1. വിനോദം
  2. »
  3. സിനിമ
  4. »
  5. അണിയറ
  6. പൃഥ്വിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍

Prithvi in a psycho thriller | പൃഥ്വിയുടെ സൈക്കോളജിക്കല്‍ ത്രില്ലര്‍

പൃഥ്വിരാജ്
PROPRO
പൃഥ്വിരാജ് ഒരു സൈക്കോളജിക്കല്‍ ത്രില്ലറില്‍ നായകനാകുന്നു. ബി ഉണ്ണികൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സാബു ചെറിയാന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ രചനാജോലികള്‍ ആരംഭിച്ചു. ഐജി എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഐ ജിക്ക് ശേഷം ഒരു കോമഡിച്ചിത്രം സംവിധാനം ചെയ്യാനാണ് ബി ഉണ്ണികൃഷ്ണന്‍ തീരുമാനിച്ചിരുന്നത്. ദിലീപിനെ നായകനായും തൃഷയെ നായികയായും നിശ്ചയിച്ചു. എന്നാല്‍ മലയാളത്തിലേക്കില്ലെന്ന് തൃഷ വ്യക്തമാക്കിയതും മറ്റ് ചില കാരണങ്ങളും കൊണ്ട് ആ പ്രൊജക്ട് ഉണ്ണികൃഷ്ണന്‍ മാറ്റിവച്ചിരിക്കുകയാണ്.

ഒരു സൈക്കോ ത്രില്ലറില്‍ പൃഥ്വി ആദ്യമായാണ് അഭിനയിക്കുന്നത്. പാസഞ്ചറിന്‍റെ വിജയത്തോടെ മള്‍ട്ടിപ്ലക്സ് സ്വഭാവമുള്ള ഒട്ടേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എങ്കിലും മാസിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചിത്രം തന്നെയായിരിക്കും ഇതെന്നാണ് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കുന്നത്.

ഈ സിനിമയ്ക്കു മുമ്പ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രവും ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നുണ്ട്. രഞ്ജിത് നിര്‍മ്മിക്കുന്ന ‘കേരളാ കഫേ’ എന്ന സിനിമയിലെ പത്ത് ഹ്രസ്വചിത്രങ്ങളില്‍ ഒന്നായിരിക്കും അത്. ഇതില്‍ സിദ്ദിഖാണ് നായകനായി അഭിനയിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു അണുകുടുംബം നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഉണ്ണികൃഷ്ണന്‍റെ ‘അന്നും മഴയായിരുന്നു’ എന്ന ടെലിസിനിമയിലും സിദ്ദിഖായിരുന്നു നായകന്‍.