1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ഓര്‍മ്മ

ആര്‍.രാമചന്ദ്രന്‍ - ശൂന്യതയില്‍ നിന്ന് പിറന്ന കവിത

അഞ്ജുരാജ്

ആര്‍.രാമചന്ദ്രന്‍ - ശൂന്യതയില്‍ നിന്ന് പിറന്ന കവിത
FILEFILE
കണ്ണാന്തളിപ്പൂക്കളെത്തേടി കുന്നിന്‍ചരിവിലേക്ക് കണ്ണുംനട്ടിരിക്കാന്‍ ആര്‍. രാമചന്ദ്രന്‍ ഇനിയില്ല.

സുഹൃത്തുക്കളെയും കവിതാ വായനക്കാരെയും നിത്യ ദുഃഖത്തിന്‍റെ നിഴലില്‍ നിര്‍ത്തി 2005 ഓഗസ്റ്റ് മൂന്നിന് രാമചന്ദ്രന്‍ മാസ്റ്റര്‍ യാത്രയായി.

വളരെക്കുറച്ചേ എഴുതിയിട്ടുള്ളൂ. പുറത്തേക്കു നടക്കുന്നതിനേക്കാളധികം അകത്തേക്കു നടന്നു. നീണ്ടനാള്‍ കവിതയെഴുതാതെയും ഇരുന്നു. ജീവിതം പോലെ ഒച്ചയുണ്ടാക്കാതെ മരണത്തിലേക്ക് നടന്നുപോയി.

കണ്ണുകള്‍ കൊതിച്ചു പോവും കണ്ണാന്തളിപ്പൂവുകള്‍/കരളൊരു പൂക്കളമായ എന്‍റെ കൊച്ചനുജത്തിയുടെ കണ്ണുകളെന്ന് രാമചന്ദ്രന്‍ എഴുതിയിട്ടുണ്ട്. ശൂന്യതയിലേക്ക് കണ്ണുംനട്ടിരിക്കുന്ന കവി ആ കവിതയില്‍ എപ്പോഴുമുണ്ട്. സ്വച്ഛന്ദമായ ആ ഒഴുക്കിലാണ് രാമചന്ദ്രന്‍മാസ്റ്ററുടെ കവിത.

തൃശൂരിലെ താമരത്തുരുത്തിയില്‍ 1923ല്‍ ജനിച്ച രാമചന്ദ്രന്‍ മലയാളത്തില്‍ എം.എ. ബിരുദമെടുത്ത് വിവിധ കോളജുകളില്‍ അധ്യാപകനായി. കോഴിക്കോട്മലബാര്‍ ക്രിസ്റ്റ്യന്‍ കോളജില്‍ വര്‍ഷങ്ങളോളം അധ്യാപകനായിരുന്നു. ഇംഗ്ളീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാലം ക്ളാസ്സുകളെടുത്തു.

കോഴിക്കോട് തളിയില്‍ സ്ഥിരതാമസമാക്കിയ രാമചന്ദ്രന്‍ സാത്വികനായി ജീവിച്ചു. കോലായ സംവാദങ്ങളിലും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലിലും മിതമായി സംസാരിച്ചു. ആ മിതത്വം കവിതയിലും പകര്‍ന്നു.

ശ്യാമസുന്ദരി, പിന്നെ, ഒന്നുമില്ല, സന്ധ്യാനികുഞ്ജങ്ങള്‍ എന്നിങ്ങനെ കുറച്ചു കൃതികള്‍. വിവര്‍ത്തനങ്ങളായി കുറെ കവിതകളും. 2002ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ആര്‍. രാമചന്ദ്രന്‍റെ കൃതികള്‍ക്ക് പുരസ്കാരം നല്‍കി ബഹുമാനിച്ചു.

കവിതയെഴുതുന്നതിലല്ല കവിയായി ജീവിക്കുന്നതാണ് പ്രധാനമെന്ന് വിശ്വസിച്ചയാളാണ് ആര്‍. രാമചന്ദ്രന്‍. ഓരോ അണുവിലും കവിയായി ജീവിച്ച് അദ്ദേഹം കടന്നു പോകുമ്പോള്‍ -

""ഒന്നുമില്ലൊന്നുമില്ലൊന്നുമില്ല
മീതെ പകച്ചു നില്‍ക്കും അംബരം മാത്രം
താഴേ കരളുറഞ്ഞേപോകും പാരിടം മാത്രം
ഒന്നുമില്ലൊന്നുമില്ലൊന്നുമില്ല''

- എന്നു മാത്രം കേള്‍ക്കുന്നു.

നക്ഷത്രങ്ങളുടെ ലോകത്തിരുന്ന് ആര്‍. രാമചന്ദ്രന്‍ നമ്മെ നോക്കുന്നു. എത്ര വേഗത്തിലാണ് ഒരു പുഞ്ചിരി വേര്‍പെട്ടുപോയത്.
About Writer
WEBDUNIA