ഓം ശാന്തി ഓം, തികഞ്ഞ മസാല
ബോളിവുഡ് ഏറെകാത്തിരുന്ന ഷാരൂഖ്-ഫര ഖാന്‍ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. ദീപിക പദുക്കോണിന്‍റെ രംഗപ്രവേശം ഈ ബോളിവുഡ് ചിത്ര സംഗീത മഴയില്‍ ഓര്‍മ്മിക്കപ്പെടും.ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് ഇത് ‘കര്‍സ്’, ‘കുദ്രത്ത്’, ‘കരണ്‍ അര്‍ജ്ജുന്‍’ തുടങ്ങിയ ചിത്രങ്ങളുടെ പകര്‍പ്പാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് നിരാശപ്പെടുത്താത്ത ഒരു ബോളിവുഡ് ചിത്രമാണെന്നും ഒപ്പം പ്രേക്ഷകരെ ബോളിവുഡിന്‍റെ സുവര്‍ണ കാലമായ 1970 കളുടെ ഗൃഹാതുര സ്മരണകളില്‍ എത്തിക്കുമെന്നും ഫര തെളിയിച്ചു.സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, ധര്‍മ്മേന്ദ്ര, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, മിഥുന്‍ ചക്രവര്‍ത്തി, ഹൃതിക് റോഷന്‍ ലാറ ദത്ത, വിദ്യാ ബാലന്‍, ജൂഹി ചാവ്‌ല, പ്രീതി സിന്‍റ, റാണി മുഖര്‍ജി, സുഭാഷ് ഗായ്, കരന്‍ ജോഹര്‍, ഗോവിന്ദ തുടങ്ങി 37 പേരാണ് ഈ ചിത്രത്തില്‍ പ്രത്യേക വേഷങ്ങളില്‍ എത്തുന്നത്. ബോളിവുഡ് താരങ്ങളും പിന്നണി പ്രവര്‍ത്തകരും സ്വന്തം പേരുകളില്‍ തന്നെയാണ് ഈ ചിത്രത്തില്‍ മുഖം കാണിക്കുന്നത്.
മസില്‍മാനായി മാറിയ ഷാരൂഖ് ഒരു എക്സ്ട്രാ നടന്‍റെ വേഷത്തിലാണ് എത്തുന്നത്-ഓം പ്രകാശ് മഖിജ. ഓം സ്വപ്നം കാണുന്നതില്‍ ഒട്ടും പിന്നോട്ടല്ല. നായകനായി അഭിനയിക്കുകയാണ് ഓമിന്‍റെ വലിയ സ്വപ്നം! മിക്ക സമയവും സുഹൃത്തായ പപ്പു(ശ്രേയസ് താല്‍പ്പഡേ)വിനൊപ്പം കറങ്ങി നടക്കുകയാണ് ഓമിന്‍റെ പരിപാടി. ഇതോടൊപ്പം വീടിനടുത്ത് സ്ഥാപിച്ചിരിക്കുന്ന തന്‍റെ ആരാധനാ മൂര്‍ത്തിയായ നായിക, ശാന്തി(ദീപിക പദുക്കോണ്‍)യുടെ ചിത്രം കണ്ട് ആസ്വദിക്കുന്നതും ഓമിന്‍റെ ദൈനംദിനപരിപാടിയുടെ ഭാഗമാണ്!
ഓമിന്‍റെയും ശാന്തിയുടെ കഥയാണ് ഓം ശാന്തി ഓം. നായകനാവുമെന്ന് സ്വപ്നം കണ്ട് നടന്ന ഓമിന് ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ കഴിയുന്നു. തന്‍റെ സ്വപ്ന സുന്ദരിയായ നായിക ശാന്തിയെ ഒരു സെറ്റില്‍ വച്ച് പടര്‍ന്ന് പിടിച്ച തീയില്‍ നിന്ന് രക്ഷപെടുത്തിയതാണ് ഓമിന് സ്വപ്ന സാക്ഷാത്കാരമാവുന്നത്.പക്ഷേ, ഓമിനും ശാന്തിക്കും ഇടയില്‍ ഭീകര സിനിമകള്‍ നിര്‍മ്മിക്കുന്ന മുകേഷ് (അര്‍ജുന്‍ റമ്പാല്‍) എത്തുന്നത് കഥയില്‍ വഴിത്തിരിവ് ഉണ്ടാക്കുന്നു. അമാനുഷികത, കോമഡി, ഡ്രാമ, ആക്ഷന്‍ എല്ലാമെല്ലാം ആവശ്യമായ അളവില്‍ ഓം ശാന്തി ഓമില്‍ ചേര്‍ത്തിരിക്കുന്നു. ഇവിടെയും ഷാരൂഖ് കിംഗ് ഖാന്‍ ആണെന്ന് വിണ്ടും തെളിച്ചു കൊണ്ടാണ് അഭിനയിച്ചിരിക്കുന്നത്. ബോളിവുഡിന് മറ്റൊരു സൌന്ദര്യ വാഗ്ദാനമാണ് ദീപിക പദുക്കോണ്‍.
പ്രേക്ഷകരെ 1970 കളിലെ മോഹിപ്പിക്കുന്ന ബോളിവുഡ് കാട്ടിക്കൊടുത്തതില്‍ കലാ സംവിധായകന്‍ സാബു സിറിളിന്‍റെ പങ്ക് വലുതാണ്. ജാവേദ് അക്തര്‍, വിശാല്‍, കുമാര്‍ എന്നിവരുടെ വരികള്‍ക്ക് ശേഖറും വിശാലും ചേന്നൊരുക്കിയ സംഗീതം അതിമനോഹരമാണ്. ശരിക്കും സംഗീത മഴ തന്നെയാണ് ഈ ചിത്രത്തില്‍ പെയ്യുന്നത്. ബോളിവുഡിന്‍റെ സാധാരണ വഴികളില്‍ നിന്ന് വിട്ട് പുതിയൊരു ചിത്ര വിസ്മയമാണ് ഫര ഒരുക്കിയിരിക്കുന്നത്. ഷാരൂഖിന്‍റെ പത്നി ഗൌരി ഖാനാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. റെഡ് ചില്ലീസിന്‍റെ ബാനറിലാണ് ഓം ശാന്തി ഓം തിയേറ്ററുകളില്‍ എത്തുന്നത്.