അങ്ങനെയപാരത തന്‍ തീരത്തിരുന്നാത്മ- നൊമ്പരങ്ങളോടെന്നും കുശലം പറഞ്ഞൊരാള്‍,
സൂഫിയായ്, സന്യാസിയായ്, ഭിക്ഷുവായ്, ഖലാസിയായ് ഭൂമിയിലെമ്പാടുമാ- യലഞ്ഞു നടന്നൊരാള്‍,
ഭ്രാന്തലോകത്തോടെന്നും പരമകാരുണ്യത്തിന്‍ കാന്തിയെപ്പറ്റി, സ്നേഹ- മെന്ന ദുഃഖത്തെപ്പറ്റി,
പഴുതാരയും പാമ്പും പരുന്തും പ്രാവും ചൊറി- പ്പുഴുവും കുയ്യാനയും കുഞ്ഞാടും നമുക്കൊപ്പം
അവകാശികള്‍ ഭൂമി- ക്കെന്നതേപ്പറ്റി, യിങ്ങൊ- രവധൂതനെപ്പോലെ സംസാരിച്ചിരുന്നൊരാള്‍,
നോക്കിനോക്കി നാം നില്ക്കെ, ഋതുക്കളകലും പോല്‍, പോക്കുവെയ്ലാറുംപോലെ പോയീ നാമറിയാതെ!
ഒരു ദുഃഖവും കൂടി- യേറ്റുവാങ്ങിയോരിവര്‍ ഒടുവില്‍ പലേവഴി- ക്കിന്നു വേര്‍പിരിയുമ്പോള്‍,
അകലെയപാരതേ! നിന്‍ വഴികളിലെങ്ങോ അരുമസ്വനഗ്രാഹി- പേടകം പിന്നില്‍ പേറി
ഒരു സൈക്കിളിലാരോ പാഞ്ഞുപോവതു കണ്ടോ?
|