ഭാഷയേയും പ്രകൃതിയേയും സംരക്ഷിക്കാന്‍ യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് പ്രശസ്ത സാഹിത്യക്കാരനായ എം.ടി വാസുദേവന്‍ നായര്‍ ആഹ്വാനം ചെയ്തു. കേരള സര്‍വകലാശാല യൂണിയന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്‍റെ ആകുലതകള്‍ യുവതലമുറ അറിഞ്ഞിരിക്കണം. ആഗോളീകരണമോ, ഉദാരീകരണമോ, എന്തിന്‍റെ ഫലമായിരുന്നിട്ടാലും പ്രകൃതിയും ഭാഷയും നമുക്ക് നഷ്‌ടമായിക്കൊണ്ടിരിക്കുകയാണ്. എവിടെയൊക്കെയോ ചെറിയ ഭാഷകള്‍ പിടിച്ചു നില്‍ക്കുന്നു. മലയാളം മരിക്കില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇംഗ്ലീഷിന്‍റെ കടന്നാക്രമണത്തില്‍ പ്രാദേശിക ഭാഷകള്‍ അപ്രത്യക്ഷമാവുകയല്ല ചെയ്തത്.
തനത് ഊര്‍ജം ഉപയോഗിച്ച് പ്രാദേശിക ഭാഷകള്‍ ഇംഗ്ലീഷില്‍ നിന്ന് ആവശ്യമായത് സ്വീകരിച്ച് വളര്‍ന്നു. എങ്കിലും നമ്മുടെ ഭാഷയെ സംരക്ഷിക്കണം. ഇപ്പോള്‍ ഭാഷ വേണ്ട, ഭാഷ പഠനം വേണ്ട, ചരിത്രപഠനം വേണ്ട, മറിച്ച് സാങ്കേതികമായ പഠനം മാത്രം മതി എന്ന സ്ഥിതിയാണ്. നമ്മുടെ ഭാഷപരമായ ഭൂതകാലം മുഴുവന്‍ നഷ്‌ടമാകാന്‍ ഇതിടയാക്കും.-എം.ടി. പറഞ്ഞു.
നിഷ്‌കളങ്കത നിരസിക്കപ്പെടുന്നതാണ് സമകാലീന സമൂഹത്തിലെ ഏറ്റവും ഭയാനകരമായ ദുരന്തമെന്ന് അദ്ദേഹം വിലയിരുത്തി. ജീവിതത്തിന്‍റെ പരമമായ യാഥാര്‍ഥ്യത്തെപ്പറ്റിയുള്ള ബോധത്തോടെ ദുരന്തങ്ങളോട് പ്രതികരിക്കാന്‍ യുവതലമുറയ്ക്ക് സാധിക്കണം. പ്രകൃതിയില്‍ നിന്ന് പ്രചോദനം ലഭിച്ചാലേ കലയും സാഹിത്യവുമുണ്ടാവൂ-എം.ടി കൂട്ടിച്ചേര്‍ത്തു
|