ഓണം മലയാളികളുടേതല്ലേ?

വെള്ളി, 11 ഓഗസ്റ്റ് 2017 (17:52 IST)

Onam special, Onam Celebration, Onam Cookery, Onam News, Onam Food, Celebrity Onam, Onam Culture, Onam Pookkalam, ഓണം സ്പെഷ്യല്‍, ഓണാഘോഷം, ഓണസദ്യ, ഓണവാര്‍ത്ത, ഓണച്ചമയം, ഓണപ്പൂക്കളം, പ്രശസ്തരുടെ ഓണം, ഓണവിശേഷം, പ്രവാസി ഓണം

ഓണം ഇന്ന് മലയാളികളുടെ ദേശീയോത്സവമാണ്. എന്നാല്‍ ഓണം മലയാളികളുടെ സ്വന്തമാണോ? അല്ല എന്നാണ് ചരിത്രപരമായ തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഐതീഹ്യങ്ങളുടെയും പുരാണങ്ങളുടെയും ചുവടുപിടിച്ചു പോയാലും ഏതാണ്ട് ഇതേ നിഗമനത്തില്‍ എത്താം. 
 
ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എന്‍ വി കൃഷ്ണവാരിയര്‍ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയില്‍ നിന്നാണത്രെ ഓണാചാരങ്ങള്‍ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. 
 
അസിറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങള്‍ ഇന്ത്യയിലേക്ക് സംക്രമിച്ചത്. 
 
അസിറിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയവരാണ് അസുരന്‍‌മാര്‍. അസറിയ, അസുര എന്നീ വാക്കുകളുടെ സാമ്യം നോക്കുക. സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍ വി തെളിവായി സൂചിപ്പിക്കുന്നുണ്ട്. 
 
അസുരന്മാരായ അസറിയക്കാരാണ് ദ്രാവിഡന്മാരായി മാറിയത്. ചരിത്രത്തിലെ ആര്യ- ദ്രാവിഡ സംഘര്‍ഷം ആണ് പുരാണത്തിലേയും ഐതിഹ്യ ങ്ങളിലേയും ദേവാസുര യുദ്ധമായി ചിത്രീകരിച്ചത് എന്നു വേണം അനുമാനിക്കാന്‍.
 
ഈ നിഗമനം വച്ച് നോക്കുമ്പോള്‍ ആര്യദ്രാവിഡ സംഘട്ടനങ്ങളാണ് ദേവാസുര യുദ്ധങ്ങളായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടതെന്ന് അനുമാനിയ്ക്കാം. ഓണക്കഥയിലും അങ്ങനെതന്നെ. 
 
ആര്യന്മാര്‍ ദ്രാവിഡരെ ആക്രമിച്ച് കീഴ്പ്പെടുത്തിയതാണ് ഓണാഘോഷവുമായി ബന്ധപ്പെട്ട കഥയായി പുരാണങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് .
 
അസിറിയയില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ മധ്യ ഇന്ത്യയും - ഭൂമിയും, പിന്നീട് ഉത്തരേന്ത്യയും - സ്വര്‍ഗവും, തെക്കേ ഇന്ത്യയും - പാതാളവും - ആക്രമിച്ച് കീഴടക്കി ഭരിച്ചു. ഇന്ത്യ അവരുടെ നാടായി മാറി 
 
ആദിമദ്രാവിഡര്‍ വന്നുകയറിയ ആര്യന്‍മാര്‍ക്കെതിരെ യുദ്ധം ചെയ്തത് സ്വാഭാവികം. പക്ഷെ ക്രമേണ ആര്യന്മാര്‍ ശക്തന്മാരായി. ദ്രാവിഡ രാജാവിനെ തോല്‍പ്പിച്ച് തെക്കോട്ട് ഓടിച്ചു വിട്ടു. 
 
മൂന്നടി കൊണ്ട് സ്വര്‍ഗവും ഭൂമിയും പാതാളവും വാമനന്‍ സ്വന്തമാക്കിയത് ആര്യന്മാരുടെ അധിനിവേശത്തെ സൂചിപ്പിക്കുന്നു. ദ്രാവിഡ രാജാവ് (അസുരരാജാവ്) അഭയം പ്രാപിച്ച പാതാളം കേരളമാണെന്ന് ചിലര്‍ കരുതുന്നു. 
 
വാമനന്‍ വിഷ്ണുവിന്‍റെ അഞ്ചാമത്തെ അവതാരമാണ്. ഇന്നു കാണുന്ന കേരളം എന്നൊരു പ്രദേശം അന്നു ഉണ്ടായിരുന്നിരിക്കില്ല. കാരണം, ആറാമത്തെ അവതാരമായ പരശുരാമനാണല്ലോ കേരളം മഴുവെറിഞ്ഞ് കടലില്‍ നിന്ന് വീണ്ടെടുത്തത്.
 
വാമനനായ ആര്യ നായകന്‍, ദ്രാവിഡ രാജാവായ ബലിയെ തോല്‍പിച്ച്, ഇന്ന് കേരളം ഉള്ളയിടത്ത് അന്നുണ്ടായിരുന്ന പാതാളക്കടലിലേക്ക് താഴ്ത്തിയിരിക്കണം.
 
കേരളം പാതാളം ?
 
മഹാബലി കേരളം ഭരിച്ചു എന്നാണല്ലോ ഐതിഹ്യ കഥ. കേരളമായിരുന്നു പാതാളമെങ്കില്‍ മാവേലി ഭരിച്ച നാടേതായിരുന്നു? മാവേലി ഇന്ത്യ - പ്രത്യേകിച്ച് മധ്യ - തെക്കന്‍ ഇന്ത്യ - ഭരിച്ചിരുന്നു എന്നുവേണം അനുമാനിക്കാന്‍.
 
വാമനന്‍ വേഷ പ്രച്ഛന്നനായി വരുമ്പോള്‍ മഹാബലി ഇന്നത്തെ ഗുജറാത്തും മധ്യപ്രദേശും മറ്റും ഉള്‍പ്പെടുന്ന നര്‍മ്മദാ നദീതീരത്ത് യജ്ഞം നടത്തുകയായിരുന്നു എന്ന് ഓര്‍ക്കുക.
 
തമിഴ്നാട്ടില്‍ മഹാബലിപുരം എന്ന പേരില്‍ ഒരു നാടുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളില്‍ മഹാബലിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിന്‍റെ സൂചനകളാണ്. 
 
പണ്ടു കാലത്ത് തെക്കേ ഇന്ത്യ മുഴുവനും ഓണം ആഘോഷിച്ചിരുന്നു. പൂക്കളവും പൊങ്കാലയും മറ്റും ആദിമദ്രാവിഡ സംസ്കാരത്തിന്‍റെ ഭാഗമാണ്. 
 
ഓണം ക്ഷേത്രോത്സവം?
 
തമിഴ്നാട്ടില്‍ മധുരയില്‍ വാമനന്‍റെ ഓര്‍മ്മയ്ക്കായി ഏഴ് ദിവസത്തെ ആഘോഷം നടത്തിയിരുന്നു. അതിന് ഇന്നത്തെ ഓണാചാരങ്ങളുമായി വളരെ സാമ്യമുണ്ടായിരുന്നു. ശ്രാവണ പൗര്‍ണമി നാളിലായിരുന്നു ആഘോഷമെന്ന് മാത്രം. 
 
ഓണത്തല്ലിന്‍റെ പേരില്‍ ചേരിപ്പോര്‍ എന്നൊരു ആചാരവും മധുരയില്‍ ഉണ്ടായിരുന്നുവെന്ന് മാകുടി മരുതനാര്‍ എഴുതിയ മധുരൈ കാഞ്ചി എന്ന കാവ്യത്തില്‍ പരാമര്‍ശിക്കുന്നു.
 
ഓണം തമിഴ്നാട്ടിലും കേരളത്തിലും ക്ഷേത്രാചാരമായിരുന്നു. തൃക്കാക്കരയില്‍ മുമ്പ് 28 ദിവസത്തെ ഉത്സവമായിരുന്നു. കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ആഘോഷമുണ്ടായിരുന്നു. 
 
ഇത് പിന്നീട് ഇല്ലാതെയായി. കേരളത്തിലിത് പത്തു ദിവസത്തെ ഉത്സവമായി ചുരുങ്ങി. എങ്കിലും കര്‍ക്കിടകത്തിലെ ഓണം കുട്ടികളുടെ ഓണമായി പിള്ളേരോണമായി ആഘോഷിക്കാറുണ്ട്.
 
തിരുപ്പതി വാമനക്ഷേത്രം?
 
കേരളത്തിലെ തൃക്കാക്കര ക്ഷേത്രമെന്നപോലെ, ആന്ധ്രയിലെ തിരുപ്പതിയും വാമന ക്ഷേത്രമാണെന്നൊരു പക്ഷമുണ്ട്. തിരുപ്പതി, തൃക്കാല്‍ക്കര എന്നീ വാക്കുകളില്‍ പരാമര്‍ശിക്കുന്ന കാല്‍ വാമനന്‍റെ കാല്‍ ആവാനേ തരമുള്ളൂ. 
 
ഓണത്തിന്‍റെ വേരുകള്‍ പ്രാചീന അസിറിയയില്‍ ആയിരുന്നാലും, ഓണം തെക്കേ ഇന്ത്യയുടെ പൊതുവായ ആഘോഷമായിരുന്നാലും ശരി ഇന്ന് ഓണം കേരളീയരുടെ സ്വന്തമാണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. 
 
ക്ഷേത്രങ്ങളില്‍ നിന്ന് വീട്ടുമുറ്റങ്ങളില്‍ ഓണത്തെ കൊണ്ടു വന്ന മലയാളികള്‍ ഇന്നതിനെ തെരുവിലേക്കിറക്കി വിടുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഓണച്ചമയം

news

ഐതിഹ്യങ്ങളുടെ കലവറയായ ‘ഓണം’ - ഒരു തിരിഞ്ഞുനോട്ടം

മലയാളികളുടെ ദേശീയോത്സവമാണ് ഓണം‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ...

news

ഓണത്തിന് പുലിയിറങ്ങും, പിന്നെ അടിച്ചുപൊളിക്കാം!

ഓണം കളികളില്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നവയില്‍ ഒന്നാണ് ...

news

ഓണസദ്യ വിളമ്പുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ !

ഓണസദ്യ വിളമ്പുന്നതിന് ചില രീതികളുണ്ട്. രീതികള്‍ തെറ്റിക്കാതെ ഐശ്വര്യത്തോടെയാണ് ഓണസദ്യ ...

news

ഓണം ഒരോര്‍മ്മപ്പെടുത്തലാണ് !

മാലോകരെല്ലാം ഒന്നു പോലെ ജീവിച്ചിരുന്ന ഭൂതകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ഓണം. ...