1. മറ്റുള്ളവ
  2. »
  3. പ്രണയം
  4. »
  5. ലേഖനങ്ങള്‍
  6. പ്രണയം ‘ഫ്ലോപ്’ ആയാല്‍ തകരല്ലേ

seek cure in cronies from romantica fall | പ്രണയം ‘ഫ്ലോപ്’ ആയാല്‍ തകരല്ലേ

പ്രണയം
PRO
PRO
അപ്രതീക്ഷിതമായിരുന്നു ആ ഫോണ്‍കോള്‍. “ഹലോ, ഞാനാണ് നിരഞ്ജന്‍”. ഞാന്‍ അന്തം വിട്ട് നിന്നു പോയി. “എന്താണ് വിശേഷം?” തൊട്ടടുത്ത നിമിഷം ചോദിച്ചു. അഞ്ചു മിനിറ്റ് മുമ്പ് കൂടി ഞാന്‍ അവനെക്കുറിച്ച് ചിന്തിച്ചിരുന്നു. ഉടന്‍ തന്നെ അവന്‍ വിളിച്ചത് എന്നെ അത്ഭുതപ്പെടുത്തി.

“ഓ... ഒന്നുമില്ല” നിസംഗമായ മറുപടിയാണ് എന്നെ തേടിയെത്തിയത്. “ഞാന്‍ ചുമ്മാ വിളിച്ചതാ, ഫോണ്‍ വയ്‌ക്കുവാ”. ശ്ശെടാ... ഇതെന്തു പരിപാടി. ആറ്റുനോറ്റ് കാത്തിരുന്ന ഫോണ്‍കോളാ. എന്നിട്ട് വിളിച്ച പാടേ വയ്‌ക്കുവാണെന്ന്. “അയ്യോ വയ്ക്കല്ലേ, പറയൂ ഞാന്‍ ഫ്രീ ആണ്”. “എന്ത് പറയാന്‍, നാളെ അവളുടെ കല്യാണമാണ്”. ആരുടെ കല്യാണം എന്ന് മനസ്സിലായെങ്കിലും അറിയാത്ത പോലെ ഞാന്‍ ചോദിച്ചു “ആരുടെ?”.

“ഞാന്‍ ഒരു കുട്ടിയെ സ്‌നേഹിച്ചില്ലായിരുന്നോ? അവളുടെ”! കര്‍ത്താവേ, തകര്‍ന്നു പോയ ഒരു ഹൃദയമാണ് മുന്നില്‍ വന്ന് നില്‌ക്കുന്നത്. എങ്ങനെയെങ്കിലും ഒന്ന് ശരിയാക്കിയെടുക്കണം. “ഓ, അത് സാരമില്ല”. നിരാശ നല്‍കിയ പ്രണയാനുഭവം ഒന്നുമില്ലാത്തതിനാലാവണം ആ പരാജയത്തിന്‍റെ വേദന എന്നിലേക്ക് ആഴത്തിലിറങ്ങിയില്ല.

“ഇതുവരെ പ്രണയിച്ചിട്ടില്ലല്ലേ, വെറുതെയല്ല ഇതിത്ര നിസ്സാരമായി തോന്നുന്നത്”. ആ മറുപടി പക്ഷേ ഞാന്‍ ഒരു അംഗീകാ‍രമായിട്ടാണ് എടുത്തത്. ഇത്രയും കാലം തീവ്രപ്രണയങ്ങളിലൊന്നും വീഴാതെ കൂളായി നടന്നില്ലേ?. “ഇല്ല നിരഞ്ജാ, അതായിരിക്കാം. പക്ഷേ എന്ത് ചെയ്യാന്‍ കഴിയും, പോകാന്‍ പറ. നമ്മളൊക്കെ ഉണ്ടെടാ കൂടെ”. “അങ്ങനെ പോകാന്‍ പറയാന്‍ എന്നെക്കൊണ്ട് കഴിയുന്നില്ല.”

ഇത് നിരഞ്ജന്‍റെ മാത്രം പ്രശ്‌നമല്ല. പ്രണയപരാജയം നേരിടേണ്ടി വരുന്ന ഓരോ ആളുടെയും പ്രശ്നമാണ്. പ്രേമിച്ച പെണ്ണിനെ/ചെറുക്കനെ വേറെ ആരെങ്കിലും കല്യാണം കഴിക്കുന്നത് ആര്‍ക്കും ഇഷ്‌ടമല്ല. പക്ഷേ, ബര്‍ലിന്‍ മതില്‍ പോലെ അവളുടെ/അവന്‍റെ വീട്ടുകാര്‍ നിലകൊണ്ടാലോ. ഒന്നുകില്‍ അടിച്ചുമാറ്റണം. പക്ഷേ, മാതാപിതാക്കളുടെ മനസ്സ് വേദനിപ്പിച്ചുള്ള കല്യാണം! അത് ശരിയാകില്ല.

ഒരു കാര്യം തുറന്നു പറയാം. പ്രേമപരാജയം വിചാരിക്കുന്നത്ര പ്രശ്‌നമുള്ള കാര്യമൊന്നുമല്ല. പ്രേമിച്ച പെണ്‍കുട്ടി പോയാലും എത്രയോ കൂട്ടുകാര്‍ ഉണ്ട് നമ്മുടെ ചുറ്റും. നിരഞ്ജന്‍ എന്നെ വിളിച്ചില്ലേ? അതുപോലെ നിങ്ങള്‍ക്കുമില്ലേ കൂട്ടുകാര്‍. അവരെ വിളിച്ച് എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണം. കുറച്ച് ദിവസം കഴിയുമ്പോഴേക്കും എല്ലാ പ്രശ്‌നവും മാറും. പതിവു പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി ഒന്ന് പുറത്തേക്ക് പോകൂ. പാര്‍ക്കിലും, ബീച്ചിലുമൊക്കെ സുഹൃത്തുക്കളോടൊപ്പം പോയി മനസ് റിലാക്‌സ് ചെയ്യൂ.

മനസ്സില്‍ എപ്പോഴും എനര്‍ജി ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുക, ചിന്തിക്കുക. കൂട്ടുകാരുമായി ചര്‍ച്ച ചെയ്യാന്‍ എന്തൊക്കെ കാര്യങ്ങളുണ്ട്. ജോലിക്കാര്യം, പഠനക്കാര്യം ഇതൊന്നുമല്ലെങ്കില്‍ സിനിമ, രാഷ്‌ട്രീയം, കായികം എന്ന് തുടങ്ങി നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ കാര്യങ്ങള്‍. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനവും കുത്തനെ കയറുന്ന വിലക്കയറ്റവും മാത്രം ആലോചിച്ചാല്‍ മതി. നിങ്ങളുടെ പ്രേമനൈരാശ്യം എതിലേ പോയെന്ന് കാണുക പോലുമില്ല. എന്താ, റിലാക്‌സ് ആയില്ലേ. ചുറ്റും കൂട്ടുകാര്‍ ഉള്ളപ്പോള്‍ എങ്ങനെ നിങ്ങള്‍ക്ക് നിരാശനാകാന്‍/ നിരാശയാകാന്‍ കഴിയും, അല്ലേ?