ദേശത്തിന്‍റെ (അല്ല ദേശങ്ങളുടെ) കഥാകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരന്‍കുട്ടി.
കഥാകാരന്‍, നോവലിസ്റ്റ് എന്നീ നിലയില്‍ മത്രമല്ല മലയാളത്തിലെ സഞ്ചാര സാഹിത്യകാരന്‍ എന്ന നിലയില്‍ കൂടി പൊറ്റെക്കാട് ചിരസ്മരണീയനാണ്. 1982 ആഗസ്റ്റ് 6 നാണ് അദ്ദേഹം അനന്തതയിലെക്ക് സഞ്ചാരം നടത്തിയത്.
സാധാരണക്കാരില്‍ സാധാരണക്കാരനായ സാഹിത്യകാരനായിരുന്നു പൊറ്റെക്കാട്. പഴുതാരപോലൊരു മീശയും മുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടും കക്ഷത്തിലൊരു വീര്‍ത്ത കറുത്ത ബാഗുമായി കോഴിക്കോട്ടെ തെരുവുകളിലും കേരളത്തിന്‍റെ പല ഭാഗങ്ങളിലും അദ്ദേഹം നടന്നു.
ലോകത്തിലെ പല നാടുകളും കൗതുകങ്ങള്‍ തേടി നടക്കുന്ന പരദേശിയായി എത്തി. അവിടെയെല്ലാം തന്‍റെ നാടിന്‍റെ സുഖവും സൗന്ദര്യവും രൂപസാദൃശ്യവും കാണാനദ്ദേഹത്തിനു കഴിഞ്ഞു.
തത്വമസിയെന്ന ദര്‍ശനത്തിന്‍റെ ഉറവകളാവാം ഇതിനു കാരണം. ബാലിദ്വീപിലെ ഇട വഴികളിലൂടെ നടക്കുമ്പോള്‍ പപ്പടം ചുട്ട മണം വരുന്നതും (പാമ്പിന്‍റെ വായ്നാറ്റം ?), തൊണ്ടയാട്ടിലെ രാരിച്ചന്‍റെ പീടികയില്‍ നിന്നും ചൂട്ടുവാങ്ങി കത്തിച്ചു വീശിപ്പോവുന്നതും, ബാലിപെണ്‍കിടാങ്ങളിലൊരുത്തിക്ക്, പശുവിനെ തീറ്റിക്കാന്‍ തൊടിയിറങ്ങി വരുന്ന കേരളപെണ്‍കൊടിയുടെ ഛായ ഉണ്ടായതും ഈ ദര്‍ശനസൗഭാഗ്യം കൊണ്ടാണ്.
ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ദര്‍ശനവും എസ്.കെ.യെ സ്വാധീനിച്ചിരിക്കും .(പൊറ്റെക്കാട്ടിന്‍റെ അമ്മയുടെ തറവാട്ടിലക്കാലത്ത് ശ്രീനാരായണ ഗുരു എത്തിയിരുന്നു. കോഴിക്കോട്ടെ ശ്രീകണ്ഠേശ്വരം ക്ഷേത്രം നില്‍ക്കുന്ന പാടം അന്ന് പന്തീരാങ്കാവിലെ അയനിക്കാട് തറവാട്ടുകാര്‍ വെറുതെ നല്‍കിയതാണ്.)
എല്ലാ നാടിനേയും മനുഷ്യരേയും സമതയോടെ കാണാനുള്ള എസ്.കെ. യുടെ ഈ സിദ്ധിയാണ്, ലോക സഞ്ചാരത്തിന് അദ്ദേഹത്തിനു ഇമ്പം പകര്‍ന്നത് എന്നുവേണം കരുതാന്‍. എല്ലാ മനുഷ്യരും സ്വന്തമെന്നൊരു തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു - വിശാല മാനവ ദര്‍ശനം.
|