന്നു ദക്ഷിണാഫ്രിക്കന്‍ താരം.
റേസില്‍ ഒന്നാം സ്ഥാനക്കാരിയുമായി നതാലിയയുടെ വ്യത്യാസം വെറും 5.1 സെക്കന്‍ഡ് ആയിരുന്നു. പതിനാലാം വയസ്സില്‍ നീന്തല്‍ കുളത്തിലേക്ക് ഡൈവ് ചെയ്ത താരം 1998 ല്‍ ക്വാലലമ്പൂരില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കാളിയാകുന്നത്. ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണം, കോമണ്‍ വെല്‍ത്ത് ഗെയിംസ് അഞ്ച് സ്വര്‍ണ്ണം, അഞ്ച് പാരാളിമ്പിക് സ്വര്‍ണ്ണവും നതാലിയയുടെ നേട്ടത്തിലുണ്ട്.
നീന്തലില്‍ ഒളിമ്പിക്‍സില്‍ പങ്കെടുക്കുന്നതും താരമാകുന്നതും ദക്ഷിണാഫ്രിക്കന്‍ താരം നതാലി ഡു ടോയ്‌റ്റ് സ്വപ്നം കാണാന്‍ തുടങ്ങിയത് പതിനാലാം വയസ്സിലായിരുന്നു. കേപ്ടൌണില്‍ 1984 ജനുവരി 29 ന് ജനിച്ച താരത്തെ പക്ഷേ 2001 ഫെബ്രുവരിയില്‍ ദൌര്‍ഭാഗ്യം തടയാന്‍ ശ്രമിച്ചു. നീന്തല്‍ പരിശീലനം കഴിഞ്ഞ് തിരിച്ചു പോകവേ സ്വന്തം സ്കൂട്ടറില്‍ ഒരു കാര്‍ വന്നിടിച്ച് അപകടത്തില്‍ പെട്ട താരത്തിന്‍റെ വലതുകാല്‍ തന്നെ മുറിച്ചു കളഞ്ഞു.
എന്നാല്‍ ദൌര്‍ഭാഗ്യത്തിന്‍റെയും വൈകല്യത്തിന്‍റേയും പേരില്‍ കണ്ണീരൊഴുക്കാനൊന്നും നതാലിയ കൂട്ടാക്കിയില്ല. ദുഖം മറക്കാന്‍ പരിശീലനം ശക്തമാക്കിയ നതാലിയ പൊയ്ക്കാലില്‍ കൂടുതല്‍ കരുത്ത് നേടുകയായിരുന്നു. ഫലമോ തൊട്ടടുത്ത വര്‍ഷം മെല്‍ബണില്‍ നടന്ന കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണം നേടി.
അതിനടുത്ത വര്‍ഷം ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണവും കണ്ടെത്തി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന പാരാളിമ്പിക്‍സില്‍ പ്രകടനം കുറേക്കൂടി ശക്തമായി. ആറ് സ്വര്‍ണ്ണമാണ് ലഭിച്ചത്. 2006 മെല്‍ബണിലും മികച്ച പ്രകടനം അരങ്ങേറി. പ്രിയപ്പെട്ട ഇനമായ 100 മീറ്റര്‍ ഫ്രീ സ്റ്റൈലിലും 50 മീറ്റര്‍ ഫ്രീസ്റ്റൈലിലും രണ്ട് സ്വര്‍ണ്ണം നേടി. ബീജിംഗില്‍ ജപ്പാന്‍റെ കോസുകെ കിറ്റാജിമ പോലെയുള്ള കരുത്തരായ താരങ്ങള്‍ക്കൊപ്പമാണ് മത്സരിക്കുന്നത്.
|