കുട്ടനാടിന്‍റെ താളവുമായി അരവിന്ദന്‍റെ ‘തമ്പി’ലൂടെ അരങ്ങേറ്റം കുറിച്ച നെടുമുടിയെ ശരിക്കും വിനിയോഗിച്ചത് ഭരതനും പത്മരാജനും ആയിരുന്നു. അര്‍ഹമായ അംഗീകാരങ്ങള്‍ പലപ്പോഴും നെടുമുടി വേണുവിനെ അവഗണിച്ചിട്ടുണ്ടെങ്കിലും നെടുമുടി വേണുവിന്‍റെ കഴിവില്‍ സിനിമാലോകത്തിനു സംശയമില്ല.
‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ തമ്പുരാന് ദേശിയതലത്തില്‍ മികച്ച സഹനടനുള്ള പുരസ്കാരവും ‘മാര്‍ഗ്ഗ’ത്തിലൂടെ പ്രത്യേക ജൂറി പരാമര്‍ശവും നേടി. സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്കാരം ‘മാര്‍ഗ്ഗം’, ‘മിന്നാമിനുമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം’ എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ നേടി.
‘സൈറ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ വിദേശത്തും വേണു പ്രസിദ്ധനായി. സിംബാവെ ഫിലിം ഫെസ്റ്റിവലില്‍ നെടുമുടി വേണുവിന് മികച്ച നടനുളള പുരസ്കാരം ലഭിച്ചത് മലയാളികള്‍ അധികം ശ്രദ്ധിച്ചുകാണില്ല.
ചോദ്യം: പുതിയ സിനിമകളെ എങ്ങനെ കാണുന്നു?
ഉത്തരം: ഇന്ന് സിനിമയുടെ എല്ലാ രംഗങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്. അഭിനയരീതി പോലും മാറി മറിയുന്നു. സംഗീതം, സാങ്കേതികത, എല്ലാം മാറിയിട്ടുണ്ട്. എന്നാലിത് സിനിമയില്‍ മാത്രം സംഭവിക്കുന്നതല്ല, സമൂഹവും മാറുകയാണ്. ആ മാറ്റമാണ് സിനിമയിലും കാണുന്നത്. ഈ മാറ്റം നല്ലതോ ചീത്തയോ ആയാലും ശുഭാപ്തി വിശ്വാസിയാണ് ഞാന്‍.
ചോദ്യം:നടന്‍ എന്ന നിലയില്‍ സംതൃപ്തനാണോ?
ഉത്തരം: ‘തമ്പ്’ 1978ലായിരുന്നു, പിന്നീടിങ്ങോട്ട് ധാരാളം വേഷങ്ങള്‍. എല്ലാ തരത്തിലും ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനായി, മുഖ്യധാര സിനിമയുടേയും ഭാഗമായി, പുരസ്കാരങ്ങള്‍ കിട്ടി, ധാരാളം യാത്രചെയ്തു. ഒരു പാട് പേരെ പരിചയപ്പെട്ടു. അങ്ങനെ നോക്കിയാല്‍ ഞാന്‍ ഒരു പരിധിവരെ സന്തുഷ്ടനാണ്.
ചോദ്യം: വേഷത്തോടൂള്ള താല്പര്യം എങ്ങനെയാണ്?
ഉത്തരം: പുതിയ പുതിയ കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരിക എപ്പോഴും വെല്ലുവിളിയായിരിക്കും. സമാനതകളുള്ള കഥാപാത്രമാണെങ്കിലും ഒന്നില്‍ നിന്ന് വ്യത്യസ്ഥമായിരിക്കണം മറ്റൊന്ന്. പുതിയ അനുഭം തരുന്ന കഥാപാത്രത്തെയാണ് ഞാന്‍ തേടികൊണ്ടിരിക്കുന്നത്. കഴിയുന്നിടത്തോളം പുതിയ വേഷങ്ങള്‍ അവതരിപ്പിക്കുകയാണ് സംതൃപ്തി.
ചോദ്യം: ഓര്‍മ്മയില്‍ തങ്ങുന്ന കഥാപാത്രങ്ങള്‍?
ഉത്തരം: അത് പ്രയാസമുള്ള കാര്യമാണ്. മനസില്‍ തട്ടി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ഒരു പാട് ഉണ്ട്, അവയെ എടുത്ത് പറയേണ്ടി വരുമ്പോള്‍... പെട്ടെന്ന് മനസിലേക്ക് വരുന്നത്.. ‘തകര’യിലെ ചെല്ലപ്പനാശാരി, ‘രചന’യിലെ അച്ചുതനുണ്ണി, ‘മര്‍മ്മരം’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘തേന്മാവിന്‍ കൊമ്പത്ത്’, ‘രാജശില്‍പി’, ‘അച്ചുവേട്ടന്‍റെ വീട്’,‘ ഭരതം’,‘ തന്‍മാത്ര’, ‘തനിയെ’.. ഇതെല്ലാമാണ് മനസില്‍ പെട്ടെന്ന് വരുന്നത്. തെരഞ്ഞെടുപ്പ് ദുഷ്കരമാണ്.
ചോദ്യം:സിനിമ പത്രപ്രവര്‍ത്തനകനായി ഈ രംഗത്ത് വന്നു, അഭിനേതാവായി, കഥാകൃത്തായി, തിരക്കഥാകൃത്തായി, സംവിധായകനായി ഒരു സിനിമ, ഇനിയും സംവിധാനം പരീക്ഷിക്കുമോ?
ഉത്തരം:അഭിനയം പോലെയുള്ള കാര്യമല്ല സംവിധാനം, വളരെ കൂടുതല്‍ സമയം ചെലവഴിക്കേണ്ട ഏര്‍പ്പാടാണത്. ധാരാളം സമയവും ശ്രദ്ധയും വേണം, ഇനിയൊരു സിനിമകൂടി ചെയ്യണമെങ്കില്‍ ഒരു പാട് സമയം വേണ്ടി വരും. എന്നാല്‍ സിനിമ ചെയ്യണമെന്നുണ്ട്.