1. വിനോദം
  2. »
  3. സിനിമ
  4. »
  5. മുഖാമുഖം
  6. ഇനി മുന്‍‌ഗണന ഹിന്ദിക്ക്: സിദ്ദിഖ്

Bodyguard has universal appeal: Siddique | ഇനി മുന്‍‌ഗണന ഹിന്ദിക്ക്: സിദ്ദിഖ്

സിദ്ദിഖ്
IFM
സിദ്ദിഖ് വിജയം സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച മഹാവിജയചിത്രങ്ങള്‍ സിദ്ദിഖ് സംവിധാനം ചെയ്തിട്ടുണ്ട്. തമിഴകത്ത് മെഗാഹിറ്റുകള്‍ തീര്‍ത്തിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നുമില്ലാത്ത ഒരു ആരവം ഇപ്പോള്‍ സിദ്ദിഖിനെ പൊതിയുകയാണ്. ഇന്ത്യന്‍ സിനിമയുടെ ‘തല’യായ ബോളിവുഡില്‍ അതിഗംഭീരമായ ഒരു വിജയം സിദ്ദിഖ് സൃഷ്ടിച്ചിരിക്കുന്നു. വെറും പത്തുദിവസങ്ങള്‍ക്കുള്ളില്‍ നൂറുകോടിയിലധികം രൂപ വാരിക്കൂട്ടിയ ‘ബോഡിഗാര്‍ഡ്’. സല്‍മാന്‍ ഖാനും കരീന കപൂറും ആടിത്തിമിര്‍ത്ത ബോഡിഗാര്‍ഡ് ഓരോദിനം പിന്നിടുമ്പോഴും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

ഈ വിജയം കൂടുതല്‍ വിനയാന്വിതനാക്കുന്നു എങ്കിലും സിദ്ദിഖ് പറയുകയാണ് - ഇനി സജീവമാകുന്നത് ബോളിവുഡിലായിരിക്കും. മലയാളത്തില്‍ ഇനി സന്ദര്‍ശനം ഇടയ്ക്കിടെ മാത്രം. ഹിന്ദി സിനിമയുടെ ഇടവേളകളില്‍ മാത്രം. “ബോഡിഗാര്‍ഡിന്റെ വിജയത്തേക്കാള്‍ വലിയ വിജയങ്ങള്‍ ഞാന്‍ ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ, അന്നൊന്നും ഇത്ര കോലാഹലങ്ങള്‍ ഉണ്ടായില്ല. മറ്റെവിടെയെങ്കിലും പോയി അംഗീകരിക്കപ്പെടുമ്പോഴാണ് മലയാളി ഒരാളെ അംഗീകരിക്കുന്നത്. ഞാനുള്‍പ്പെടെയുള്ളവരുടെ സ്വഭാവമാണത്. നമ്മളെ അംഗീകരിക്കുന്നയിടമായതുകൊണ്ട് ഹിന്ദിക്ക് മുന്‍ഗണന കൊടുക്കാനാണ് തീരുമാനം. ഇടയ്ക്കിടയ്ക്ക് മലയാളവും” - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നു.

ഹിന്ദി സിനിമാലോകം അപരിചിതമായ ഒരിടം തന്നെയായിരുന്നു സിദ്ദിഖിന്. സിദ്ദിഖ് സംവിധാനം ചെയ്ത പല ചിത്രങ്ങളും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയും വലിയ ഹിറ്റുകള്‍ ആയിത്തീരുകയും ചെയ്തിട്ടുണ്ടെങ്കിലും ഹിന്ദിയില്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള അവസരം വന്നപ്പോള്‍ സിദ്ദിഖ് ധൈര്യപൂര്‍വം തന്നെ അതിനെ നേരിട്ടു.

“ബോഡിഗാര്‍ഡിന്‍റെ ചര്‍ച്ച നടക്കുമ്പോള്‍ത്തന്നെ എല്ലാ രാത്രികളിലും ഹോംവര്‍ക്കായി ഞാന്‍ ഒരുപാട് ഹിന്ദി സിനിമകള്‍ കണ്ടു. നമ്മളാണ് ശരി എന്ന് ധരിച്ച് അവിടേക്ക് ചെല്ലരുത്. അത് അവരുടെ ലോകമാണ്. അവരുടേതായ ശരികളും ഉണ്ടാകും. അവിടെ അവരുടേതായ രീതിയില്‍ ചിന്തിക്കാനും നമുക്ക് കഴിയണം. പിന്നെ ലോകത്ത് എല്ലായിടത്തും വികാരങ്ങള്‍ ഒരുപോലെയാണ്. നമ്മള്‍ ചിരിക്കുന്നതുപോലെയും കരയുന്നതുപോലെയുമാണ് മുംബൈയിലുള്ളവരും ചിരിക്കുന്നതും കരയുന്നതും. വ്യത്യാസമുള്ളത് വിഷ്വലുകളില്‍ മാത്രമാണ്. ചെറുതാക്കി എടുത്തുകളയരുതെന്ന് മാത്രമായിരുന്നു ഹിന്ദിയിലെ നിര്‍മാതാക്കളുടെ ആവശ്യം. ലോകനിലവാരത്തിലാണ് അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതിനുവേണ്ടി എത്ര പണം മുടക്കാനും അവര്‍ തയ്യാറായിരുന്നു” - സിദ്ദിഖ് പറയുന്നു.

അടുത്ത പേജില്‍ - ലാലുമായി പിരിയാനുണ്ടായ കാരണം സിദ്ദിഖ് പറയുന്നു!
PRO
തനിക്ക് ഒരുപാട് ശത്രുക്കളുള്ള കാര്യം തമിഴ്നടന്‍ വിജയ് പോലും പറഞ്ഞിട്ടുള്ളത് സിദ്ദിഖ് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഓര്‍മ്മിക്കുന്നു. ബോഡിഗാര്‍ഡിന്‍റെ തമിഴ് പതിപ്പായ കാവലനില്‍ വിജയ് ആയിരുന്നു നായകന്‍. “കാവലനില്‍ അഭിനയിക്കരുതെന്നാവശ്യപ്പെട്ട് പലരും വിജയിനെ വിളിച്ചു. ശത്രുക്കള്‍ ആരായിരുന്നെന്ന് എനിക്കറിയില്ല. ആ സമയത്ത് വിജയ് എന്നോട് ചോദിച്ചു: 'സര്‍, നിങ്ങള്‍ക്ക് ഇത്രയും ശത്രുക്കളോ..?'. എന്നാല്‍ എന്റെ വിശ്വാസം മുഴുവന്‍ ഈ കഥയിലായിരുന്നു. 'കാവല'ന്റെ വിജയമാണ് സല്‍മാന്‍ഖാനെ ആകര്‍ഷിച്ചത്. വിജയിനെ വിളിച്ചവര്‍ സല്‍മാനേയും വിളിക്കാന്‍ ശ്രമിച്ചിരിക്കണം. പക്ഷേ അവിടെ സല്‍മാന് ഇഷ്ടപ്പെട്ട ഒന്നിനെപ്പറ്റി ആരും എതിരഭിപ്രായം പറയില്ല.” - സിദ്ദിഖ് വ്യക്തമാക്കി.

താനും ലാലും പിരിയാനുണ്ടായ കാരണത്തേക്കുറിച്ചുള്ള സൂചനകളും ഈ അഭിമുഖത്തില്‍ സിദ്ദിഖ് നല്‍കുന്നു. “ 'ആര്.. ആര്..?' എന്ന് ചോദിക്കുന്നവരോടെല്ലാം 'ഞങ്ങള്‍.. ഞങ്ങള്‍...' എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്. അത് എപ്പോഴോ 'ഞാന്‍.. ഞാന്‍...' എന്നായി മാറി. അത് വളര്‍ന്നാല്‍ വഴക്കാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പിന്നെ നാളുകളായി പുകഞ്ഞിരുന്ന കുറേ ചെറിയ ചെറിയ പ്രശ്‌നങ്ങള്‍. അവ പൊട്ടിത്തെറിക്കുന്നതിനുമുമ്പേ ഞങ്ങള്‍ സ്വയം സ്‌ഫോടനം സൃഷ്ടിക്കുകയായിരുന്നു. ഇപ്പോഴും ലാല്‍ ഇടയ്‌ക്കൊക്കെ വിളിക്കാറുണ്ട്.” - സിദ്ദിഖ് പറയുന്നു.
About Writer
WEBDUNIA