1. മറ്റുള്ളവ
  2. »
  3. സാഹിത്യം
  4. »
  5. ലേഖനങ്ങള്‍

എന്‍.പി: സാഹിത്യത്തിലെ വേറിട്ട ശബ്ദം

എന്‍.പി: സാഹിത്യത്തിലെ വേറിട്ട ശബ്ദം
PROPRO
മലയാള സാഹിത്യത്തിലെ വേറിട്ട ശബ്ദമായിരുന്നു എന്‍.പി.മുഹമ്മദ്.ദേശത്തിന്‍റെ പുരാവൃത്തവും സുവിശേഷവും അക്ഷരത്തിലാവഹിക്കുന്നതില്‍ വിജയിച്ച കഥാകാരന്‍, നോവലിസ്റ്റ്, കോളമിസ്റ്റ്, ലേഖകന്‍...സാംസ്കാരിക ജീവിതത്തില്‍ എന്‍.പി.അതിലുമൊക്കെ ഉയരത്തിലായിരുന്നു.

1929 ജൂലൈ ഒന്നിന് കോഴിക്കോട് കുണ്ടുങ്ങലില്‍ ജനിച്ചു.2003 ജനുവരി 3നു പുലര്‍ച്ചെ അഞ്ചിനു കോഴിക്കോട്ട് അന്തരിച്ചു.

പ്രസിഡന്‍റിന്‍റെ ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ദൈവത്തിന്‍റെ കണ്ണ് (നോവല്‍) സാഹിത്യ അക്കാദമി പുരസ്കാരത്തിനും സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡിനും അര്‍ഹമായി.

മലയാളത്തിലാദ്യമായി രണ്ടു പേര്‍ ചേര്‍ന്നെഴുതിയ (എം.ടി.യോടൊപ്പം) നോവലിന്‍റെ (അറബിപ്പൊന്ന്) സഹകര്‍ത്താവായിരുന്നു എന്‍.പി.മുഹമ്മദ്. എണ്ണപ്പാടം, പിന്നെയും എണ്ണപ്പാടം, മരം ഇവ പ്രസിദ്ധ നോവലുകള്‍. അവര്‍ നാലു പേര്‍ എന്ന പേരില്‍ ഒരു ബാലസാഹിത്യ കൃതി രചിച്ചിട്ടുണ്ട്.

ഹിരണ്യകശിപു എന്ന ആക്ഷേപഹാസ്യ നോവല്‍ രചിച്ചു .സി.വി. രാമന്‍പിള്ള പുരസ്കാരം ലഭിച്ച വീരരസം സി.വി. കൃതികളില്‍, മാനുഷ്യകം, മന്ദഹാസത്തിന്‍റെ മൗനരോദനം, മദിരാശി സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയ തൊപ്പിയും തട്ടവും ഇവ വിമര്‍ശനകൃതികള്‍.

കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും 1999ലെ മൂലൂര്‍ അവാര്‍ഡും ലഭിച്ചു. സാഹിത്യത്തിനുള്ള മൊത്തം സംഭാവനയ്ക്ക് ലളീതാംബിക അന്തര്‍ജ്ജനം പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഒട്ടേറെ കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്. "മരം' യൂസഫലി കേച്ചേരി സിനിമയാക്കി.



എണ്ണപ്പാടം ഏഷ്യാനെറ്റില്‍ പി.എന്‍.മേനോന്‍ പരമ്പരയാക്കി. മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ ""ദൈവത്തിന്‍റെ കണ്ണ്''2001 ലെ മുട്ടത്തുവര്‍ക്കി അവാര്‍ഡിനര്‍ഹമായി.

എന്‍.പി, നവസാഹിതി, ഗോപുരം, ജാഗ്രത, നിരീക്ഷണം, പ്രദീപം മാസിക എന്നിവയുടെ പത്രാധിപ സമിതിയിലും പ്രവര്‍ത്തിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം, മലയാള വിഭാഗം ഉപദേശക സമിതി കണ്‍വീനര്‍, കേരള സംഗീത നാടക അക്കാദമി അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ പ്രസിഡന്‍റ് എന്ന നിലയില്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ മുഖഛായ നല്‍കിവരികയായിരുന്നു.

രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന എന്‍.പി.മൊയ്തീന്‍, എന്‍.പി.അബ്ദുള്‍ റഹിമാന്‍ (ഗള്‍ഫ്), എന്‍.പി.നാസര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ബിച്ചാത്തു (ഇംപീച്ചി പാത്തുമ്മ) യാണ് ഭാര്യ.

എന്‍.പി.നാസന്‍ (എസ്.ബി.ഐ), എന്‍.പി. ഹാഫിസ് മുഹമ്മദ് (എഴുത്തുകാരന്‍,അദ്ധ്യാപകന്‍ , പത്രപ്രവര്‍ത്തകന്‍), സക്കീര്‍ഹുസൈന്‍ , അബുഫൈസി( മനോരമ) , ജാസ്മിന്‍, ബാബുപേള്‍, സെറീന എന്നിവരാണ് മക്കള്‍.