1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ഓര്‍മ്മ

സഞ്ചാരിയും കഥാകാരനുമായ എസ്.കെ പൊറ്റെക്കാട് :ഓര്‍മ്മയുടെ കാല്‍ നൂറ്റാണ്ട്

ടി ശശി മോ‍ഹന്‍

പൊറ്റെക്കാട് :ഓര്‍മ്മയുടെ കാല്‍ നൂറ്റാണ്ട് സഞ്ചാരിയും കഥാകാരനുമായ എസ്.കെ വ് ശങ്കരന്‍കുട്ടി. സഞ്ചാര സാഹിത്യകാരന്‍ 
കഥാകാരന്‍
FILEFILE
ദേശത്തിന്‍റെ (അല്ല ദേശങ്ങളുടെ) കഥാകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരന്‍കുട്ടി.

കഥാകാരന്‍, നോവലിസ്റ്റ് എന്നീ നിലയില്‍ മത്രമല്ല മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍ എന്ന നിലയില്‍ കൂടി പൊറ്റെക്കാട് ചിരസ്മരണീയനാണ്. 1982 ആഗസ്റ്റ് 6 നാണ് അദ്ദേഹം അനന്തതയിലെക്ക് സഞ്ചാരം നടത്തിയത്.

സാധാരണക്കാരില്‍ സാധാരണക്കാരനായ സാഹിത്യകാരനായിരുന്നു പൊറ്റെക്കാട്. പഴുതാരപോലൊരു മീശയും മുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടും കക്ഷത്തിലൊരു വീര്‍ത്ത കറുത്ത ബാഗുമായി കോഴിക്കോട്ടെ തെരുവുകളിലും കേരളത്തിന്‍റെ പല ഭാഗങ്ങളിലും അദ്ദേഹം നടന്നു.

ലോകത്തിലെ പല നാടുകളും കൗതുകങ്ങള്‍ തേടി നടക്കുന്ന പരദേശിയായി എത്തി. അവിടെയെല്ലാം തന്‍റെ നാടിന്‍റെ സുഖവും സൗന്ദര്യവും രൂപസാദൃശ്യവും കാണാനദ്ദേഹത്തിനു കഴിഞ്ഞു.

തത്വമസിയെന്ന ദര്‍ശനത്തിന്‍റെ ഉറവകളാവാം ഇതിനു കാരണം. ബാലിദ്വീപിലെ ഇട വഴികളിലൂടെ നടക്കുമ്പോള്‍ പപ്പടം ചുട്ട മണം വരുന്നതും (പാമ്പിന്‍റെ വായ്നാറ്റം ?), തൊണ്ടയാട്ടിലെ രാരിച്ചന്‍റെ പീടികയില്‍ നിന്നും ചൂട്ടുവാങ്ങി കത്തിച്ചു വീശിപ്പോവുന്നതും, ബാലിപെണ്‍കിടാങ്ങളിലൊരുത്തിക്ക്, പശുവിനെ തീറ്റിക്കാന്‍ തൊടിയിറങ്ങി വരുന്ന കേരളപെണ്‍കൊടിയുടെ ഛായ ഉണ്ടായതും ഈ ദര്‍ശനസൗഭാഗ്യം കൊണ്ടാണ്.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ദര്‍ശനവും എസ്.കെ.യെ സ്വാധീനിച്ചിരിക്കും .(പൊറ്റെക്കാട്ടിന്‍റെ അമ്മയുടെ തറവാട്ടിലക്കാലത്ത് ശ്രീനാരായണ ഗുരു എത്തിയിരുന്നു. കോഴിക്കോട്ടെ ശ്രീകണ്ഠേശ്വരം ക്ഷേത്രം നില്‍ക്കുന്ന പാടം അന്ന് പന്തീരാങ്കാവിലെ അയനിക്കാട് തറവാട്ടുകാര്‍ വെറുതെ നല്‍കിയതാണ്.)

എല്ലാ നാടിനേയും മനുഷ്യരേയും സമതയോടെ കാണാനുള്ള എസ്.കെ. യുടെ ഈ സിദ്ധിയാണ്, ലോക സഞ്ചാരത്തിന് അദ്ദേഹത്തിനു ഇമ്പം പകര്‍ന്നത് എന്നുവേണം കരുതാന്‍. എല്ലാ മനുഷ്യരും സ്വന്തമെന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു - വിശാല മാനവ ദര്‍ശനം.





FILEFILE
കാപ്പിരികളുടെ നാട്ടില്‍, ബാലിദ്വീപ്, കയ് റോ കത്തുകള്‍, നൈല്‍ ഡയറി, പാതിരാസൂര്യന്‍റെ നാട്ടില്‍, ലണ്ടന്‍ നോട്ടുബുക്ക് തുടങ്ങി ഒട്ടേറെ സഞ്ചാരസാഹിത്യ കൃതികള്‍ എസ്.കെ.രചിച്ചു. . സാധാരണക്കാരന്‍റെ ലാളിത്യവും നിഷ്കളങ്കതയും ഓജസ്സും ആര്‍ജ്ജവവും ആ രചനകളില്‍ സൗരഭ്യം നിറയ്ക്കുന്നു..

വിദേശ നാടുകളിലെ പടുകൂറ്റന്‍ കെട്ടിടങ്ങളും, സാങ്കേതിക വളര്‍ച്ചയും , നാട്യങ്ങളും , കേമത്തങ്ങളുമല്ല എസ്.കെ. യെ ആകര്‍ഷിച്ചത്. അവിടത്തെ മണ്ണും മനുഷ്യ രുമാണ്. അവിടത്തെ പ്രകൃതിയും ജീവിതവുമാണ്. മണ്ണിന്‍റെയും മനുഷ്യന്‍റെയും ചൂരാണ് മറ്റു സഞ്ചാര സാഹിത്യങ്ങളില്‍ നിന്ന് എസ്.കെ. കൃതികളെ വേറിട്ടു നിര്‍ത്തുന്നത്.

ജ്ഞാനപീഠ പുരസ്കാരം കിട്ടിയ ഒരു ദേശത്തിന്‍റെ കഥ കൂടാതെ, ഒരു തെരുവിന്‍റെ കഥ, മൂടുപടം, നാടന്‍ പ്രേമം, വിഷകന്യക, മുരുമുളക് തുടങ്ങിയ നോവലുകളും, പുള്ളീമാന്‍, രാജമല്ലി, മരുഭൂമി തുടങ്ങി ഒട്ടേറെ കഥകളും, അച്ഛന്‍ എന്ന നാടകവും , സഞ്ചാരിയുടെ ഗീതങ്ങള്‍, പ്രേമശില്‍പി എന്നീ പദ്യ കൃതികളും എസ്.കെ.രചിച്ചിട്ടുണ്ട്.

കോഴിക്കോട്ടങ്ങാടിയില്‍ മിഠായി തെരുവിന്‍റെ വടക്കേ അറ്റത്ത് പഴയ ഹജൂര്‍കച്ചേരി ക്ക് (കളക്ടറേറ്റ്) എതിര്‍വശത്തുണ്ടായിരുന്ന ബേക്കറിയിലും കടകളിലും ചങ്ങാതിമാരൊത്ത് വൈകുന്നേരങ്ങള്‍ ചെലവാക്കിയിരുന്നു. സാധാരണക്കാരുടെ പ്രതിനിധിയായ ആ മഹാ സാഹിത്യകാരന്‍ ഇന്നില്ല.

പക്ഷെ ജീവന്‍ തോമസ് തോമസ് എന്ന കൃതഹസ്തനായ ശില്‍പിയുടെ എസ്.കെ.പ്രതിമ, ആ സാന്നിദ്ധ്യം ഇന്നും മിഠായി തെരുവിനെ ഓര്‍മ്മിപ്പിക്കുന്നു ; അനുഭവിപ്പിക്കുന്നു.


FILEFILE
എസ്.കെ.പൊറ്റെക്കാട്ടിന്‍റെ കൃതികള്‍

നോവല്‍ :

ഒരു ദേശത്തിന്‍റെ കഥ
വിഷകന്യക
ഒരു തെരുവിന്‍റെ കഥ
മൂടുപടം
നാടന്‍പ്രേമം
പ്രേമശിക്ഷ
കറാമ്പൂ
കുരുമുളക്

കഥകള്‍ :

രാജ-മല്ലി
പുള്ളീമാന്‍
നിശാഗന്ധി
മേഘമാല
പത്മരാഗം
ജ-ലതരംഗം
പൗര്‍ണ്ണമി
വൈജ-യന്തി
മണിമാളിക
ഇന്ദ്രനീലം
പ്രേതഭൂമി
രംഗമണ്ഡപം
യവനികയ്ക്കു പിന്നില്‍
ഹിമവാഹിനി
കള്ളിപ്പൂക്കള്‍
വനകൗമുദി
ചന്ദ്രകാന്തം
കനകാംബരം
അന്തര്‍വാഹിനി
ഏഴിലംപാല
തെരഞ്ഞെടുത്ത കഥകള്‍
വൃന്ദാവനം
കാട്ടുചമ്പകം


യാത്രാവിവരണം :

കയ് റോ കത്തുകള്‍
ബാലിദ്വീപ്
കാപ്പിരികളുടെ നാട്ടില്‍
കാഷ്മീര്‍
പാതിരാസൂര്യന്‍റെ നാട്ടില്‍
യാത്രാസ്മരണകള്‍
ഇന്നത്തെ യൂറോപ്പ്
സിംഹഭൂമി (2 ഭാഗങ്ങള്‍)
ബൊഹീമിയന്‍ ചിന്ത്രങ്ങള്‍
മലയാ നാടുകളില്‍
നൈല്‍ ഡയറി
സോവിയറ്റ് ഡയറി
ഇന്‍ഡോനേഷ്യന്‍ ഡയറി (2 ഭാഗങ്ങള്‍)
ഹിമാലയസാമ്രാജ-്യത്തില്‍
നേപ്പാള്‍ യാത്ര
ലണ്ടന്‍ നോട്ട് ബുക്ക്

നാടകം :
അച്ഛന്‍

ലേഖനങ്ങള്‍ :
ഗദ്യമേഖല

പദ്യം :
സഞ്ചാരിയുടെ ഗീതങ്ങള്‍
പ്രേമശില്‍പി

സ്മരണ :
എന്‍റെ വഴിയമ്പലങ്ങള്‍
സംസാരിക്കുന്ന ഡയറിക്കുറിപ്പുകള്‍
About Writer
T SASI MOHAN