' ആ കവിത കുട്ടികള്‍ പാടിയപ്പോള്‍' വാങ്ങിയവര്‍ക്ക് ആര്‍ക്കും തന്നെ ഒരു പൈസപോലും കമ്മീഷന്‍ കൊടുക്കേണ്ടി വന്നില്ല. പത്ത് കോപ്പി ഞാന്‍ അന്നത്തെ ഏറ്റവും വലിയ പുസ്കക കച്ചവടക്കാരായ കോഴിക്കോട്ടെ മിഠായി തെരുവിലുളള പി. കെ. ബ്രദേഴ്‌സില്‍ വില്‍പ്പനയ്ക്കു കൊടുത്തു. ഒരെണ്ണം വീട്ടിലേക്കും ഒരെണ്ണം അച്ഛന്റെ ഇല്ലത്തേക്കും അയച്ചുകൊടുക്കുകയുണ്ടായി. പുസ്കകം നന്നായില്ല എന്നും അതിലെ കവിതകള്‍ നന്നായിട്ടില്ല എന്നും എന്റെ വലിയ ഓപ്പോളും ഇല്ലത്തെ ശ്രീദേവിയും ആയിടെ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ പറയുകയുണ്ടായി.പത്തു പുസ്കകം ഞാന്‍ ഒറ്റപ്പാലത്തുളള ഒരു മുറുക്കാന്‍ പീടികയിലാണ് കൊടുത്തത്. ആ മുറുക്കാന്‍ പീടിക താല്‍ക്കാലികമായി ഉണ്ടായതായിരുന്നു, കേരള സാഹിത്യ പരിഷത്തിന്റെ ഒരു മഹാ സമ്മേളനം ഒറ്റപ്പാലത്ത് നടന്ന സ്ഥലത്ത്. അന്ന് ഇന്ത്യയിലെ വൈസ് പ്രസിഡന്റോ, പ്രസിഡന്റോ ആയിരുന്ന സര്‍. എസ്. രാധാകൃഷ്ണനായിരുന്നു സമ്മേളനത്തിന്റെ ഉദ്ഘാടകന്‍. സമ്മേളനത്തില്‍ മഹാകവി വളളത്തോള്‍ നാരായണമേനോന്‍ തൊട്ട് അന്ന് ജീവിച്ചിരുന്ന പ്രശസ്തരായ എല്ലാ കവികളും പങ്കെടുത്തിരുന്നു.ഇവരെയെല്ലാം ഒരുമിച്ച് കാണാമല്ലോ എന്ന് വിചാരിച്ചാണ് അന്ന് ഞാനും രാമനാട്ട് കര ഹൈസ്ക്കൂളില്‍ ഹെഡ്‌മാസ്റ്ററായിരുന്ന ചന്തുക്കുട്ടി മാഷും കൂടി പോയത്. സമ്മേളനം ഒരു ദിവസം ഉച്ചകഴിഞ്ഞ് രണ്ടു മണിതൊട്ട് രാത്രി വളരെ വൈകുന്നത് വരെ നീണ്ടു. അതു കഴിഞ്ഞ് എന്തെല്ലാമോ കലാപാരിപാടികളുണ്ടായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ.എല്ലാം കഴിഞ്ഞ് പിറ്റേന്ന് രാവിലെ മടങ്ങിപ്പോരുമ്പോള്‍ എന്റെ പത്തു പുസ്തകത്തില്‍ വല്ലതും വിറ്റുപോയോ എന്ന് ഞാന്‍ ആ കടക്കാരനോട് ചോദിച്ചില്ല. കാരണം ഒന്നും വിറ്റില്ല, പത്തു പുസ്തകവും മടക്കിക്കൊണ്ടുപൊയ്ക്കോളൂ എന്നദ്ദേഹം പറയേണ്ടി വന്നത് കേള്‍ക്കേണ്ടി വന്നാലോ എന്ന നാണക്കേട് അനുഭവിക്കാനുളള ധൈര്യം എനിക്കന്നുണ്ടായിരുന്നില്ല.ആ പത്തു പുസ്തകം ആ കച്ചവടക്കാരന്‍ അതിലെ ഏടുകളോരോന്നായി കീറി മുറിച്ച് കടലയോ മുറുക്കാനോ പൊതിഞ്ഞ് കൊടുക്കാനോ ഉപയോഗിച്ചിട്ടുണ്ടാവുമോ. ഉണ്ടെങ്കില്‍ അതിലെ കവിത ആ വീടുകളിലൊന്നിലെങ്കിലും ആരെങ്കിലും വായിച്ചിട്ടുണ്ടാകുമോ? അതോ, അദ്ദേഹത്തിന്റെ വീട്ടിലുളള ചെറിയ കുട്ടികള്‍ക്കും അയല്‍പ്പക്കത്തെ ചെറിയ കുട്ടികള്‍ക്കും കൊടുത്തിരിക്കുമോ? എങ്കില്‍ ഞാന്‍ ധന്യനായി. എന്റെ ഈ പുസ്തകം സ്വയം വായിച്ച് പഠിച്ചിട്ടാവാം അല്ലെങ്കില്‍ അതിലെ കവിത അധ്യാപകര്‍ വായിച്ചു കൊടുത്തിട്ടാവാം രാമനാട്ടുകരയിലെ ഒരു കുട്ടി, കോവാലന്‍ പൂവാലന്കന്നാലിവാലിന്മേലൂഞ്ഞാലാടിക്കളിക്കുന്നുഞാനെന്റെ വീട്ടിലടുക്കളേലമ്മേടെവാലിന്മേല്തൂങ്ങിക്കരയുന്നു എന്ന കവിത ഈണത്തില്‍, ഉച്ചത്തില്‍ ചൊല്ലി രസിക്കുന്നത് അവന്‍ കാണാതെ കേട്ടാനന്ദിക്കാനുളള ഭാഗ്യം എനിക്കുണ്ടായി. ഒരു കവിക്കുണ്ടാകാവുന്ന ഏറ്റവും വലിയ ആനന്ദം എനിക്ക് എന്റെ കാവ്യ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ടായി. ആ പുസ്തകത്തിലെ, അയ്യയ്യാ പാടത്ത്നെല്ല് വിളഞ്ഞ് കിടക്കുന്നുഅയ്യയ്യാ അയ്യയ്യാഎന്തൊരു ചന്തം കണ്ടില്ലേഎന്ന് തുടങ്ങുന്ന പാട്ട് കുട്ടികള്‍ ഈണത്തില്‍ ചൊല്ലി നടക്കുന്നുണ്ടെന്ന്, അത് കേട്ട രാമനാട്ടുകര സേവാ മന്ദിരത്തിലെ രാധാകൃഷ്ണമേനോന്‍ എന്നോട് പറയുകയുണ്ടായി. ഇങ്ങനെയാണ് ഞാന്‍ കുട്ടികളുടെ കവി ആയത്. |